നട്ടെല്ലിന്റെ വൈകല്യങ്ങള്‍ ചികില്‍സിച്ചു മാറ്റാം

നട്ടെല്ലിന്റെ വൈകല്യങ്ങള്‍ ചികില്‍സിച്ചു മാറ്റാം
ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവ് വേദന വന്നിട്ടില്ലാത്ത ആള്‍ക്കാര്‍ ചുരുക്കമാണ്. നിസാര കാരണങ്ങള്‍ മുതല്‍ ഗുരുതരമായ രോഗങ്ങള്‍ കൊണ്ടും നടുവ് വേദന വരാം. 90 ശതമാനം നടുവ് വേദന ഉണ്ടാകുന്നതും നട്ടെല്ലിനെ താങ്ങി നിര്‍ത്തുന്ന മസ്‌ക്കിള്‍സ്, ലിഗാമെന്റ്‌സ്, ഡിസ്‌ക് ഇവയ്ക്കുണ്ടാകുന്ന അമിതോപയോഗവും വലിച്ചില്‍, കോച്ചല്‍, ക്ഷതങ്ങള്‍ എന്നിവ മൂലവുമാണ്.കശേരുക്കള്‍ (വെര്‍ട്ടിബ്ര) എന്നു വിളിക്കുന്ന ചെറിയ എല്ലുകള്‍ കൊണ്ടാണ് നമ്മുടെ നട്ടെല്ല് രൂപപ്പെടുത്തിയിരിക്കുന്നത്. പേശികളും ഞരമ്പുകളും കൊണ്ടാണ് അവയെ തമ്മില്‍ ചേര്‍ത്തു വച്ചിരിക്കുന്നത്. പരന്ന ഡിസ്‌കുകള്‍ ഓരോ വെര്‍ട്ടിബ്രയെയും തമ്മില്‍ വേര്‍തിരിക്കുകയും അവയ്ക്കിടയില്‍ ഒരു കുഷ്യന്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ വെര്‍ട്ടിബ്രയും വ്യത്യസ്തമായതിനാല്‍ നട്ടെല്ല് നല്ല വഴക്കമുള്ള അവയവമാണ്. മുന്നില്‍ നിന്ന് നോക്കിയാല്‍ നട്ടെല്ല് നേരേ നില്‍ക്കുകയാണെന്നു തോന്നും. എന്നാല്‍, വശത്തു നിന്നു നോക്കിയാല്‍, ആരോഗ്യമുള്ള ഒരു നട്ടെല്ലില്‍ വിവിധ വളവുകള്‍ കാണാന്‍ സാധിക്കും. കഴുത്തിന്റെ (സെര്‍വിക്കല്‍) ഭാഗത്ത് നട്ടെല്ലിന് മുന്‍പോട്ട് അല്‍പം വളവുണ്ട്. നെഞ്ചിന്റെ (തൊറാസിക്) ഭാഗത്ത് നട്ടെല്ലിന് പിന്നോട്ടാണ് വളവ്. താഴെ ഭാഗത്താകട്ടെ (ലംബാര്‍) വളവ് മുന്നോട്ടാണ്
.
നട്ടെല്ലിന്റെ സാധാരണ രൂപത്തിനു മാറ്റം വരികയും വളവുകള്‍ സാധാരണയിലും വലുതാവുകയും ചെയ്യുമ്പോള്‍ അതു പ്രശ്‌നമുണ്ടാക്കുന്നതാകും. രണ്ടു തരത്തിലാണ് നട്ടെല്ലിന്റെ വൈകല്യങ്ങള്‍ കാണപ്പെടുക. മുന്നില്‍നിന്നു നോക്കുമ്പോള്‍ വശങ്ങളിലേക്ക് വളവ് കാണപ്പെടുന്നതിനെ സ്‌കോളിയോസിസ് എന്നു പറയും. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ മുന്നില്‍ നിന്ന് പിന്നിലേക്കുള്ള കൂനുപോലെ കാണപ്പെടുന്നതിനെ കൈഫോസിസ് അല്‌ളെങ്കില്‍ ലോര്‍ഡോസിസ് എന്നും അറിയപ്പെടുന്നു. നട്ടെല്ലിന് ചെറിയ തോതിലുള്ള രൂപഭ്രംശം ഉണ്ടാകുന്നത് സാധാരണമാണെങ്കിലും അതു വലുതാകുകയാണെങ്കില്‍ മരുന്നു ചികിത്സയോ ശസ്ത്രക്രിയയോ വേണ്ടിവന്നേക്കാം.
