കൈകളിലെ തരിപ്പും മരവിപ്പും നിസാരമാക്കരുത്

നമ്മുടെ കൈയുടെ സ്പര്‍ശനശേഷിക്കും ചലനശേഷിക്കും സഹായകമാകുന്ന ഒരു പ്രധാനപ്പെട്ട നാഡിയാണ് മീഡിയന്‍ നെര്‍വ്. ഈ നാഡി നമ്മുടെ കൈയിലേക്കു കടന്നു വരുന്നത് കൈക്കുഴയിലെ ഇടുങ്ങിയ ഒരു പാതയിലൂടെയാണ്. ഇതിനെ കാര്‍പ്പല്‍ ടണല്‍ എന്നാണ് പറയുന്നത്. ഇതുവഴി മീഡിയന്‍ നെര്‍വ് മാത്രമല്ല, കൈവിരലുകളുടെ ചലനങ്ങളില്‍ പങ്കുവഹിക്കുന്നവയും കടന്നുപോകുന്നു. ഇതില്‍ മീഡിയന്‍ നെര്‍വിന് ഏതെങ്കിലും തരത്തിലുണ്ടാവുന്ന ഞെരുക്കമോ ഇറുക്കമോ ഉണ്ടാകുന്നത് മൂലമാണ് കൈകളില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടുന്നത്. ഇതിനെ കാര്‍പ്പല്‍ ടണല്‍ സിന്‍ട്രോം എന്നാണ് പറയുന്നത്.
സ്ത്രീകളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. 30 60 വയസ്സുവരെ ഉള്ളവരിലാണ് ഇത് കൂടുതല്‍ കാണുന്നത്. കൈ വളച്ചും തിരിച്ചും കടുത്ത ജോലിയില്‍ഏര്‍പ്പെടുന്നവരിലാണ് ഇത് ഏറെയും കാണപ്പെടുന്നത്. നിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍, തടിപ്പണി ചെയ്യുന്നവര്‍, കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ ചെയ്യുന്നവര്‍, കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കും ഇത് കണ്ടുവരുന്നു. ഇങ്ങനെയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ കൈക്കുഴയ്ക്ക് കൂടുതല്‍ പ്രവര്‍ത്തനം സംഭവിക്കുന്നു. പിന്നെ അത് കാര്‍പ്പല്‍ ടണല്‍ സിന്‍ട്രോം ആയി മാറുന്നു.
തൈറോയിഡ്, ഡയബറ്റിസ്, മദ്യപാനികള്‍ ഇവരിലും കാര്‍പ്പല്‍ ടണല്‍ സിന്‍ട്രോം കണ്ടുവരുന്നു. കൈക്കുഴയിലെ അസ്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പൊട്ടലോ സ്ഥാനഭ്രംശമോ ഉണ്ടായതിനുശേഷം അത് ശരിയായ രീതിയില്‍ പഴയതുപോലെ യോജിക്കാതിരിക്കുന്ന അവസ്ഥയിലും കൈയില്‍ തരിപ്പും മരവിപ്പും അനുഭവപ്പെടാം. പ്രമേഹരോഗികള്‍ കൃത്യസമയത്ത് ചികിത്സാ സഹായം തേടാതിരിക്കുന്നതും ഇതിന് കാരണമായേക്കാം. കൈകളില്‍ പെട്ടെന്ന് ഉണ്ടാകുന്ന തരിപ്പ്, മരവിപ്പ് ഇതൊക്കെ ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്.
ആദ്യകാലങ്ങളില്‍ പച്ചക്കറികള്‍ നുറുക്കുമ്പോഴോ, തറവൃത്തിയാക്കുമ്പോഴോ കൈയ്യിലുണ്ടാവുന്ന കഴപ്പ്, മരവിപ്പ് ഇതൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ അസുഖം ഉള്ള ആള്‍ക്കാര്‍ അധികമായ് ബസില്‍ പിടിച്ചുനില്‍ക്കുന്ന സയമത്തോ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്ന സമയത്തോ അമിതമായി കഴപ്പോ തരിപ്പോ അനുഭവപ്പെടാം. രാത്രി സമയങ്ങളിലാണ് ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. വേദനയോടുകൂടിയ തരിപ്പ്. മരവിപ്പ് ഇവ പല സ്ത്രീകളേയും രാത്രി ഉറക്കത്തില്‍ പോലും അസ്വസ്ഥരാക്കുന്നു. ഇങ്ങനെ രാത്രികാലങ്ങളില്‍ ഉണ്ടാവുന്ന വേദനയോടുകൂടിയ തരിപ്പ് കൈമുട്ടുവരെയോ, അല്ലങ്കില്‍ തോള്‍വരെയും നീളാറുമുണ്ട്. ഈ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ മരവിപ്പ് അധികമാവുകയും ഭാരമുള്ള വസ്തുക്കള്‍ എടുക്കാനാകാത്ത അവസ്ഥയിലേക്കും മാറാം. ഇങ്ങനെയുള്ള അവസ്ഥയില്‍ നാഡി ചലിപ്പിക്കാന്‍ സഹായിക്കുന്ന മാംസപേശികള്‍ക്ക് ബലക്ഷയം ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. കാര്‍പ്പല്‍ ടണല്‍ സിന്‍ട്രോം കൊണ്ട് പ്രധാനമായും കൈവിരലുകളിലും കൈവെള്ളക്കുമാണ് മരവിപ്പ് അനുഭവപ്പെടുന്നത്. ഇതില്‍ തള്ളവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയിലാണ് അധികമായ് മരവിപ്പ് അനുഭവപ്പെടുന്നത്.
ആദ്യകാലങ്ങളില്‍ ഏതെങ്കിലും പ്രത്യേക ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ കൈ തരിപ്പോ, കഴപ്പോ അനുഭവപ്പെടുന്നതെങ്കില്‍ അത് ഒഴിവാക്കാനോ സമയപരിധി കുറയ്ക്കാനോ ശ്രമിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ആയുര്‍വേദ സിദ്ധ മര്‍മ്മ ചികിത്സവളരെ പ്രയോജനപരമായാണ് കണ്ടുവരുന്നത്.
https://www.facebook.com/Malayalivartha