താരദമ്പതികളുടെ വിവാഹ ദിവസം തന്നെ വിവാദവും... മാപ്പ് പറഞ്ഞ് വിഘ്‌നേഷ് ശിവന്റെ കത്ത്

കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അതിനു പിന്നാലെ ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. നയന്‍താര ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ടതും നവദമ്പതികള്‍ ഫോട്ടോഷൂട്ട് നടത്തിയതുമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായാണ് നയന്‍താര എത്തിയത്. തിരുമല ബാലാജി ക്ഷേത്രത്തില്‍ എത്തിയ നയന്‍താരയും വിഘ്‌നേഷ് ശിവനും ദര്‍ശനം നടത്തി പുറത്തിറങ്ങിയ ശേഷമാണ് അമ്പലത്തിനു മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തുറന്ന സ്ഥലത്തു നിന്നും സിനിമയും സീരിയലും വിവാഹ വിഡി യോയും പകര്‍ത്തുന്നതിന് തിരുമല ഹില്‍ സ്‌റ്റേഷനില്‍ നിയന്ത്രണങ്ങളുണ്ട്. കൂടാതെ ചെരുപ്പ് ധരിച്ചാണ് നയന്‍താര നില്‍ക്കുന്നത് എന്നതും വിശ്വാസികളെ ചൊടിപ്പിച്ചു. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നതോടെയാണ് മാപ്പു പറഞ്ഞുകൊണ്ട് തിരുമല തിരുപതി ദേവസ്ഥാനം ബോര്‍ഡിന് വിഘ്‌നേഷ് ശിവന്‍ കത്തയച്ചത്.
വിവാഹശേഷം വീട്ടില്‍ പോലും പോകാതെയാണ് തങ്ങള്‍ തിരുപതിയില്‍ എത്തിയത് എന്നാണ് കത്തില്‍ പറയുന്നത്. ആരാധകര്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് ഫോട്ടോ എടുത്ത് പോകാനാണ് തീരുമാനിച്ചിരുന്നത്. അതിനിടയില്‍ നയന്‍താര ചെരുപ്പിട്ടാണ് നിയന്ത്രിത മേഖലയിലേക്ക് കയറിയത് എന്നകാര്യം ശ്രദ്ധിച്ചില്ലെന്നും വിഘ്‌നേഷ് കുറിച്ചു.
മഹാബലിപുരത്ത് വച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ദാമ്ബത്യത്തിലേക്ക് കടന്നത്.
ഇത്രയും കാലം നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് നയന്‍താര മാധ്യമങ്ങളോട് പറഞ്ഞു. നാനും റൗഡി താന്‍ എന്ന സിനിമയുടെ കഥ പറയാന്‍ ആദ്യമായി നയന്‍താരയെ നേരില്‍ കണ്ട അതേ ഹോട്ടലില്‍ ഇന്ന് വിവാഹത്തിന് ശേഷം വാര്‍ത്താസമ്മേളനം നടക്കുന്നത് ആകസ്മികമാണെന്നായിരുന്നു വിഘേനേഷ് പറഞ്ഞത്. ഇനി ഞങ്ങള്‍ രണ്ടുപേരുടെയും കരിയര്‍ മുന്നോട്ട് പോകാന്‍ ഇത്രയും കാലം നില്‍കിയ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്ന് വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























