മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

സി.പി.എം സംസ്ഥാന നേതൃത്വത്തെയും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. വൈറൽ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹത്തിൽ സി.പി.എം നേതാക്കൾ പങ്കെടുത്തതിനെയാണ് ജോർജ് രാഷ്ട്രീയ ആയുധമാക്കുന്നത്. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടന്ന മൊണാലിസ-ഫർമാൻ ഖാൻ വിവാഹമാണ് ചർച്ചകൾക്ക് ആധാരം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇതിനെയാണ് പി.സി. ജോർജ് ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
"പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കുള്ള കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച" എന്നാണ് ജോർജ് കുറിച്ചത്. വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പാലക്കാട് എം.എൽ.എ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്കണം എന്നും, അങ്ങനെയായാൽ "ചെറുക്കൻ നന്നാവട്ടെ" എന്നും ജോർജ് പരിഹസിക്കുന്നു. ഇത് രാഹുൽ ഗാന്ധിയല്ല, രാഹുൽ മാങ്കൂട്ടത്തിലാണെന്നും അദ്ദേഹം എടുത്തുപറയുന്നു.
പ്രണയം വീട്ടുകാർ എതിർത്തതോടെ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിൽ അഭയം തേടിയ സോഷ്യൽ മീഡിയ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സി.പി.എം നേതാക്കളുടെ പൂർണ്ണ പിന്തുണയോടെ നടന്ന ഈ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ ഇതിലേക്ക് വലിച്ചിഴച്ച് പി.സി. ജോർജ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























