ഇപ്പോള്‍ തന്നെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് സ്പാനിഷ് ഫ്‌ലൂവിലെ മരണനിരക്കിനെക്കാള്‍ ഇരട്ടിയിലധികം ആളുകള്‍; കോവിഡ് എന്ന് അവസാനിക്കും!? ഗവേഷകര്‍ പറയുന്നത് കേട്ടോ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മളെല്ലാവരും കോവിഡിന്റെ പിടിയിലായാണ്. എന്നാകും കോവിഡില്‍ നിന്നും എല്ലാവരും മുക്തി നേടുക എന്നത് എപ്പോഴും ഉയരുന്ന ചോദ്യമാണ്. എന്നാല്‍ ഗവേഷകര്‍ ഇതിനെ കുറിച്ച് പറുന്നത് ഇപ്രകാരമാണ്. ലോകത്ത് കോടിക്കണക്കിന് ആളുകള്‍ ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. അതിനാല്‍ വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഉടന്‍ സാധിക്കില്ലെന്ന് മിനിസോട സര്‍വകലാശാലയിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറും യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനുമായ മൈക്കിള്‍ ഓസ്റ്റര്‍ഹോം പറയുന്നു.
വരും മാസങ്ങളില്‍ ക്ലാസ് മുറികളിലും പൊതുഗതാഗതത്തിലും ജോലി സ്ഥലങ്ങളിലും വൈറസ് വ്യാപന സാധ്യത കൂടുതലാണ്. വാക്‌സിനെടുത്താലും ആളുകളില്‍ രോഗവ്യാപനമുണ്ടാകും. ഒരിക്കല്‍കൂടി ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറഞ്ഞുകവിയുന്ന അവസ്ഥ ഉണ്ടായേക്കാം. സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയും വരാം.
കഴിഞ്ഞ 130 വര്‍ഷത്തിനുള്ളില്‍ ലോകം നേരിട്ട അഞ്ച് മഹാമാരികള്‍ പരിശോധിച്ചാല്‍ കോവിഡിന്റെ കാര്യത്തില്‍ ഒരു നിഗമനത്തിലെത്താമെന്ന് ഡെന്‍മാര്‍ക്കിലെ റോസ്‌കില്‍ഡ് സര്‍വകലാശാലയിലെ എപ്പിഡമിയോളജിസ്റ്റും പോപ്പുലേഷന്‍ ഹെല്‍ത്ത് സയന്‍സ്‌സ് പ്രഫസറുമായ ലോണ്‍ സൈമണ്‍സന്‍ വിലയിരുത്തുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന മഹാമാരി അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ളതായിരുന്നു. ഇവക്കെല്ലാം രണ്ടുമൂന്നു വര്‍ഷത്തിനുള്ളിലാണ് നാല് തരംഗങ്ങള്‍ വരെയുണ്ടായത്.
എന്നാല്‍ കോവിഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ മൂന്നാംതരംഗ ഭീഷണിയിലാണ്. 1918ലെ സ്പാനിഷ് ഫ്‌ലൂവിലെ മരണനിരക്കിനെക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ കോവിഡ് ബാധിച്ച് മരിച്ചു. ഇതൊക്കെ വെച്ചുനോക്കുമേ്ബാള്‍ കോവിഡ് വൈറസ് ഉടനൊന്നും വിട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് ലോണ്‍ സൈമണ്‍സണ്‍ പറയുന്നത്. അടുത്ത മാസങ്ങള്‍ നിര്‍ണായകമാണ്.
വാക്‌സിനെടുക്കാത്ത ഒരുപാടാളുകള്‍ ഇപ്പോഴുമുണ്ട്. അതുപോലെ വാക്‌സിനെ പ്രതിരോധിക്കുന്ന വകഭേദങ്ങളും ഭീഷണിയാണ്. അതുകൊണ്ട് ആറുമാസത്തിനുള്ളില്‍ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തില്ല. എന്നാല്‍, ലോക ജനസംഖ്യയുടെ 90 മുതല്‍ 95 ശതമാനം വരെ ആളുകളും വാക്‌സിനെടുത്ത് പ്രതിരോധ ശേഷി നേടിയാല്‍ ഇതിനു മാറ്റംവരാം.
യു.എസ്, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, റഷ്യ, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവയാണ് വാക്‌സിനേഷനില്‍ മുന്നില്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ താഴെയാണ് ഇപ്പോഴും വാക്‌സിന്‍ നിരക്ക്. ഇന്ത്യയില്‍ 26 ശതമാനം ആളുകള്‍ മാത്രമാണ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചത്. മലേഷ്യ, മെക്‌സികോ, ഇറാന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഡെല്‍റ്റ വകഭേദത്തിന്റെ പിടിയിലാണ്.
വാക്‌സിനേഷന്‍ വൈറസിനെതിരെ ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന പഠനങ്ങള്‍. എന്നാല്‍ ആ പ്രതീക്ഷയും ഇപ്പോള്‍ ഇല്ലാതായി. പരമാവധി ആറുമാസം വരെയേ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും പ്രതിരോധ ശേഷിയുണ്ടാകൂ എന്നാണ് പുതിയ കണ്ടെത്തല്‍. അതിനാല്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും പറയുന്നു.
https://www.facebook.com/Malayalivartha