നാഷണൽ വാക്കത്തോൺ’ സംഘടിപ്പിച്ച് അമൃത ആശുപത്രിയും വാസ്‌കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയും...

വാസ്കുലാർ രോഗങ്ങളെ കുറിച്ചും, വാസ്‌കുലാർ ആരോഗ്യത്തിന്റെ പ്രാധാന്യവും അംപ്യൂട്ടേഷൻ (ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റൽ) ഒഴിവാക്കാനുള്ള ബോധവൽക്കരണവും ലക്ഷ്യമാക്കി കൊച്ചിയിൽ വാക്കത്തോൺ നടന്നു. രാജ്യവ്യാപകമായി നടക്കുന്ന 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ'യുടെ ഭാഗമായാണ് കൊച്ചി അമൃത ആശുപത്രിയും വാസ്‌കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയും വാസ്‌കുലാർ സൊസൈറ്റി ഓഫ് കേരളയും ചേർന്ന് വാക്കത്തോൺ സംഘടിപ്പിച്ചത്. കളമശേരി ഡെക്കാത്‌ലോണിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. വാസ്കുലാർ രോഗങ്ങളെ കുറിച്ചും ജീവിത ശൈലി രോഗങ്ങളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്നു ഹൈബി ഈഡൻ എം.പി പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിലെ വാസ്‌കുലാർ & എൻഡോവാസ്‌കുലാർ സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സിദ്ധാർഥ് വിശ്വനാഥൻ, വാസ്‌കുലാർ & സോളിഡ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗം മേധാവി ഡോ. സുധിന്ദ്രൻ.എസ്., വാസ്‌കുലാർ & എൻഡോവാസ്‌കുലാർ സർജറി വിഭാഗം കൺസൽട്ടൻറ് ഡോ. സലീഷ്. കെ.എസ്., ലൂർദ്ദ് ആശുപത്രിയിലെ വാസ്‌കുലാർ & എൻഡോവാസ്‌കുലാർ വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. വിമൽ ഐപ്പ് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പാലിക്കാനുള്ള ആവശ്യകതയും, വാസ്‌കുലാർ രോഗങ്ങൾക്കും കൈകാലുകൾക്ക് ഭീഷണിയാകുന്ന അവസ്ഥകൾക്കും, നേരത്തെ തിരിച്ചറിയലിനുള്ള പൊതുബോധവൽക്കരണത്തിന്റെ ആവശ്യകതയും ഡോ. സിദ്ധാർഥ് വിശ്വനാഥൻ വിശദീകരിച്ചു. ഇതിലൂടെ വൈകാതെ ഫലപ്രദമായ ചികിത്സകൾ നൽകാനാകുമെന്നും, അതുവഴി അംപ്യൂട്ടേഷൻ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള 250-ലധികം പേർ വാക്കത്തോണിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha























