താര കുടുംബത്തില്‍ നിന്ന് ഒരു തിരക്കഥാകൃത്ത് കൂടെ...

ശ്രീനിവാസന്റെ കുടുംബത്തില്‍ നിന്ന് ഒരു തിരക്കഥാകൃത്ത് കൂടി മലയാള സിനിമയിലെത്തി. ശ്രീനിവാസനും അളിയന്‍ എം. മോഹനനും മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പിന്നാലെയാണിത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിന് വിനീത് ശ്രീനിവാസന്റെ വലിയമ്മയുടെ മകനായ രാകേഷാണ് തിരക്കഥയെഴുതിയത്. ചിത്രം സാമ്പത്തികമായി വിജയവുമായി. വിനീത് ശ്രീനിവാസനായിരുന്നു രാകേഷിന്റെ ബാല്യകാല സുഹൃത്ത്. വിനീത് ചെന്നൈയില്‍ പോകുന്നത് വരെ ഇരുവരും സിനിമാ ചര്‍ച്ചകളില്‍ സജീവമായിരുന്നു. പിന്നീട് രാകേഷിന് ജോലി കിട്ടിയത് ചെന്നൈയിലായിരുന്നു. അങ്ങനെ ആ ബന്ധം മുറിഞ്ഞില്ല.
അതേസമയം ശ്രീനിവാസനുമായി സിനിമയെക്കുറിച്ചോ കഥയെ കുറിച്ചോ സംസാരിക്കാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്ന് രാകേഷ് വ്യക്തമാക്കി. മികച്ചൊരു കഥയുമായി അദ്ദേഹത്തെ സമീപിക്കാനാകൂ. ശ്രീനിവാസന്‍ ഗോദ കണ്ടോ എന്നറിയില്ല. പൊതുവേ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്ന ആളല്ല ശ്രീനിവാസന്‍. സിനിമ ഇഷ്ടപ്പെടും എന്ന വിശ്വാസത്തിലാണ് രാകേഷ്. വിനീത് ശ്രീനിവാസന് വേണ്ടി തിരക്കഥ എഴുതുമോ എന്ന് ചോദിച്ചു, വിനീത് ഇപ്പോള്‍ തന്നെ മൂന്നാല് ചിത്രങ്ങള്‍ കരാറായിട്ടുണ്ടെന്നും അതിന് ശേഷം വിനീതിന് ഇഷ്ടമുള്ള സബ്ജക്ട് വന്നാല്‍ ആലോചിക്കുമെന്നും രാകേഷ് പറഞ്ഞു.
ജേക്കബിന്റെ സ്വര്‍ഗരാജ്യം നിര്‍മിച്ച നോബിളിന്റെ പ്രോജക്ടാണ് രാകേഷ് അടുത്തതായി ചെയ്യുന്നത്. അതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതേയുള്ളൂ. എം. മോഹനന്‍ അമ്മാവനാണ്, വിനീത് കസിനാണ് എന്നൊക്കെ പറഞ്ഞ് സിനിമയില്‍ നിലനില്‍ക്കാനാവില്ലെന്ന ഉത്തമവിശ്വാസം രാകേഷിനുണ്ട്. അതുകൊണ്ട് തിരക്കഥകള്‍ മികച്ചതാക്കുക, നല്ല വിഷയങ്ങള്‍ കണ്ടെത്തുക. അതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് രാകേഷ് പറഞ്ഞു. ഐ.ടി രംഗത്ത് ജോലി ചെയ്തിരുന്ന രാകേഷ് സിനിമയോടുള്ള ഇഷ്ടം കൊണ്ട് ജോലി ഉപേക്ഷിച്ചു.
https://www.facebook.com/Malayalivartha























