ബജറ്റ് അവതരണം തുടങ്ങി; ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയാക്കി; റബര്‍, നെല്ല്, നാളികേരം താങ്ങു വില വര്‍ധിപ്പിച്ചു; 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു; കിഫ്ബിയെ തകര്‍ക്കാന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടിലൂടെ ശ്രമമെന്ന് ധനമന്ത്രി

മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി. ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നു തോമസ് ഐസക് പറഞ്ഞു. നെല്ല്,റബര്‍, നാളികേരം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിച്ചു. നെല്ലിന് 28 രൂപയായും റബറിന് 170 രൂപയായും നാളികേരത്തിന് 32 രൂപയായും താങ്ങുവില വര്‍ധിപ്പിച്ചു. എട്ടു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു.
പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസുകാരി സ്‌നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോല്‍ക്കാന്‍ മനസിലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു പ്രസംഗം.
കിഫ്ബിയെ തകര്‍ക്കാന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടിലൂടെ ശ്രമമെന്ന് ധനമന്ത്രി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. സംസ്ഥാനത്തിന്റെ ഭാഗം കേള്‍ക്കാതെ സിഎജി കിഫ്ബിയെ വിമര്‍ശിച്ചു. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുന്‍പേ വിമര്‍ശനം ആവര്‍ത്തിച്ചു.
ഈ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും ബജറ്റ്. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു വര്‍ഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനാല്‍ 4 മാസത്തെ ചെലവുകള്‍ക്കാവശ്യമായ വോട്ട് ഓണ്‍ അക്കൗണ്ടേ പാസാക്കൂ.
ക്ഷേമ പെന്‍ഷന്‍ വര്‍ധന, റബറിന്റെയും തേങ്ങയുടെയും നെല്ലിന്റെയും സംഭരണ വില വര്‍ധന, കുട്ടികള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്, കൃഷി മേഖലയ്ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും പാക്കേജുകള്‍ തുടങ്ങിയവയാണു ബജറ്റിലെ മുഖ്യ പ്രതീക്ഷകള്‍. നികുതി വര്‍ധനകളില്ല. മോട്ടര്‍ വാഹന നികുതി പുനഃക്രമീകരിക്കും. ബാറുകളുടെ വിറ്റുവരവ് നികുതി 10ല്‍ നിന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ നിരക്കായ 5 ശതമാനത്തിലേക്കു താഴ്ത്തിയേക്കും.
https://www.facebook.com/Malayalivartha



























