തനിക്ക് ആരെയും പിണക്കാനാവില്ല; താര സംഘടനയായ അമ്മയുടെ പ്രസിഡണ്ട് ആകാനുള്ള ശ്രമം മോഹൻലാൽ നിരസിച്ചു

അമ്മയുടെ പ്രസിഡന്റാകാനുള്ള ക്ഷണം മോഹൻലാൽ നിരസിച്ചു. ജൂലൈയിൽ നടക്കുന്ന താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യമാണ് മോഹൻലാൽ നിരസിച്ചത്. തനിക്ക് ആരെയും പിണക്കാനാവില്ലെന്നാണ് മോഹൻലാലിന്റെ നിലപാട്.
തെരഞ്ഞടുപ്പിലൂടെയല്ലാതെ അമ്മയുടെ പ്രസിഡന്റാകണമെന്ന ആവശ്യമാണ് മോഹൻലാൽ നിരസിച്ചത്. ഇപ്പോൾ സിനിമാ മേഖലയിലുള്ള എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും പ്രസിഡന്റായാൽ പിന്നെ അവരിൽ പലരും ശത്രുക്കളാകുമെന്നും മോഹൻലാൽ തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു ന്നൊന്ന് വിവരം.
17 വർഷങ്ങൾക്ക് ശേഷമാണ് അമ്മയിൽ തെരഞ്ഞടുപ്പ് നടക്കുന്നത്. വളരെ നേരത്തെ തന്നെ സ്ഥാനം ഒഴിയാൻ ഇന്നസെന്റ് തയ്യാറായിരുന്നു. എന്നാൽ എല്ലാവരും യോജിക്കുന്ന ഒരാളുടെ അഭാവം കാരണമാണ് അത്തരമൊരു തീരുമാനം ഇതുവരെയും സ്വീകരിക്കാതിരുന്നത്.
സിനിമാ തിരക്കുകൾക്കിടയിൽ സംഘടനാ പ്രവർത്തനത്തിൽ തനിക്ക് ശ്രദ്ധിക്കാനാവില്ലെന്നാണ് മോഹൻലാലിന്റെ നിലപാട്. എന്നാൽ അമ്മയുടെ പ്രവർത്തനങ്ങളിൽ തികച്ചും ജാഗരൂകനായാണ് ഇക്കാലമത്രയും മോഹൻലാൽ പ്രവർത്തിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും അദ്ദേഹം അവധാനതയോടെയാണ് പെരുമാറിയത്. ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിക്കുമ്പോൾ പോലും മമ്മൂട്ടിക്ക് മൈക്ക് കൈമാറി മോഹൻലാൽ മാറി നിൽക്കുകയായിരുന്നു. തനിക്ക് ഇപ്പോഴുള്ള സ്വീകാര്യത പോകും എന്ന സംശയത്തിലാണ് മോഹൻലാൽ. താൻ മുൻനിരയിലേക്ക് വരണമെന്ന സഹതാരങ്ങളുടെ ആവശ്യത്തെ പൂർണമായും ലാൽ തള്ളി.
മമ്മൂട്ടിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ദിലീപ് ക്യാമ്പിൽ നിന്നുള്ള എതിർപ്പ് വ്യക്തമാണ്. മമ്മൂട്ടി മത്സരിക്കുകയാണെങ്കിൽ തീർച്ചയായും തെരഞ്ഞടുപ്പ് വേണ്ടി വരും. അങ്ങനെ തെരഞ്ഞെടുപ്പ് ഉണ്ടായാൽ മമ്മൂട്ടി ജയിച്ചില്ലെങ്കിൽ നാണക്കേടാവും. ദിലീപിന്റെ ഗ്രൂപ്പ് മമ്മുട്ടിക്കെതിരെ സജീവമായി ചരടുവലിക്കും. ഇക്കാര്യം മമ്മൂട്ടിക്കും അറിയാം. അതു കൊണ്ടു തന്നെ മമ്മൂട്ടി ഇതുവരെയും സമ്മതം മൂളിയിട്ടില്ല. താൻ മത്സരിക്കാനില്ലെന്ന നിലപാടാണ് മമ്മൂട്ടിക്കുള്ളത്. എന്നാൽ എല്ലാവരും ചേർന്ന് എതിരില്ലാതെ തെരഞ്ഞടുക്കുകയാണെങ്കിൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തും. അതിനുള്ള സാധ്യത കുറവാണ്.
മമ്മൂട്ടിയെ പൃഥ്വിരാജിന്റെ ആളായിട്ടാണ് ദിലീപ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന ഒരാൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ അക്കാര്യം പരിശോധിക്കാതെയും അന്വേഷിക്കാതെയും തീരുമാനമെടുത്തു എന്നതാണ് മമ്മൂട്ടിയുടെ പുറത്തുള്ള ആക്ഷേപം. അമ്മ മഴവില്ലിൽ ദിലീപിനെ വിളിക്കാതിരുന്നതിനെതിരെയും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. സൂര്യയെ പോലുള്ള താരങ്ങൾ വന്നിട്ടും ദിലീപിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം സിനിമാക്കാർക്ക് അമർഷമുണ്ട്. യഥാർത്ഥത്തിൽ അമ്മയിൽ ഇന്നും ശക്തിമാനാണ് ദിലീപ്. അദൃശനായാണ് പ്രവർത്തിക്കുന്നതെന്ന് മാത്രം.
ഗണേശ് കുമാറിന്റെയും കുഞ്ചാക്കോ ബോബന്റെയും പേരാണ് അമ്മയുടെ തലപ്പത്തേക്ക് പരിഗണിക്കുന്നത്. ദിലീപിന്റെ പിന്തുണ ഗണേശനുണ്ട്. ഗണേശൻ എംഎൽഎ ആണെന്നത് ഒരു വിഭാഗത്തിന്റെ പിന്തുണ വർധിപ്പിക്കുന്നു. കുഞ്ചാക്കോ ബോബൻ എല്ലാവർക്കും സ്വീകാര്യനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല. ഏതായാലും എല്ലാവർക്കും സമ്മതനായ ഒരാൾ അമ്മയുടെ തലപ്പത്തെത്തും.
.
https://www.facebook.com/Malayalivartha