സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളുടെ ഒ.പി സമയം ഒരു മണിക്കൂർ നീട്ടി....

സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളുടെ ഒ.പി സമയം ഒരു മണിക്കൂർ കൂട്ടി. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി.
അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയും ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. താലൂക്ക് ആശുപത്രി മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയാണ് ബാധകമായുള്ളത്.
ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാരുടെ ജോലിഭാരം തുല്യമായി വിഭജിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരമുള്ളത്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8വരെ, രാത്രി 8മുതൽ അടുത്തദിവസം രാവിലെ 8വരെ (12 മണിക്കൂർ) എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളാക്കി.
പലയിടത്തും ഇത് നിലവിലുണ്ടെങ്കിലും പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്നാണ് ഏകീകരിച്ചിരിക്കുന്നത്. രാത്രി ഡ്യൂട്ടി എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസം ഓഫ് നൽകും.
സ്‌പെഷ്യാലിറ്റി ഡോക്ടർമാരും ജനറൽ കേഡർ ഡോക്ടർമാരും റൊട്ടേഷൻ അടിസ്ഥാനത്തിൽ വാർഡ് ഡ്യൂട്ടി നോക്കേണ്ടതാണ്. 56 വയസ് കഴിഞ്ഞവരെയും ചീഫ് കൺസൾട്ടന്റുമാരെയും വാർഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. നേരത്തെ ഇത് 50 വയസായിരുന്നു.
'കോൾ ഡ്യൂട്ടി'യിലുള്ള ഡോക്ടർമാർ ആശുപത്രിയുടെ എട്ട് കിലോമീറ്റർ ചുറ്റളവിലുണ്ടാകണം. അത്യാവശ്യഘട്ടത്തിൽ ഇവർക്ക് യാത്രാസൗകര്യം ആശുപത്രി ഉറപ്പാക്കും.
"
https://www.facebook.com/Malayalivartha
























