"ഹെര്‍ബല്‍ വയാഗ്ര" അഥവാ സസ്യജന്യ കാമോദ്ദീപക വസ്തുക്കള്‍
![](https://www.malayalivartha.com/assets/coverphotos/w657/59515_1494933035.jpg)
ലൈംഗികവാസന കൂട്ടുന്നതോ സംയോഗാസക്തി വര്‍ധിപ്പിക്കുന്നതോ ലൈംഗിക സുഖവും പ്രകടനവും മെച്ചപ്പെടുത്തുന്നതോ ആയ ഏതൊരു ഭക്ഷണത്തെയും മരുന്നിനെയുമാണ് അഫ്രോഡിസിയാക് അഥവാ കാമോദ്ദീപക വസ്തുക്കള്‍ എന്നു വിളിക്കുന്നത്.
ലൈംഗികാനുഭൂതികളെ ഉണർത്താൻ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾക്ക് സഹസ്രാബ്ദങ്ങളുടെതന്നെ ചരിത്രമുണ്ട്.ഗ്രീക്കുകാരുടെ പ്രണയ ദേവതയായ 'അഫ്രോഡെറ്റി'യുടെ പേരില്‍ നിന്നാണ് അഫ്രോഡിസിയാക് എന്ന വാക്കിന്റെ ഉത്ഭവം.
ലൈംഗികാഗ്രഹം വര്‍ദ്ധിക്കുന്നത്, സംതൃപ്തമായ ദാമ്പത്യ ബന്ധത്തിനും ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള ശാരീരിക ചികിത്സയുടെ കാര്യത്തിലും ഗുണകരമാണ്. നിലവില്‍ മരുന്നുകളും ഹോര്‍മോണുകളും സര്‍ജിക്കല്‍ ഇംപ്ളാന്റുകളും കുത്തിവയ്പും മറ്റുമാണ് ഇതിനുള്ള ചികിത്സ. ഇത്തരം മാർഗ്ഗങ്ങൾക്ക് പാർശ്വ ഫലങ്ങൾ ധാരാളമുണ്ട്.
കാമോദ്ദീപനത്തിനായി ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന സസ്യജന്യമായ വസ്തുക്കള്‍ എന്തെല്ലാമെന്ന് നോക്കാം;
കുങ്കുമം (Saffron)
'ക്രോകസ് സാറ്റൈവസ് 'എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുങ്കുമച്ചെടികള്‍ വര്‍ഷങ്ങളോളം നശിക്കാതെ നിലനില്‍ക്കുന്നവയാണ്. ഇറാന്‍, ഇന്ത്യ, ഗ്രീസ് എന്നിവിടങ്ങളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. പരമ്പരാഗത വൈദ്യത്തില്‍, കുങ്കുമം ഫലപ്രദമായ ഒരു കാമോദ്ദീപക വസ്തുവായി ഉപയോഗിച്ചുവരുന്നു.
സഫേദ് മുസലി (Safed Musli)
സഫേദ് മുസലി എന്ന് അറിയപ്പെടുന്ന ക്ളോറോഫൈറ്റം ബോറിവിലിയാനം സസ്യജന്യമായ ഒരു കാമോദ്ദീപക വസ്തുവാണ്. ഇതിന്റെ കിഴങ്ങാണ് കാമോദ്ദീപനത്തിനായി പ്രയോജനപ്പെടുത്തുന്നത്. പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനും ശാരീരികമായ പിരിമുറുക്കം കുറയ്ക്കുന്നതിനുമുള്ള ഇതിന്റെ കഴിവുകള്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജാതി (Nutmeg)
യുനാനി ചികിത്സയില്‍, ഉണക്കിയ ജാതി (മൈറിസ്റ്റിക ഫ്രാഗ്രന്‍സ്) കുരു പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ഈന്തപ്പനയുടെ പൂമ്ബൊടി (Date Palm Pollen)
പേര്‍ഷ്യന്‍, അറബ് മേഖലകളില്‍ ധാരാളമായി കാണപ്പെടുന്ന ഈന്തപ്പനയുടെ (ഫീനിക്സ് ഡാക്റ്റിലൈഫെറ) പൂമ്പൊടി (ഡേറ്റ് പാം പോളന്‍ - ഡിപിപി) പുരുഷവന്ധ്യതയ്ക്കെതിരെയുള്ള പരമ്പരാഗത ചികിത്സയില്‍ ഉപയോഗിച്ചിരുന്നു.
ഞെരിഞ്ഞില്‍ (Tribulus terrestris )
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന സസ്യമാണ് ഞെരിഞ്ഞില്‍ (ട്രിബുലസ് ടെറസ്ട്രിസ് -ടിടി). ഇതിന്റെ ഉപയോഗം മനുഷ്യരില്‍ ലൈംഗികാഗ്രഹത്തെ വര്‍ധിപ്പിക്കുന്നതിനൊപ്പം പുരുഷ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പനാക്സ് ജിന്‍സെങ്ങ് (Panax ginseng)
മുന്‍കാലങ്ങളില്‍, ലോകത്തിലെ ഏറ്റവും മികച്ച കാമോദ്ദീപക വസ്തു എന്ന ബഹുമതി ചൈനീസ് സസ്യമായ പനാക്സ് ജിന്‍സെങ്ങിന് ആയിരുന്നു. ഗ്രീക്ക് ഭാഷയില്‍ 'പനാക്സ്' എന്ന വാക്കിന് 'എല്ലാം സുഖപ്പെടുത്തുന്നത്' എന്നാണ് അര്‍ത്ഥം. ഇതിന്റെ വേരുകള്‍ക്ക് ശരീരത്തിനു മുഴുവന്‍ പുതുജീവന്‍ നല്‍കാനുള്ള കഴിവുണ്ട് എന്നാണ് കരുതപ്പെടുന്നത്.
പോസിനിസ്താലിയ യോഹിമ്ബേ (Pausinystalia yohimbe)
പടിഞ്ഞാറന്‍ ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന നിത്യഹരിത സസ്യമാണ് പോസിനിസ്താലിയ യോഹിമ്ബേ. ലൈംഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 'ഫിസിഷ്യന്‍സ് ഇന്‍ഡക്സ് റഫറന്‍സ് ' ല്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ഏക സസ്യം ഇതാണ്. ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള മരുന്നായി, 75 ല്‍ അധികം വര്‍ഷങ്ങളായി ഇത് ഉപയോഗിച്ചുവരുന്നു. ഷണ്ഡത്വത്തിനുള്ള ചികിത്സയ്ക്കായി, 1980 കളുടെ അവസാനത്തില്‍, എഫ്ഡിഎയും ഇതിന്റെ ഉപയോഗം അംഗീകരിച്ചു. "ഹെര്‍ബല്‍ വയാഗ്ര"എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് ഉപയോഗിക്കുന്നതു മൂലം രക്തക്കുഴലുകള്‍ വികസിക്കുകയും രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതു മൂലം, ലിംഗത്തിലേക്കുള്ള രക്തപ്രവ്വാഹവും വര്‍ദ്ധിക്കുകയും അതുവഴി ലിംഗോദ്ധാരണം നടക്കുകയും ചെയ്യുന്നു.
സസ്യജന്യമാണെങ്കിലും കാമോദ്ദീപകങ്ങളായ വസ്തുക്കള്‍ക്ക് അസുഖകരങ്ങളായ പാര്‍ശ്വഫലങ്ങളും ഉണ്ടായേക്കാം. വയാഗ്രയുടെ ഉപയോഗം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വഷളാക്കുന്നതിനും ചില അവസരങ്ങളിൽ മരണത്തിനു വരെയും കാരണമാകാമെന്ന് പല ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്
വയാഗ്രയെ പോലെ പ്രവർത്തിക്കുന്നതും ഔഷധ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതുമായ ഉത്തേജക വസ്തുക്കൾക്ക് വിപണിയിൽ നിന്ന് ലഭിക്കുന്ന ഉത്തേജകങ്ങളെക്കാൾ അപകടസാധ്യത കുറവായിരിക്കും. ഇത്തരത്തിലുള്ള ഉത്തേജകങ്ങളിലെ പൊതുവായ ചേരുവകളാണ് തണ്ണിമത്തനും മാതളനാരങ്ങയും. തണ്ണിമത്തൻ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല.മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് എപിഡിഡൈമിസിലെ ബീജങ്ങളുടെ എണ്ണം, ചലനശേഷി, സ്പേമാറ്റോജെനിക് കോശങ്ങളുടെ സാന്ദ്രത, സെമിനിഫെറസ് കുഴലുകളുടെ വ്യാസം, ജെർമിനൽ കോശപാളികളുടെ കട്ടി എന്നിവ വർദ്ധിപ്പിക്കും.
https://www.facebook.com/Malayalivartha