തലവേദനയ്ക്ക് ആയുര്‍വേദ പരിഹാരം

തലവേദന എന്ന് എല്ലാവരും പൊതുവായി പറയുന്ന അവസ്ഥ ശാസ്ത്രീയമായി ചിന്തിച്ചാല്‍ ഒരു രോഗമല്ല. ശരീരത്തിലുണ്ടാകുന്ന മറ്റു രോഗങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ്. അധികമായ മാനസിക സമ്മര്‍ദം, ശരീരത്തില്‍ നിന്നു ജലാംശം നഷ്ടപ്പെടുക, ഭക്ഷണം സമയത്തു കഴിക്കാത്തതുകൊണ്ട് ശരീരത്തിലെ ഗ്ലൂക്കോസിനു കുറവു സംഭവിക്കുക, വിവിധതരം അണുബാധകള്‍, രക്തസമ്മര്‍ദം കൂടൂക, കണ്ണിനു കൂടുതല്‍ ആയാസം ഉണ്ടാകുന്ന പ്രവൃത്തികള്‍, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍, തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, സൈനസൈറ്റിസ്, തലയ്ക്കുണ്ടാകുന്ന ആഘാതം മുതലായ പലകാരണങ്ങള്‍കൊണ്ടും തലവേദനയുണ്ടാകാം. ചില സ്ത്രീകളില്‍ ആര്‍ത്തവ അനുബന്ധമായും തലവേദന ഉണ്ടാകാം. ആര്‍ത്തവ വിരാമത്തിനു മുന്നോടിയായി ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന വ്യതിയാനവും തലവേദനയ്ക്കു കാരണമാകാറുണ്ട്.
വെയില്‍, മഞ്ഞ്, പുക എന്നിവ ഏല്ക്കുക, വെള്ളത്തില്‍ അധികസമയം കളിക്കുക, വളരെ ഉറങ്ങുക, തീരെ ഉറങ്ങാതിരിക്കുക, തല വിയര്‍ക്കുക, മന:പ്രയാസം ഉണ്ടാകുക, അമിതമായി കാറ്റുകൊള്ളുക, കരയുക, മദ്യപാനം, മലമൂത്രാദികളെ തടയുക, ശരിയായ രീതിയില്‍ അല്ലാതെ തലയിണ ഉപയോഗിച്ച് കിടക്കുക, എണ്ണതേച്ച് കുളിക്കാതെയിരിക്കുക, താഴേക്ക് ഏറെസമയം നോക്കിയിരിക്കുക, ചില ഗന്ധം, ദഹനക്കേട് എന്നിവയെല്ലാം കാരണം വാതം മുതലായ ദോഷങ്ങള്‍ കോപിച്ചാണു തലവേദന മുതലായ ശിരോരോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് ആയുര്‍വേദ ശാസ്ത്രം അഭിപ്രായപ്പെടുന്നു.
കാഴ്ചയിലോ ഗന്ധത്തിലോ അരോചകമായവയെ ഒഴിവാക്കുക, ഭക്ഷണം, ഉറക്കം മുതലായവയില്‍ കൃത്യതപാലിക്കുക,ആഹാരം പോഷകസമൃദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുക,ആവശ്യത്തിനു വെള്ളം കുടിക്കുക,കഫീന്‍ചേര്‍ന്ന പാനീയങ്ങളും മദ്യവും ഒഴിവാക്കുക,മാനസിക പിരിമുറുക്കസമയത്തു വിശ്രമിക്കുക,വായിക്കുമ്പോഴും ടിവി, കംപ്യൂട്ടര്‍ എന്നിവയ്ക്ക് ശരിയായ വെളിച്ച ക്രമീകരണം നടത്തുക.
ചികില്‍സകള്‍
പത്ഥ്യാക്ഷ ധാത്ര്യാദി, വരണാദി, ദശമൂലകടുത്രയം, ഏലാകണാദി, ദശമൂലം എന്നീ കഷായങ്ങള്‍ ഗോരോചനാദി, വെട്ടുമാരന്‍, ശ്വാസാനന്ദം എന്നീ ഗുളികകള്‍, താലീസപത്രാദി, കര്‍പ്പൂരാദി എന്നീ ചൂര്‍ണ്ണങ്ങള്‍ ദശമൂല രസായനം, വ്യോഷാദിവടകം എന്നിവ അവസ്ഥാനുസരണം സേവിക്കുന്നതു തലവേദന കുറയ്ക്കാന്‍ സഹായിക്കും. ബലഹഠാദി, ഭൃംഗാമലകാദി, ക്ഷീരബല എന്നീ എണ്ണകള്‍ തലയില്‍ പുരട്ടുന്നതും തലയില്‍ ധാര ചെയ്യുന്നതും , ക്ഷീരബല 101 ആവര്‍ത്തിച്ചത്, അണുതൈലം എന്നിവകൊണ്ടു നസ്യം ചെയ്യുന്നതും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha