സദാചാര പോലീസ് ഒരു മൃഗീയ വിനോദമോ?

കോഴിക്കോട് തൊട്ടില്‍പാലത്ത് സദാചാര വാദികളായ ഒരു സംഘമാളുകുള്‍ വീടു വളഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ നടുക്കുന്നതാണ്.
തൊട്ടില്‍പ്പാലം കുന്നത്തുമ്മല്‍ ആയിലോട്ട്മീത്തല്‍ ജയന്റെ ഭാര്യ പ്രസീന(32)യാണ് തൂങ്ങിമരിച്ചത്.
യുവതിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് സ്ഥലവാസികളായ നാലുപേര്‍ ചേര്‍ന്നാണ് യുവാവിനെ വിചാരണ ചെയ്തത്. തുടര്‍ന്ന് യുവതിയുടെ വീട്ടുമുറ്റത്ത് കൊണ്ടുപോയി പൊതിരെ തല്ലുകയും യുവതിയോട് വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാതില്‍ തുറക്കാന്‍ കൂട്ടാക്കാത്ത യുവതിയെ ഭീഷണിപ്പെടുത്തുകയും വീടാക്രമിക്കാന്‍ ശ്രമിക്കുയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. വെള്ളിയാഴ്ച ഇദ്ദേഹം നാട്ടിലെത്തുന്നതിന്റെ തലേന്ന് രാത്രിയാണ് സദാചാരപ്പോലീസ് ചമഞ്ഞുള്ള യുവാക്കളുടെ പീഡനം. ഭര്‍ത്താവിനോട് കാര്യങ്ങളെല്ലാം തുറന്നുപറയുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
പത്തനംതിട്ടയിലും സമാനമായ ആക്രമണം അടുത്ത കാലത്തുണ്ടായി. ചില ഭീകരവാദികളും മതമൗലീക വാദികളും കാട്ടിക്കൂട്ടുന്ന ഇത്തരം മൃഗീയ ക്രൂരതകള്‍ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു. അസൂയ, സാഡിസം തുടങ്ങിയ മനുഷ്യന്റെ മനോനിലയിലെ പ്രശ്‌നങ്ങള്‍ മൃഗീയതയായി വളര്‍ന്ന്, സംഘ ബലത്തില്‍ സദാചാരം ചമഞ്ഞ് സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുകയാണ്.
നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല എന്നാവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രിയും, ഒരു മാഫിയേയും കേരളത്തില്‍ വളര്‍ത്തില്ല എന്നാവര്‍ത്തിക്കുന്ന ആഭ്യന്തര മന്ത്രിയുമാണ് നമുക്കുളളത്. വ്യക്തി സ്വാതന്ത്ര്യവും ഇഷ്ടങ്ങളും ഒരു വ്യക്തിയുടെ സ്വകാര്യതകളല്ലേ. അതിലേയ്‌ക്കെത്തി നോക്കുന്ന പ്രാകൃതാവസ്ഥയെയാണ് കല്ലെറിയേണ്ടത്. അധ:പതിച്ച മനോഗതിയും പരദൂഷണവും ഭൂഷണമാക്കി കേരളത്തില്‍ സദാചാരം ചമയാന്‍ ആരെയും അനുവദിച്ചുകൂടാ.
പലപ്പോഴും തെറ്റിദ്ധാരണകളാണ് പല ആരോപണങ്ങള്‍ക്കു പിന്നിലും. ചിലപ്പോഴൊക്കെ വ്യക്തിവിരോധവും. ചികിത്സിക്കേണ്ടത് സമൂഹത്തിലെ ഇത്തരം പുഴുക്കുത്തുകളെയാണ്. അവര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ കാണില്ലെന്നു നടിക്കരുത്. പൊതു സമൂഹത്തിനെ ബ്ലാക്ക് മെയില്‍ ചെയ്തു ജീവിക്കുന്ന സദാചാര മാഫിയ പലപ്പോഴും ഒരു കൂട്ടം തെമ്മാടികളാണ്.
പോലീസ് പലപ്പോഴും ഇത്തരം തോന്ന്യാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാറുമുണ്ട്. വാര്‍ത്ത കൊതിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ചാനല്‍ റേറ്റിംഗ് ഉയര്‍ത്താനുളള ഉപാധിയാണ്. പലപ്പോഴും നിരപരാധിയുടെ കണ്ണുനീര്‍ ആരും കാണാതെപോകും. പോലീസിന്റെ ഇടപെടലും, മാധ്യമങ്ങളുടെ സെലിബ്രേഷനും കഴിയുമ്പോള്‍ ബാക്കിയാവുന്നത് ആത്മഹത്യയാവാം.
നമ്മള്‍ ജീവിക്കുന്നത്. പുതിയ നൂറ്റാണ്ടിലല്ലേ? ശരിതെറ്റുകള്‍ സ്വയം തിരിച്ചറിയാനും തിരുത്താനും വ്യക്തികള്‍ക്കാകും. അവരുടെ ഇഷ്ടാനിഷ്ടങ്ങളെ സദാചാരത്തിന്റെ അളവുകോല്‍ കാട്ടി വിധിക്കാന്‍ ചില വ്യക്തികള്‍ക്കെന്തവകാശം.
ഇനിയുമാവര്‍ത്തിക്കരുത് ഇത്തരം വേദനിപ്പിക്കപ്പെടുന്ന ആത്മഹത്യകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha