പച്ചക്കറിയിലെ വിഷാംശത്തെ അകറ്റാം

ആരോഗ്യ സംരക്ഷണത്തിനു പച്ചക്കറികളിലെ വിഷം കളഞ്ഞ് ഉപയോഗിക്കുന്നതിനുള്ള ബോധവല്‍കരണവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ഓരോതരം പച്ചക്കറികള്‍ക്കും വിഷം കളയാന്‍ എന്തെല്ലാം ചെയ്യാമെന്നുള്ള നിര്‍ദേശങ്ങളാണു കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പുറത്തിറക്കിയിരിക്കുന്നത് അത് എന്തെല്ലാമെന്നു നോക്കാം.
ചീര
വേരു മുറിച്ചു കളഞ്ഞശേഷം ചീര വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. പിന്നീടു വെള്ളം തുടച്ച് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം.
പയര്‍, പടവലം
വളരെ മൃദുവായ സ്‌ക്രബ് പാട് ഉപയോഗിച്ച് ഉരസി കഴുകുക. വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ചു തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
മല്ലിയില
വേരു മുറിച്ച മല്ലിത്തണ്ട് ടിഷ്യു പേപ്പറിലോ കോട്ടണ്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് കണ്ടയ്‌നറില്‍ സൂക്ഷിക്കുക. ഉപയോഗത്തിനു മുന്‍പു വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ പത്തുമിനിറ്റ് മുക്കി വച്ചശേഷം വെള്ളത്തില്‍ പലതവണ കഴുകി ഉപയോഗിക്കാം.
നെല്ലിക്ക, കോവയ്ക്ക
വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. കോട്ടണ്‍ തുണി ഉപയോഗിച്ചു തുടച്ച് ഫ്രിജില്‍ സൂക്ഷിക്കാം.
ചുവന്നുള്ളി, വെളുത്തുള്ളി
തൊലി കളഞ്ഞു പലതവണ വെള്ളത്തില്‍ കഴുകി ഉപയോഗിക്കുക.
കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങയ്ക്ക
പലതവണ വെള്ളത്തില്‍ കഴുകുക. സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വയ്ക്കുക, പിന്നീടു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് ഫ്രിജില്‍ സൂക്ഷിക്കുക. ഉപയോഗത്തിനു മുന്‍പുമാത്രം തൊലി കളയുക.
തക്കാളി, പച്ചമുളക്, കാപ്‌സിക്കം, കത്തിരി, വെള്ളരി
വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. സുഷിരങ്ങളുള്ള പാത്രത്തില്‍ ഒരു രാത്രി വച്ചശേഷം മുളക്, കാപ്‌സിക്കം, കത്തിരി എന്നിവയുടെ ഞെട്ട് അടര്‍ത്തി മാറ്റി കോട്ടണ്‍ തുണിയില്‍ കെട്ടി ഫ്രിജില്‍ സൂക്ഷിക്കാം.
കോളിഫ്‌ളവര്‍
ഇലയും തണ്ടും വേര്‍പെടുത്തി കോളി ഫ്‌ളവറിന്റെ ഇതളുകള്‍ അടര്‍ത്തി വിനാഗിരി ലായനിയിലോ ഉപ്പുലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. വെള്ളം പോയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
കാബേജ്
പുറമേയുള്ള മൂന്നോ നാലോ ഇതളുകള്‍ നീക്കിയശേഷം കഴുകി, വെള്ളം തുടച്ച് ഫ്രിജില്‍ സൂക്ഷിക്കാം.
ലായനി തയ്യാറാക്കുന്നത് ഇങ്ങനെ
വിനാഗിരി ലായനി- 20 മില്ലി വിനാഗിരി ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുക.
ഉപ്പ് ലായനി - 20 ഗ്രാം ഉപ്പ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുക.
വാളന്‍പുളി ലായനി- 20 ഗ്രാം വാളന്‍പുളി ഒരു ലീറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനി. അല്ലെങ്കില്‍ പാക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന റ്റാമറിന്റ് പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha