''ഞാന് ഒരു മോശം പെണ്‍കുട്ടിയാണ്, നിങ്ങളെ പോലെ നല്ല ഒരു ജോലിയില്‍ ഇരിക്കുന്ന ഒരാളുടെ സുഹൃത്താകുവാന്‍ യോഗ്യത ഉള്ളവളല്ല ഞാന്‍ താത്കാലിക സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരാണ് എന്റെ സുഹൃത്തുക്കള്‍' പ്രവാസ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ യുവതിയെകുറിച്ചുള്ള കരളലിയിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു

യു.എ.ഇ ദിബ്ബ ഫുജൈറയില് മിനിസ്ട്രി ഓഫ് ലേബറില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്ന യുവാവ് തൊഴില്‍ സംബന്ധിയായി പരിചയപ്പെട്ട ഒരു പാക്കിസ്ഥാനി യുവതിയെക്കുറിച്ച് പറയുന്ന കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം .
ആ കുറിപ്പ് ഇങ്ങനെ:
ഷാസിയ
...................................
ഒരു വര്‍ഷം മുന്‍പ് പരിചയ പെട്ട് മരുഭൂമിയുടെ തിരക്കിലേക്ക് നടന്നു മറഞ്ഞു പോയ ഷാസിയ എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയെ വീണ്ടും ഓര്‍ക്കാനും അവളെ കുറിച്ച് നിങ്ങളോടു പറയാനും ടാക്‌സി കാരന്‍ വഴി അവള്‍ എനിക്ക് കൊടുത്ത് വിട്ട ( ഒരു വര്‍ഷം മുന്‍പ് എന്നോട് കടം വാങ്ങിയ ) നൂറു ദിര്‍ഹവും എനിക്ക് വന്ന അവളുടെ കോളും ആണ് .
അവള്‍ എന്നോട് പറഞ്ഞത് എന്തായിരുന്നു എന്ന് അവസാനം പറയാം .
ഷാസിയയെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ഒരു വര്‍ഷം മുന്‍പുള്ള ഒരു ആഗസ്ത് മാസത്തില്‍ നിന്നാണ് .
കാലത്തെ ഡ്യൂട്ടിക്ക് ഓഫീസിലേക്ക് പോകുമ്പോള്‍ മൊബൈലിലേ ക്ക് വന്ന അപരിചിത നമ്പറില്‍ മറുതലക്കല്‍ മനോഹരമായ ശബ്ദത്തിലും അതിനേക്കാള്‍ മനോഹരമായ ഉറുദുവിലും അവള്‍ ആദ്യമായി എന്നോട് സംസാരിച്ചു .
വിസ ക്യാന്‍സല്‍ ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു അവളുടെ പ്രശ്‌നം .
എന്തോ കൗതുകം കൊണ്ട് മൊബൈലിലൂടെ സംസാരിക്കാന്‍ പറ്റില്ല , തിരക്കാണ് , ഓഫീസിലേക്ക് വരൂ അവിടെ നിന്നും മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം എന്ന് പറഞ്ഞത് മനോഹരമായ ശബ്ദത്തിന്റെ ഉടമയെ കാണുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു .
അല്‍പ സമയത്തിനുള്ളില്‍ ഓഫീസിലേക്ക് അവള്‍ കടന്നു വന്നു .
ശബ്ദം പോലെ തന്നെ കാണാന്‍ ഭംഗിയുള്ളവള്‍ , ഹിന്ദി സിനിമകളിലെ നായികയെ പോലെ .
പക്ഷെ നിറം കെട്ട കണ്ണില്‍ നിരാശയും ആശങ്കയും ...
അവള്‍ പറഞ്ഞു തുടങ്ങുകയാണ് , ശമ്പളം കിട്ടുന്നില്ല , പാകിസ്ഥാനിയായ സ്ഥാപന ഉടമ പുതിയ ജോലി തേടാന്‍ വിസ ക്യാന്‍സല്‍ ചെയ്തു തരുന്നതും ഇല്ല ... എന്ത് ചെയ്യും ?
' സമയമെടുക്കും , താമസിക്കാന്‍ റൂമും ഭക്ഷണം കഴിക്കാന്‍ പൈസയും ഉണ്ടോ ? ' ഞാന് ചോദിച്ചു .
' എസ് , എനിക്ക് പുതിയ ജോലി ശരിയായിട്ടുണ്ട് , അവിടേക്ക് മാറിയില്ലെങ്കില്‍ ... എന്റെ കുട്ടികള്‍ ......' അവളുടെ കണ്ണുകള്‍ നിറഞ്ഞു .
അവള്‍ ലേബറില്‍ കേസ് ഫയല് ചെയ്തു ...
എന്റെ മൊബൈലില്‍ അവള്‍ ഇടയ്ക്കിടെ വിളിക്കും , വാട്‌സ് ആപ്പില്‍ മെസ്സേജ് അയക്കും ...
നിരവധി കേസുകളായി ഇതുപോലെ ഒരു പാട് പെണ്‍കുട്ടികള്‍ വരാറുണ്ട് , പക്ഷെ എന്തോ ഒരു അടുപ്പം ഷാസിയയോട് .
പ്രശ്‌നങ്ങള്‍ ഏകദേശം പരിഹരിച്ചു തുടങ്ങിയിരിക്കുന്നു .
' എനിക്ക് ഷാസിയയുടെ സുഹൃത്താക്കണം '
ഒരു ദിവസം മെസ്സേജില് ഞാന് അവളോട് ചോദിച്ചു .
' നിങ്ങളെ പോലെ നല്ല ഒരു ജോലിയില്‍ ഇരിക്കുന്ന ഒരാളുടെ സുഹൃത്താകുവാന്‍ യോഗ്യത ഉള്ളവളല്ല ഞാന്‍ '
' എന്ത് പറ്റി '
' ഞാന്‍ ഒരു മോശം പെണ്‍കുട്ടിയാണ് ... താത്കാലിക സൗഹൃദങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരാണ് എന്റെ സുഹൃത്തുക്കള്‍ ... '
' ഞാന് നല്ല ആളാണെന്നു താങ്കളോട് ആരാ പറഞ്ഞെ '
' നിങ്ങള്‍ ഒരിക്കലും ഇത്തരം സൗഹൃദങ്ങള്‍ തേടി പോകില്ല എന്നറിയാം , എനിക്ക് പേടിയാണ് , എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെ വിളിക്കുന്നത് പോലും പേടിച്ചിട്ടാണ് , ഞാന്‍ കാരണം നിങ്ങള്‍ക്ക് ഒരു മോശം പേര് ഉണ്ടാവരുത് , നമ്മള്‍ താമസിക്കുന്നത് വളരെ ചെറിയ ഒരു പ്രദേശത്താണ് , എല്ലാവരും പരസ്പരം അറിയുന്ന ഒരു ചെറിയ പ്രദേശത്തു ....'
'.......... '
' എന്റെ ഒരു പാട് സൗഹൃങ്ങള്‍ക്കിടയില്‍ നിങ്ങളെ നന്മയുള്ള ഒരു സഹോദരനായി കാണാനാണ് എനിക്കിഷ്ടം '
അവളുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു , പഴയ വിസ ക്യാന്‍സല്‍ ചെയ്യുകയും പുതിയ തൊഴിലിടത്തേക്ക് അവള്‍ പോകുന്ന ദിവസം എന്നെ കാണുവാന്‍ വന്നു .
നിറഞ്ഞതെങ്കിലും സന്തോഷമുള്ള കണ്ണുകള്‍ . ' എനിക്കൊരു നൂറു ദിര്‍ഹം തരണം , പുതിയ ജോലിയിലെ ശമ്പളം കിട്ടിയാല്‍ തിരിച്ചു തരാം '
അവള്‍ നൂറു ദിര്‍ഹം വാങ്ങി നടന്നു മറഞ്ഞു , രണ്ടു മൂന്ന് തവണ വിളിച്ചു , ഇടയ്ക്കു മെസ്സേജ് അയച്ചു ... പിന്നീട് പതിവുപോലെ മരുഭൂമിയിലെ തിരക്കില്‍ , നന്ദിയും നന്ദികേടും തരം തിരിക്കാന്‍ സമയമില്ലാത്തതു കൊണ്ട് ഞാനും എന്റെ തിരക്കിലേക്ക് .
ഒരു മാസം മുന്‍പ് അവളുടെ മെസ്സേജ് , എന്റെ കയ്യില്‍ നിന്നും വാങ്ങിയ നൂറു ദിര്‍ഹം ഒരു ടാക്‌സികാരന്‍ വഴി കൊടുത്തു വിടുന്നു . പിന്നീട് വിളിക്കാം .... കൂടുതല്‍ ഒന്നും എഴുതിയില്ല ....
ഷാസിയ പിന്നീട് വിളിച്ചത് എയര്‍ പോര്‍ട്ടില്‍ നിന്നാണ് .
' ഭായി , ഞാന്‍ നാട്ടില് പോകുകയാണ് '
' സന്തോഷം , എന്ന് മടങ്ങി വരും '
' അറിയില്ല '
' എന്ത് പറ്റി ? '
' ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്തു പോകുകയാണ് , ട്രീറ്റ്‌മെന്റിന് വേണ്ടി ... '
' എന്ത് പറ്റി , എന്താ അസുഖം '
' .... ക്യാന്‍സര്‍ .............. നിങ്ങള്‍ എന്റെ സഹോദരനാണ് , നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം ... ഞാന്‍ മടങ്ങി വരുമോ...... ' ഇടറുന്ന ശബ്ദംഇടക്ക് വെച്ച് മുറിഞ്ഞു ...
എനിക്കൊന്നും പറയാന് ഉണ്ടായിരുന്നില്ല ... കാള്‍ കട്ട് ചെയ്തു .
അരമണിക്കൂര്‍ നേരത്തേക്ക് പ്രിയപെട്ട ആര്‍ക്കോ സംഭവിച്ച ഒരു ദുരന്തം പോലെ മനസ്സ് വിങ്ങി കൊണ്ടിരുന്നു .
കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു . അവളുടെ മൊബൈല്‍ സ്വിച്ചോഫ് ...
അവള്‍ എനിക്കാരുമല്ല , ഏതോ ഒരു പാകിസ്ഥാന്‍ പെണ്‍കുട്ടി .
കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ വെടിവെച്ചു കൊല്ലുന്ന പാകിസ്ഥാന്‍ പട്ടാള കാരനെ ഓര്‍ത്തു . അവന്റെ സഹോദരി ആയിരിക്കും ... അവള് എന്റെ ആരുമല്ല ... ഷാസിയ നീ എന്റെ ആരുമല്ല .
– അന്‍വര്‍ ഷാ യുവധാര ദിബ്ബ
https://www.facebook.com/Malayalivartha