മാംസപേശി, അസ്ഥികളെ ബന്ധിപ്പിക്കുന്ന തന്തു, നട്ടെല്ലിന്റെ കശേരുക്കളുടെ ഭാഗത്തെ സന്ധികള്‍, ഇവയ്ക്കുണ്ടാകുന്ന പരിക്കോ അമിത ഉപയോഗവും നടുവേദനയുണ്ടാക്കും. തെറ്റായ രീതിയില്‍ ഭാരം ഉയര്‍ത്തുക, നട്ടെല്ലിന് പെട്ടെന്നോ സ്ഥിരമായോ ഉണ്ടാകുന്ന അമിത സമ്മര്‍ദ്ദം (ടൂ വീലര്‍ യാത്ര) മൂലം ഡിസ്‌ക് തെറ്റി ഞരമ്പുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും പ്രശ്‌നമുണ്ടാക്കും.
സന്ധിവീക്കം (പ്രായമേറിയവരിലാണ് കൂടുതലായി കാണപ്പെടുന്നത്), നട്ടെല്ലിന്റെ അസ്ഥികളെ ബന്ധിപ്പിക്കുന്ന തന്തുവിന് വീക്കം, വീഴ്ചയിലൂടെയും മറ്റും നട്ടെല്ലിന്റെ കശേരുക്കള്‍ യഥാസ്ഥാനത്തുനിന്ന് തെന്നിമാറുന്ന അവസ്ഥ, പ്രായാധിക്യം മൂലം സ്‌പൈനല്‍ കനാലിനുണ്ടാകുന്ന ചുരുക്കം, അപകടങ്ങള്‍, വീഴ്ചകള്‍ ഇവ മൂലം നട്ടെല്ലിനുണ്ടാകുന്ന പൊട്ടല്‍, നട്ടെല്ലിന്റെ വൈകല്യങ്ങള്‍ എന്നിവയും വേദനയ്ക്ക് കാരണമാകുന്നു.
മാസമുറ നിന്നതോ ഗര്‍ഭാശയം നീക്കം ചെയ്തതോ ആയ സ്ത്രീകള്‍ക്കും ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് ഔഷധങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഉണ്ടാകുന്ന അസ്ഥിബലക്ഷയം മൂലം നട്ടെല്ലിനുണ്ടാകുന്ന ചെറിയ സമ്മര്‍ദവും , നട്ടെല്ലിനുണ്ടാകുന്ന അണുബാധയും, മുഴയും പ്രശ്‌നക്കാരാണ്.
നട്ടെല്ലുമായി ബന്ധമില്ലാതെ നിരവധി രോഗങ്ങള്‍ നടുവ് വേദനയ്ക്ക് കാരണമാകുന്നു. ഗര്‍ഭാശയ പിത്താശയ സംബന്ധമായ രോഗങ്ങള്‍, മൂത്രനാളിയിലെ അണുബാധ, മൂത്രത്തില്‍ കല്ല്, പാന്‍ക്രിയാസിസിന് ഉണ്ടാകുന്ന നീര്‍ക്കെട്ട്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം തുടങ്ങിയവഇവയില്‍ ചിലതുമാത്രമാണ്. ശാരീരികമൂത്രപരിശോധന, എക്‌സറേ, അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, മൈലോഗ്രാം എന്നിവയിലൂടെയാണ് രോഗം കണ്ടുപിടിക്കുന്നത്.
നട്ടെല്ല് അസ്വാഭാവിക രീതിയില്‍ വളരാന്‍ ഇടവരുത്തുന്ന കാരണങ്ങള്‍ ജന്മനാ ഉണ്ടാകാം. ഇതിനെ കണ്‍ജനീറ്റല്‍ സ്‌കോളിയോസിസ് എന്നും കണ്‍ജനീറ്റല്‍ കൈഫോസിസ് എന്നും വിളിക്കുന്നു. നാഡിക്കോ പേശിക്കോ ഉണ്ടാകുന്ന രോഗങ്ങളും പരിക്കുകളും സെറിബ്രല്‍ പാള്‍സി പോലുള്ള അസുഖങ്ങളും കാരണമാണിത്. നട്ടെല്ലും സ്‌പൈനല്‍ കനാലും ജനനത്തിനു മുന്‍പേ അടയാത്തത് മെയ്‌ലോമെനിന്‍ജോസീല്‍ എന്ന അവസ്ഥയുണ്ടാക്കും. ഇതും നട്ടെല്ലിന്റെ വൈകല്യത്തിനിടയാക്കും. ഒരുതരം വാതം നട്ടെല്ലിനെ ബാധിക്കാം. അന്‍കൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് എന്നറിയപ്പെടുന്ന അവസ്ഥ മൂലം നട്ടെല്ലിന് ഒന്നിലധികം പരിക്കുകള്‍ ഉണ്ടാകാം. എന്നാല്‍, 80 ശതമാനം പേരിലും പൊതുവായി കാണപ്പെടുന്നത് പ്രത്യേകിച്ച് ഒരു കാരണമില്ലാതെ നട്ടെല്ലിന്റെ ശരിയായ വളര്‍ച്ചയെ ബാധിക്കുന്ന ഇഡിയോപ്പതിക് സ്‌കോളിയോസിസ് എന്ന അവസ്ഥയാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ നട്ടെല്ല് നേരെ വളരാതിരിക്കുന്നതാണ് ഈ അവസ്ഥ.ചെറുപ്പത്തിലേ നട്ടെല്ലിന്റെ വളവ് കണ്ടത്തെി ചികിത്സിച്ചാല്‍ മുതിരുമ്പോള്‍ ഇതൊരു പ്രശ്‌നമാകുന്നതു തടയാന്‍ സാധിക്കും
വളവിന്റെ സ്ഥാനവും ഗൗരവവും ആശ്രയിച്ചിരിക്കും ബാല്യകാലത്തും കൗമാരത്തിന്റെ തുടക്കത്തിലുമുള്ള ചികിത്സ. നട്ടെല്ലിനെ നേരേ നില്‍ക്കാന്‍ സഹായിക്കുന്ന ബ്രേസ് കെട്ടിവയ്ക്കുന്നത് വഴി വളരുന്ന പ്രായത്തില്‍ വളവിന് പരിഹാരം കാണാനോ വളവ് കൂടി വരുന്നതു തടയാനോ സഹായിക്കും. മുതുകിലെ പേശികള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കാനുള്ള വ്യായാമ പദ്ധതിയാണ് മറ്റൊരു മാര്‍ഗം. ചില കേസുകളില്‍ ബ്രേസ് ഇടുന്നതു കൊണ്ട് ഫലമില്ലാതെ വരികയോ വളവ് തുടര്‍ന്നും ഉണ്ടാവുകയോ ചെയ്താല്‍ ശസ്ത്രക്രിയയാണ് മാര്‍ഗം.
വളവ് നിവര്‍ത്തുകയും നട്ടെല്ലിന്റെ കശേരുക്കള്‍ വിട്ടുമാറാതെ ഉറപ്പിച്ചു നിറുത്തുകയുമാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. ദണ്ഡ് നട്ടെല്ലില്‍ ഘടിപ്പിച്ചാണ് കറക്ഷന്‍ വരുത്തുന്നത്. ധാരാളം ഹുക്കുകള്‍, സ്‌ക്രൂകള്‍, വയറുകള്‍ എന്നിവ ഉപയോഗിച്ചാണ് ദണ്ഡ് നട്ടെല്ലുമായി ഘടിപ്പിക്കുന്നത്. ഇങ്ങനെ ഘടിപ്പിക്കുന്നതിനെ ഇന്‍േറണല്‍ ഫിക്‌സേഷന്‍ എന്നു പറയും. ഫ്യൂഷന്‍ ഫലവത്തായി ഉറക്കുന്നതു വരെ ഫിക്‌സേഷന്‍ അതിന് താങ്ങായി ഉണ്ടാവും. എല്ലില്‍ നിന്നുള്ള ഗ്രാഫ്റ്റ് വസ്തുവാണ് ഫ്യൂഷനിലൂടെ കശേരുക്കള്‍ ഒട്ടിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുക.
മുതിര്‍ന്നവരില്‍ സ്‌കോളിയോസിസ് മൂലമുണ്ടാകുന്ന പുറംവേദന നിയന്ത്രിക്കാന്‍ മരുന്ന്, വ്യായാമം, ഫിസിക്കല്‍ തെറാപ്പി, ബ്രേസ് ഘടിപ്പിക്കല്‍, ശരീരഭാരം കുറക്കല്‍ എന്നിവ പരീക്ഷിക്കാറുണ്ട്. കടുത്ത വേദനയുണ്ടാവുക, അസ്ഥിവ്യുഹം പൂര്‍ണമായും വളര്‍ന്നശേഷവും വളവ് തുടര്‍ന്നുകൊണ്ടിരിക്കുക എന്നീ അവസ്ഥകളിലേ മുതിര്‍ന്നവരില്‍ സ്‌കോളിയോസിസിന് സര്‍ജറി നടത്താറുള്ളൂ.ഭൂരിപക്ഷം രോഗികള്‍ക്കും വേദനയില്‍ കാര്യമായ കുറവുണ്ടാവുകയും ആകാരഭംഗി തിരിച്ചുകിട്ടുകയും ചെയ്യും.
https://www.facebook.com/Malayalivartha