പൈസയുണ്ടാക്കാൻ വേണ്ടി എന്ത് തെണ്ടിത്തരവും തൊട്ടിത്തരവും കാണിക്കുന്നു... റീച്ച് കിട്ടാൻ തോന്നിവാസം കാണിക്കുന്നു.. ആളെ കൂട്ടാൻ വേണ്ടി സോഷ്യൽമീഡിയയിൽ മോശം തമ്പ് നെയിൽ ഇടുന്നവരുടെ തലത്തിലേക്ക് വരെ എന്നെ കൊണ്ടുപോയപ്പോൾ എനിക്ക് സങ്കടമായി; തെറി പറഞ്ഞവരോടും സങ്കടവും പരിഭവവും പറഞ്ഞവരോടും എന്റെ ഭാര്യയോടും മാപ്പ്; വിമർശകരോട് മാപ്പപേക്ഷയുമായി മനോജ് കുമാർ

സീരിയൽ ലോകത്ത് എല്ലാവർക്കും ഇഷ്ടമുള്ള താരദമ്പതികളാണ് നടി ബീന ആന്റണിയും നടൻ മനോജ് കുമാറും. വർഷങ്ങളായി വിവിധ സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് ഇരുവരും ആരാധകരെ നേടി കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് നടി ബീനാ ആന്റണിയുമായുള്ള ദാമ്പത്യം 19 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് നടന്‍ മനോജ് കുമാര്‍ എത്തിയത്. താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളെല്ലാം മനുവിന്റെ യുട്യൂബ് ചാനലായ മനൂസ് വിഷനിലൂടെ അറിയിക്കാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മനോജ് കുമാർ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഭാര്യ ഉപേക്ഷിച്ച് പോയി എന്ന ടൈറ്റിലോട് കൂടിയായിരുന്നു താരം വീഡിയോ പങ്കുവെച്ചത്. പുതിയ സീരിയൽ ഭാഗ്യലക്ഷ്മിയുടെ പ്രമോഷന്റെ ഭാഗമായിരുന്നു ആ വീഡിയോ എങ്കിലും ടൈറ്റിൽ കണ്ടവർ മനോജും ഭാര്യ ബീന ആന്റണിയും പിരിഞ്ഞുവെന്ന് തെറ്റിദ്ധരിച്ചു. സംഭവത്തിന് ശേഷം മനോജിന് വിമർശനങ്ങൾ നേരിടേണ്ടിവരുകയും ചെയ്തു. ഇപ്പോഴിത താൻ കാരണം വിമർശനം നേരിടേണ്ടി വന്നവരോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് മനോജ്.
'തെറി പറഞ്ഞവരോടും സങ്കടവും പരിഭവവും പറഞ്ഞവരോടും എന്റെ ഭാര്യയോടും മാപ്പ്. ഞാനൊരു വീഡിയോ ഇട്ട് ആദ്യമായിട്ടാണ് എന്നെ വളരെ അധികം വിമർശിച്ചും മറ്റുമുള്ള കമന്റ്സ് വന്നിരിക്കുന്നത്. അതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകാതെ ഞാൻ നൽകിയ ടൈറ്റിൽ വെച്ച് ആളുകൾക്ക് തോന്നിയ വികാരമാണ് അവർ പ്രകടിപ്പിച്ചത്. ഞാൻ അതിൽ ആരെയും കുറ്റം പറയില്ല. എനിക്ക് ആരോടും പരിഭവവുമില്ല. നിങ്ങൾ ചീത്ത പറഞ്ഞതിനും പരിഭവിച്ചതിനും കാരണമുണ്ട്. ഒരിക്കലും നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കാണാൻ ആഗ്രഹിക്കാത്ത ഒരു ടൈറ്റിലാണ് അന്ന് ഞാൻ നൽകിയത്. എന്നിൽ നിന്നും ബീനയിൽ നിന്നും നിങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് അതൊരു വലിയ ഷോക്കായി. ആ ഷോക്കിലൂടെയാണ് അവർ വീഡിയോ കണ്ടതെന്നും മനസിലാക്കുന്നു. മാത്രമല്ല ആദ്യമായിട്ടാണ് ഞാൻ കമന്റ് ബോക്സ് ഓഫാക്കി ഇടുന്നത്. ഇതിലെ കാര്യം ഞാനൊന്ന് പറഞ്ഞോട്ടെ. പലരും പല രീതിയിലാണ് എന്നെ വിമർശിച്ചത്.' പൈസയുണ്ടാക്കാൻ വേണ്ടി എന്ത് തെണ്ടിത്തരവും തൊട്ടിത്തരവും കാണിക്കുന്നുവെന്നൊക്കെ പലരും പറഞ്ഞു. റീച്ച് കിട്ടാൻ തോന്നിവാസം കാണിക്കുന്നു. ആളെ കൂട്ടാൻ വേണ്ടി സോഷ്യൽമീഡിയയിൽ മോശം തമ്പ് നെയിൽ ഇടുന്നവരുടെ തലത്തിലേക്ക് വരെ എന്നെ കൊണ്ടുപോയപ്പോൾ എനിക്ക് സങ്കടമായി. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സോണിയയായിരുന്നു ടൈറ്റിൽ റോൾ ചെയ്തത്. അടുത്തിടെ ചില അസൗകര്യങ്ങൾ മൂലം സോണിയ സീരിയലിൽ നിന്നും പിന്മാറി. ടൈറ്റിൽ റോളൊക്കെ ചെയ്യുന്നവർ പെട്ടന്ന് സീരിയലിൽ നിന്നും പിന്മാറിയാൽ അത് വലിയ തോതിൽ ചിലപ്പോൾ സീരിയലിനെ ബാധിക്കും.
അങ്ങനെയിരിക്കെയാണ് സംവിധായകന്റെ ആവശ്യപ്രകാരം അന്ന് രശ്മി സോമനെ കൂട്ടി വീഡിയോ ചെയ്തത്. രശ്മി സോമനാണ് ഇനി മുതൽ ഭാഗ്യലക്ഷ്മിയായി അഭിനയിക്കാൻ പോകുന്നത്. മാത്രമല്ല വെറൈറ്റിയോടെ വീഡിയോ ചെയ്യണമെന്നും പ്ലാനുണ്ടായിരുന്നു. അങ്ങനെയാണ് ഭാര്യ ഉപേക്ഷിച്ച് പോയി എന്ന തരത്തിൽ ഹെഡ്ഡിങ് ഇട്ടത്. കമന്റ് ബോക്സ് ഓഫാക്കിയതിനും കാരണമുണ്ട്. ചിലർ കമന്റ് ബോക്സ് വായിച്ച ശേഷം കാര്യം മനസിലാക്കി വീഡിയോ കാണാതെ പോകും. ആ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഞാൻ കുറേ നാളുകളായി വീഡിയോ എന്റെ യുട്യൂബിൽ പങ്കുവെച്ചിട്ട്. അതിനാൽ തന്നെ റീച്ച് കിട്ടണമെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും വേണം. അതുകൊണ്ടാണ് അന്ന് ഭാര്യ ഉപേക്ഷിച്ച് പോയി എന്നൊക്കെ ടൈറ്റിൽ ഇടേണ്ടി വന്നത്. ഞാൻ യുട്യൂബ് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്. യുട്യൂബിൽ വീഡിയോ ഇടുന്നത് ആഗ്രഹത്തിന്റെ പുറത്താണ്. ബീനയ്ക്കും ആ ടൈറ്റിൽ വലിയ സങ്കടമുണ്ടാക്കി. അവൾ വേറൊരു ലൊക്കേഷനിൽ ഷൂട്ടിങ് തിരക്കിലായിരുന്നു. അവളേയും ടൈറ്റിലാണ് വിഷമിപ്പിച്ചത്. നമ്മളെ ദൈവം ഒന്നിപ്പിച്ചതല്ലേയെന്നൊക്കെ ബീനയോട് പറഞ്ഞ് നോക്കി അവൾ അതിലൊന്നും തൃപ്തയായില്ല. ഇടയ്ക്കിടെ പരിഭവം പറയും. ഒരു അമ്മയൊക്കെ വിളിച്ച് കരഞ്ഞിരുന്നു. നിങ്ങൾ ഞങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്ക് ആ വീഡിയോയിലൂടെ ദൈവം മനസിലാക്കി തന്നു വെന്ന് മനോജ് പുതിയ വീഡിയോയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha