ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറിലാണ് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കാന്‍ തീരുമാനിച്ചത്. അത് ശരിയായ തീരുമാനമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കെട്ടുകെട്ടിച്ചത് പലരെയും ഞെട്ടിച്ചു. എന്നാല്‍ അമിത്ഷായ്ക്ക് ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹിന്ദുഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരനെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബി.ജെ.പിയുടെ കേരളഘടകത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. അത് പോലെ തന്നെ ഒരു രാത്രിയില്‍ മിസോറാമിലേക്ക് പറപ്പിക്കുകയും ചെയ്തു. കേരളത്തിലെ നേതാക്കളുടെ ഗ്രൂപ്പ് പോര് പരിധിവിട്ട അവസ്ഥയിലാണ് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത കുമ്മനത്തെ പ്രസിഡന്റാക്കിയത്.
അതോടെ വി.മുരളീധരനും പി.കെ കൃഷ്ണദാസും തമ്മില്‍ നടത്തിയിരുന്ന പോര് ത്രികോണ തലത്തിലായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയായി ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിരുന്നു. അത് വി.മുരളീധരനടക്കം പിടിച്ചില്ല. രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വീകരണങ്ങളേറ്റുവാങ്ങി കേരളത്തിലുടനീളം നടക്കുകയായിരുന്നു. ചെങ്ങന്നൂരിലേക്ക് തിരിഞ്ഞ് നോക്കിയില്ല. ഇക്കാര്യം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും ഫെയിസ്ബുക്കിലൂടെയും മറ്റും വി.മുരളീധരനെ ധരിപ്പിച്ചിരുന്നു. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ സജീവ സാനിധ്യം ഉണ്ടായിരുന്നില്ല.
കേരളാ കോണ്‍ഗ്രസുമായി സഹകരിച്ച് ചെങ്ങന്നൂരില്‍ വിജയം നേടാന്‍ കുമ്മനം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബാര്‍ക്കോഴ കേസിലെ പ്രതിയായ കെ.എം മാണിയുടെ വോട്ട് വേണ്ടെന്ന് വി.മുരളീധരന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇത് കുമ്മനത്തെയും പി.എസ് ശ്രീധരന്‍ പിള്ളയേയും ചൊടിപ്പിച്ചു. ശ്രീധരന്‍പിള്ള ദേശീയ നിര്‍വാഹകസമിതിക്ക് പരാതിയും നല്‍കി. ഇതോടെ വി.മുരളീധരനെ സംസ്ഥാന സമിതിയില്‍ വിളിച്ച് വരുത്തി ശാസിച്ചു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് തന്റെ നിലപാടെന്നും വി.മുരളീധരന്‍ തിരുത്തി പറഞ്ഞു. ഇത്തരത്തില്‍ ഗ്രൂപ്പ് യുദ്ധം വീണ്ടും തുടരുകയും ബി.ഡി.ജെ.എസുമായുള്ള ബന്ധം വഷളാവുകയും ചെയ്തതോടെ കേരളത്തില്‍ ബി.ജെ.പി പച്ചപിടിക്കില്ലെന്ന് ദേശീയനേതൃത്വത്തിന് മനസിലായി. ഇതോടെയാണ് കുമ്മനത്തെ രായ്ക്ക്‌രാമാനം പറപ്പിച്ചത്.
https://www.facebook.com/Malayalivartha