ബിപിഎല്‍ വിഭാഗത്തിലെ ഹീമോഫീലിയ രോഗികള്‍ക്ക് ഇനി ചികില്‍സ സൗജന്യം

രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമായ ഹീമോഫീലിയ ഉള്ള ബിപിഎല്‍ വിഭാഗവര്‍ക്ക് ഇനി ചികില്‍സ സൗജന്യം. ഇവര്‍ക്കു കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് അനുവദിച്ചിരുന്ന സഹായധനത്തിന്റെ പരമാവധി തുക മൂന്നു ലക്ഷം എന്നു നിശ്ചയിച്ചിരുന്നത് എടുത്തുകളഞ്ഞു. രോഗം നേരിടാനുള്ള വിലയേറിയ ഫാക്ടര്‍ എട്ട്, ഒന്‍പത്, ഫീബ മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഇങ്ങനെ ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന നിര്‍ധന രോഗികള്‍ക്കു സൗജന്യമായി മരുന്നും ലഭിക്കും. ബിപിഎല്‍ വിഭാഗത്തിനു മാത്രമേ ആനുകൂല്യങ്ങള്‍ ബാധകമാകൂ. വരുമാനം കുറഞ്ഞ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, ആദായ നികുതി റിട്ടേണ്‍ കൊടുക്കണ്ടാത്ത എല്ലാവര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നു മരുന്ന് സൗജന്യമായി ലഭിക്കും.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ഹീമോഫീലിയ രോഗികള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി വി.എസ്. ശിവകുമാറും പ്രത്യേക താല്‍പര്യമെടുത്തു. രക്തസ്രാവം നിലയ്ക്കാത്ത രോഗികള്‍ക്ക് ഒരു തവണ ആയിരം മുതല്‍ രണ്ടായിരം വരെ യൂണിറ്റ് ഫാക്ടര്‍ രക്തത്തില്‍ കടത്തിവിടേണ്ടിവരും. ഒരു യൂണിറ്റിന് എട്ടു മുതല്‍ പത്തു വരെ രൂപയാണു ചെലവ്.
ഒരു തവണത്തെ ചികില്‍സയ്ക്കു മാത്രം 25,000 രൂപ വരെയാകും. വര്‍ഷത്തില്‍ ഇങ്ങനെ പല തവണ ഫാക്ടര്‍ ഉപയോഗിക്കേണ്ടിവരുന്ന രോഗികള്‍ ഉണ്ട്. കേരളത്തില്‍ അയ്യായിരത്തോളം ഹീമോഫീലിയ രോഗികളുണ്ടെന്നാണു കണക്ക്.
https://www.facebook.com/Malayalivartha