ടിയാന്‍, കമ്മാരസംഭവം, ഈ അടുത്തകാലത്ത്, രസികന്‍ തിയേറ്ററുകളില്‍ വമ്പന്‍ പരാജയങ്ങളായ മുരളിഗോപിയുടെ തിരക്കഥകളില്‍ നിര്‍മാതാക്കള്‍ക്ക് ആശങ്ക, ടിയാനും കമ്മാരസംഭവവും കോടികളാണ് നിര്‍മാതാക്കള്‍ക്ക് വരുത്തിവച്ചത്

ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ജൂലായില്‍ തുടങ്ങുമെങ്കിലും പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ആശങ്കയില്‍. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളിഗോപി എഴുതിയ, അടുത്തിടെ റിലീസായ ചിത്രങ്ങള്‍ കോടികളുടെ ബാധ്യത വരുത്തിയതാണ് ഇരുവരെയും ആശങ്കാകുലരാക്കുന്നത്. ടിയാന്‍ എന്ന ചിത്രം പത്ത് കോടിയിലേറെ രൂപയുടെ നഷ്ടമാണ് നിര്‍മാതാവ് ഹനീഫ് മുഹമ്മദിന് ഉണ്ടാക്കിയത്. ഹൈദരാബാദിലെ രാമോജി സ്റ്റുഡിയോയില്‍ കോടികള്‍മുടക്കി ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ സെറ്റിട്ടാണ് ടിയാന്‍ ഒരുക്കിയത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഉണ്ടായിട്ടും പടം എട്ട് നിലയില്‍ പൊട്ടി. പ്രധാനകാരണം കെട്ടുറപ്പില്ലാത്ത തിരക്കഥയായിരുന്നു. ചിത്രീകരണത്തിനിടെ തീപിടിച്ച് സെറ്റ് നശിച്ചതോടെ നിര്‍മാണച്ചെലവ് കൂടിയിരുന്നു.
ടിയാന്റെ ആദ്യപകുതി നന്നായിരുന്നു. രണ്ടാംപകുതിയില്‍ മുംബയ് അധോലോകവും ആള്‍ദൈവവും വന്നതോടെ കഥാഗതി തന്നെ മാറി. ഈ രണ്ട് കാര്യങ്ങളും തൊണ്ണൂറുകളില്‍ പ്രേക്ഷകര്‍ കണ്ട്മടുത്തതാണ്. ഈ വിഷുവിന് ഇറങ്ങിയ കമ്മാരസംഭവവും കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഗോകുലം ഗോപാലന് വരുത്തിവെച്ചത്. പുതുമുഖസംവിധായകനായ രതീഷ് അമ്പാട്ട് ഏറെ പ്രശംസനേടിയിട്ടും മുരളിഗോപിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഉണ്ടായത്. തിരക്കഥയിലെ പാളിച്ചതന്നെയാണ് നല്ല കഥയും താരങ്ങളും ഉണ്ടായിട്ടും കമ്മാരസംഭവം കൂപ്പ്കുത്താന്‍ കാരണം. മൂന്ന് മണിക്കൂറിലേറെയായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം. അത് പിന്നീട് വെട്ടിക്കുറച്ചെങ്കിലും രക്ഷയുണ്ടായില്ല.
ഇത് നിര്‍മാതാവെന്ന നിലയില്‍ ആന്റണി പെരുമ്പാവൂരിന് ഏറെ ആശങ്കയുണ്ടാക്കുന്നു എന്നാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന വിവരം. തിരക്കഥയുടെ എല്ലാ ഭാഗത്തും പൃഥ്വിരാജിന്റെ കൃത്യമായ മേല്‍നോട്ടം ഉണ്ടാവും. പ്രത്യേകിച്ച് എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യമിടുന്ന മാസ് സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധായകനായതിനാല്‍ സാധാരണ മോഹന്‍ലാല്‍ ചിത്രത്തേക്കാളും നിര്‍മാണച്ചെലവ് കൂടും. സാങ്കേതികമായി പെര്‍ഫക്ടായ സിനിമയാണ് താരം സ്വപ്‌നം കാണുന്നത്. മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ജൂലായ് 10ന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന ലൂസിഫറിന്റെ മറ്റ് ലൊക്കേഷനുകള്‍ മുംബൈയും തിരുവനന്തപുരവുമാണ്.
മുരളിഗോപി തിരക്കഥകളിലൂടെ തന്റെ രാഷ്ട്രീയം ഒളിപ്പിച്ചു സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ വിമര്‍ശനമുണ്ട്. കമ്മാരസംഭവത്തിലും ടിയാനിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും അത് വ്യക്തമാണെന്നാണ് വിമര്‍ശനം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് നല്ല സിനിമയായിരുന്നു, പിണറായി വിജയനെ പ്രത്യക്ഷത്തില്‍ വില്ലനായി അവതരിപ്പിച്ചതോടെ ചിത്രം തിയേറ്ററില്‍ കളിക്കാനായില്ല. അതിന് മുമ്പ് ഈ അടുത്തകാലത്ത് എന്ന ചിത്രത്തിനാണ് തിരക്കഥ എഴുതിയത്. അതും സാമ്പത്തികമായി പരാജയമായിരുന്നു. ആ സിനിമയിലാണ് ആദ്യമായി സംഘപരിവാറിന്റെ ശാഖകളും മറ്റും കാണിച്ചത്. ആദ്യം രചന നിര്‍വഹിച്ച രസികന്‍ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ്.
ചരിത്രം മുഴുവന്‍ തെറ്റാണെന്നും വളച്ചച്ചൊടിച്ചതാണെന്നുമാണ് കമ്മാരസംഭവത്തില്‍ പറയുന്നത്. ഇതിനെതിരെ വിവിധകോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ചരിത്രത്തെ മിമിക്രിവല്‍ക്കരിക്കാനാണ് മുരളിഗോപി ശ്രമിച്ചതെന്നും പ്രദര്‍ശനം തടയണമെന്നും ഫോര്‍വേഡ് ബ്‌ളോക്ക് നേതാവ് ദേവരാജന്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha