എക്സൈസിന് പിന്നാലെ ഷാഡോ പൊലീസും ഇറങ്ങി! ഈ താരങ്ങളുടെ പിന്നാലെ പൊലീസ്...

സിനിമാക്കാർ തന്നെ സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറയാൻ തുടങ്ങിയത് അടുത്തിടെയാണ്. അവർക്കിടയിൽ നിന്നുതന്നെ പരസ്യമായി എതിർപ്പിന്റെ ശബ്ദങ്ങൾ ഉയർന്നതോടെ സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാൻ എക്സൈസിന് പിന്നാലെ ഷാഡോ പൊലീസും രംഗത്തിറങ്ങുകയാണ്. സിനിമാ സംഘടനകളുടെയും താരങ്ങളുടെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടകള്‍ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും വീണ്ടും ഉയർന്നത്.
ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമ താരങ്ങളെയെല്ലാം പൊലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ പറയുന്നത്. ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകുന്നത്.
ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. ടിനി ടോം മകന്റെ കാര്യം പറഞ്ഞത് സങ്കടകരമാണ്. കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് സേതുരാമൻ അടുത്തിടെ അറിയിച്ചിരുന്നു. സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ ഫിലിം ചേംബർ സ്വാഗതം ചെയ്തിരുന്നു. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി. ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മകനെ സിനിമയിൽ അഭിനയിക്കാൻ വിടാത്തത് ലഹരി ഉപയോഗിച്ചേക്കുമെന്ന ഭയം കൊണ്ടാണെന്നും സ്ഥിരം ലഹരി ഉപയോഗിക്കുന്ന ഒരു നടന്റെ പല്ലുകൾ ദ്രവിച്ചുതുടങ്ങിയെന്നുമുള്ള നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലിന് വ്യാപകശ്രദ്ധ ലഭിച്ചിരുന്നു. ലഹരി ഉപയോഗത്തെ തുറന്നെതിർക്കുന്നവരെ വിമർശിക്കാനും പരിഹസിക്കാനുമുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ തുടരുന്നു.
സംഘടനകൾ ലഹരി ഉപയോഗത്തെ വിമർശിക്കുകയും ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നെങ്കിലും പരാതി നല്‌കാൻ തയ്യാറായിട്ടില്ല. പരാതി ഇല്ലാതെതന്നെ ലഹരിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ പൊലീസിന് അന്വേഷിക്കാതിരിക്കാനാവില്ല.
പുതിയ കാലത്ത് രാസലഹരിയുടെ ഉപയോഗം വ്യാപകമായതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. പൊലീസ് ഇടപെടൽ കൊണ്ടുമാത്രം പ്രതിരോധിക്കാൻ കഴിയുന്നതല്ല ഈ വിപത്ത്. ഇത്തരം ഇടപെടലുകളെ കൂടുതൽ പണം പിരിക്കാനുളള മാർഗമായിപ്പോലും പൊലീസിലെ ചിലർ ഉപയോഗിച്ചേക്കാം. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.
https://www.facebook.com/Malayalivartha