പ്രണയ കാല ഓര്‍മകള്‍ പങ്കുവെച്ച് പാര്‍വതി... അന്ന് കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ടാണ് ഇപ്പോള്‍ നല്ലൊരു ലൈഫ് കിട്ടിയത്

പതിനാറാമത്തെ വയസ്സില്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ 1986 ല്‍ പുറത്തിറങ്ങിയ 'വിവാഹിതരേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. മികച്ച നര്‍ത്തകി കൂടിയായ താരം പിന്നീട് അമൃതം ഗമയ, തൂവാനത്തുമ്പികള്‍, വൈശാലി, തനിയാവര്‍ത്തനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനില്‍ അഭിനയിക്കുന്നതിനിടെ ചിത്രത്തിലെ നായകനായ ജയറാമുമായി പ്രണയത്തിലായി. ഒട്ടേറെ സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. 1992ല്‍ ജയറാമുമായുള്ള വിവാഹശേഷം പാര്‍വതി അഭിനയത്തോട് വിട പറയുകയായിരുന്നു.
സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് പാര്‍വതി. സിനിമാപ്രേമികള്‍ തിരിച്ച് വരവ് ആഗ്രഹിക്കുന്ന നടിമാരില്‍ ഒരാള്‍ കൂടെയാണ് താരം. ഒരുമിച്ച് അഭിനയിച്ചശേഷം പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരായി സന്തുഷ്ട ജീവിതം നയിക്കുകയും ചെയ്യുന്ന മലയാളത്തിലെ താരദമ്പതികളുടെ ലിസ്‌റ്റെടുത്താല്‍ ആ ലിസ്റ്റില്‍ മുന്‍പന്തിയില്‍ പാര്‍വതിയും ജയറാമും തന്നെയായിരിക്കും.
അപരന്‍ എന്ന ജയറാമിന്റെ ആദ്യ സിനിമയില്‍ സഹോദരിയായി അഭിനയിച്ചത് പാര്‍വതിയായിരുന്നു. അവിടെ നിന്നും തുടങ്ങിയ സൗഹൃദവും അടുപ്പവുമാണ് വിവാഹത്തില്‍ കലാശിച്ചത്. എന്നാല്‍ പാര്‍വതിയുടെ അമ്മയും ബന്ധുക്കളും ജയറാമുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. പല സഹപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ജയറാം പാര്‍വതിയെ കണ്ടിരുന്നതും സംസാരിച്ചിരുന്നതും. അക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ജയറാമിനെ പേടിപ്പിച്ചിരുന്നത് താനുമായുള്ള പ്രണയം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്.
ബിഎസ്എന്‍എല്‍ ഫോണ്‍ ബില്ലുമായാണ് അന്ന് മാധ്യമപ്രവര്‍ത്തകര്‍ ജയറാമിനെ കാണാന്‍ വന്നിരുന്നതെന്നും ഇവര്‍ എന്തെങ്കിലും എഴുതിപിടിപ്പിക്കുമോ എന്ന ഭയത്തിലായിരുന്നു ജയറാം ജീവിച്ചിരുന്നതെന്നും പാര്‍വതി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസുതുറന്നത്.
'ചില ജേര്‍ണലിസ്റ്റുകള്‍ ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്ത് ജയറാമിനെ പേടിപ്പിക്കുമായിരുന്നുവത്രേ. പാര്‍വതിക്ക് എത്ര കോള്‍ ചെയ്തിട്ടുണ്ടെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞ് ബിഎസ്എന്‍എല്‍ ഫോണ്‍ ബില്ല് കയ്യില്‍ വെച്ച് അവര്‍ അന്ന് ജയറാമിനെ പേടിപ്പിക്കുമായിരുന്നു. ഇതൊക്കെ കാണിച്ച് പേടിപ്പിച്ചാണ് പരിപാടികളിലേക്ക് അവര്‍ ജയറാമിനെ കൊണ്ടുപോയിരുന്നത്. പോകാതിരിക്കാനും പറ്റില്ല കാരണം ഇവര്‍ എന്തെങ്കിലും എഴുതി പിടിപ്പിച്ചാലോ എന്ന് വിചാരിച്ചിട്ട്. ഈ ഒരു കാര്യത്തിന് മാത്രമെ പേടിച്ചിട്ടുള്ളു. പ്രേമം അവര്‍ പബ്ലിഷ് ചെയ്യുമോ എന്നതായിരുന്നു ഭയം' പാര്‍വതി പറയുന്നു.
ജയറാമിനോട് ഫോണില്‍ സംസാരിക്കാന്‍ അമ്മ അനുവദിക്കുമായിരുന്നില്ലെന്നും പാര്‍വതി പറയുന്നു. 'എന്റെയും അമ്മയുടെയും ചേച്ചിയുടെയും ശബ്ദം ഏകദേശം ഒരുപോലെയാണ്. മനസിലാവില്ല ആരാണ് സംസാരിക്കുന്നതെന്ന്. ജയറാം ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് എന്നെ വിളിക്കും പക്ഷെ കോള്‍ അമ്മയായിരിക്കും എടുക്കുക. ജയറാമാണെന്ന് മനസിലായാല്‍ അമ്മ കോള്‍ കട്ട് ചെയ്യും എനിക്ക് തരില്ല. മണിക്കൂറുകളോളം വെയിറ്റ് ചെയ്തായിരിക്കും കോള്‍ ബുക്ക് ചെയ്ത് ജയറാം വിളിക്കുന്നത്. പക്ഷെ അമ്മ എനിക്ക് തരില്ല. അന്ന് കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ടാണ് ഇപ്പോള്‍ നല്ലൊരു ലൈഫ് കിട്ടിയത്' പ്രണയ കാല ഓര്‍മകള്‍ പങ്കുവെച്ച് പാര്‍വതി പറഞ്ഞു.
https://www.facebook.com/Malayalivartha