പിന്നിൽ ദിലീപ്; സിദ്ദിഖിന്റേത് ഉപകാരസ്മരണ

താരസംഘടനായ എഎംഎംഎയില്‍ വിവാദങ്ങൾക്ക് അവസാനമാകുന്നില്ല. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജിവെച്ച നടിമാരെ താരസംഘടനയില്‍ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി നടന്‍ സിദ്ധിഖും നടി കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചൂണ്ടിക്കാട്ടി നടൻ ജഗദീഷ് പ്രതികരണം അറിയിച്ചിരിക്കുകയാണ്.
കുറ്റാരോപിതനായ നടൻ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ പത്രസമ്മേളനം നടത്തിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ അത് കുറ്റം പറയാനാകില്ലെന്ന് നടൻ ജഗദീഷ് പറഞ്ഞു.
പത്രസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ജഗദീഷ് പറഞ്ഞു. സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജനറൽബോഡി വിളിക്കില്ലെന്ന് സിദ്ദിഖിന് എങ്ങനെ പറയാനാകും. ഇക്കാര്യങ്ങളെല്ലാം എക്സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നില്ല. എന്നാൽ, ധാർമികതയിലൂന്നി തീരുമാനമെടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു.
സംഘടനയിൽനിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ പ്രസിഡന്റ് മോഹൻലാലിന് തുറന്ന സമീപനമാണുള്ളത്. അതിനെ സ്വാഗതം ചെയ്യുന്ന ആളാണ് അദ്ദേഹം. പക്ഷേ, അവരെക്കൊണ്ട് മാപ്പ് പറയിക്കണമെന്നാണ് സിദ്ദിഖ് പറയുന്നത്. അത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് അവരോട് മാപ്പുപറയണമെന്ന് പറയുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറമാണെന്ന് ജഗദീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha