ശരീത്തിന്റെ ആരോഗ്യത്തിനായി വ്യായാമം, ആഹാരം, ജിം... മനസ്സിന്റെ ആരോഗ്യത്തിനോ ?

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ. കേട്ട് പഴകിയ വാചകങ്ങളാണിത്. ഇന്നത്തെ സമൂഹത്തിൽ ഇതിനെ രണ്ടിനെ പറ്റിയും ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീത്തിന്റെ ആരോഗ്യത്തിനായി നാം ചെയ്യാത്തതായി ഒന്നുമില്ല. നടത്തം, ഓട്ടം, സൈക്ലിംഗ്, ഡാൻസ്, ആഹാര ക്രമീകരണം, എന്നിവയ്ക്ക് പുറമെ ജിം പോലുള്ള സ്ഥലങ്ങളിൽ ചെന്ന് ശരീരത്തെ പുഷ്ടിപ്പെടുത്താനും ഷേപ്പ് വരുത്താനും ആരോഗ്യത്തോടെ കാത്ത് സൂക്ഷിക്കാനും എന്തൊക്കെയാണ് നാം ചെയ്യാറുള്ളത്. അങ്ങനെ മെച്ചപ്പെടുത്തി എടുത്ത ശരീരത്തിന്റെ സൗന്ദര്യം നാം തന്നെ സ്വയം നോക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ മനസ്സിന്റെ ആരോഗ്യത്തിന് വേണ്ടി നാം എന്താണ് ചെയ്യാറുള്ളത്? ശരീരത്തിന്റെ ആരോഗ്യത്തെക്കാൾ പ്രാധാന്യമുള്ളതാണ് മനസ്സിന്റെ ആരോഗ്യം. മാനസികമായ നാം ആരോഗ്യത്തോടെ ഇരിക്കാൻ നാം ശ്രമിക്കണം.
പല കാരണങ്ങൾ മനസിന്റെ ആരോഗ്യത്തെ ഹനിക്കുന്നു. ദേഷ്യം, അസൂയ, വൈരാഗ്യം, കോപം, ഉത്കണ്ഠ, പേടി, വിഷമം, വിഷാദം,മനോവിഭ്രാന്തി, സമ്മർദ്ദം തുടങ്ങിയവയെല്ലാം മനസ്സിന്റെ വൈകല്യം കാരണം ഉണ്ടാകുന്ന അവസ്ഥകളാണ്. തിരക്ക് പിടിച്ച ജീവിതവും ലക്‌ഷ്യം കൈ എത്തി പിടിക്കാനുള്ള ഓട്ടവും ഇങ്ങനെ മനുഷ്യൻ പായുന്ന കാര്യങ്ങൾ എല്ലാം സമ്മാനിക്കുന്നത് മാനസികമായ അസ്വസ്ഥകളാണ്. മനസ്സിന് നല്ല ആരോഗ്യം ഇല്ലെങ്കിൽ അത് തീർച്ചയായും ശരീരത്തെ ബാധിക്കുക തന്നെ ചെയ്യും. നല്ല ചിന്തകളാണ് മനുഷ്യമനസ്സിന്റെ ആരോഗ്യത്തിന് വേണ്ടതെന്ന് മാനസിക വിദഗ്ധർ പറയുന്നത്. മാനസികാരോഗ്യം എന്നത് കൊണ്ട് ഉദ്ദേശ്ശിക്കുന്നത് മനസ്സിന്റെ സന്തോഷമാണ്. മനസ്സിന്റെ ഇരിപ്പിടം തലച്ചോറാണ്. തലച്ചോറിന്റെ ആരോഗ്യമാണ് മാനസികാരോഗ്യത്തിന് പ്രധാനം. നല്ല ചിന്തകൾ തലച്ചോറിന്റെ പൂർണ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നു. അലസമായ മനസ്സു ചെകുത്താന്റെ പണി പുരയാണ് എന്ന് പറയാറുണ്ട്. മനസ്സിനെ ഒറ്റക്ക് മേയാൻ അനുവദിക്കരുത്. മനസ്സിന്റെ നിയന്ത്രണം നമ്മുടെ കയ്യിൽ തന്നെ ആയിരിക്കണം. വിഷമം സമ്മർദ്ദം എന്നിവ വരുന്ന സമയം അതിനെ പട്ടി കൂടുതൽ ആലോചിച്ച് മനസിനെ വേദനിപ്പിക്കാതെ മറ്റെന്തെങ്കിലും ചെയ്യുക. നമ്മുടെ ഹോബികളിലേക്ക് തിരിയാവുന്നതാണ്. വീട്ടിൽ ഓമന മൃഗങ്ങളെ വളർത്തി അവയ്ക്കൊപ്പം സമയം ചിലവഴിക്കാവുന്നതാണ്. മാത്രമല്ല മറ്റുള്ളവർക്കൊപ്പം ഇടപഴകുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോൾ മനസ്സിനെ തണുപ്പിക്കാൻ കഴിയും. മനസ്സിന് താങ്ങാനാവാത്ത വിഷമങ്ങൾ വരുമ്പോൾ അത് ആരോടെങ്കിലും പറയണമെന്നുണ്ടെങ്കിൽ അടുപ്പമുള്ളതും വിശ്വാസ യോഗ്യരായവരോടും മാത്രം പറയുക. പ്രശ്നങ്ങൾ നമ്മെ ഉരുക്കുമ്പോൾ ഉരുകി പോകാതെ ഉരുകി ഉറയ്ക്കുക. മനസ്സിനെ അതിനായി ഒരുക്കുക. ധ്യാനവും മാനസിക സമ്മർദങ്ങളെ അകറ്റാൻ തിരഞ്ഞെടുക്കാവുന്ന വഴിയാണ്.
നല്ല ആഹാര ശീലം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മികച്ച ഔഷധം തന്നെയാണ്. നല്ല ആഹാര ശീലത്തിന് മാനസിക സമ്മർദം മൂലമുണ്ടാകുന്ന ദേഷ്യം, ഉത്കണ്ഠ, വിഷാദം ഇതെല്ലാം കുറയ്ക്കാൻ കഴിയും . വാഴപ്പഴം സമ്മർദം വേഗത്തിൽ കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇതിൽ ധാരാളമായി ട്രിപ്റ്റോപെൻ, ടൈറസീൻ എന്നിവ അടങ്ങിയിട്ടുണ്ട്. നാരങ്ങ, മാങ്ങ, പേരയ്ക്ക, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയവയൊക്കെ കഴിക്കുന്നതു നല്ലതാണ്. ഇതോടൊപ്പം സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തിൽ വൈറ്റമിൻ ഡി 3 ഉൽപാദനത്തെ സഹായിക്കും. ഇതു വിഷാദം പോലുള്ളവയെ കുറയ്ക്കും. വ്യായാമം, ശ്വസന വ്യായാമം, സംഗീതം, നൃത്തം എന്നിവയെല്ലാം സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഫ്രൈഡ് ഫുഡ്, പ്രോസസ്ഡ് ഫുഡ്, റെഡ് മീറ്റ്, സോഫ്റ്റ് ഡ്രിങ്ക്, മധുരം, കൃത്രിമ മധുരം എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അനുപാതത്തിൽ വളരെ വേഗത്തിൽ മാറ്റംവരുത്തുന്നവയാണ്. ഉത്കണ്ഠ, ദേഷ്യം, തലവേദന എന്നിവ ഇതിലൂടെ ഉണ്ടാകുന്നു. ആഹാരത്തിലൂടെയും നല്ല ചിന്തകളിലൂടെയും മനസ്സിന്റെ നല്ല ആരോഗ്യത്തിന്നായി പരിശ്രമിക്കുക.
https://www.facebook.com/Malayalivartha