വചനപ്രഘോഷണം പാതിരി പിരിവ് പ്രസംഗമാക്കി, കോടികള്‍ മുടക്കി പണിയുന്ന പള്ളിക്ക് സംഭാവന വേണം. പൊന്നും പണവും സ്വീകരിക്കും. മാതാവിന്റെ വണക്കമാസം ചങ്ങനാശേരി പിതാക്കന്മാര്‍ നിര്‍ത്തിക്കളഞ്ഞതെന്തേ എന്ന് ചോദ്യം തികട്ടി വന്നെങ്കിലും ആമേന്‍ കൂട്ടി വിഴുങ്ങിയെന്ന് വിശ്വാസിയുടെ പരിഹാസം

നല്ലൊരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്നവര്‍ ഒരുപാടുണ്ട്. വീടിനുള്ളിലേക്ക് മഴവെള്ളം ചോര്‍ന്നിറങ്ങുന്ന വിടവുകള്‍ അടയ്ക്കാന്‍ പാടുപെടുമ്പോള്‍, എലിയും ചിതലും ഉറുമ്പും അട്ടയുമൊക്കെ ഭീഷണിയാകുമ്പോള്‍, വിരുന്നുകാര്‍ക്കുമുന്നില്‍ വൃത്തിയും വെടിപ്പും ഉറപ്പാക്കാന്‍ പരക്കം പായുമ്പോള്‍, അധികമായി ഒരാളെത്തിയാല്‍ കിടക്കയൊരുക്കാന്‍ വീട്ടുസാധനങ്ങളുമായി നെട്ടോട്ടമോടുമ്പോള്‍, എല്ലാവരും ഉള്ളില്‍ പറയും എങ്ങനെയെങ്കിലും നല്ലൊരു വീട് പണിയണം. അങ്ങനെ ആയിരങ്ങള്‍ നടക്കുമ്പോള്‍ കോടികള്‍ മുടക്കി പള്ളി പണിയുന്ന പാതിരിമാര്‍ക്കെതിരെ ചങ്ങനാശേരിയിലെ ഒരു വിശ്വാസിയായ ജസ്റ്റിന്‍ പുനത്തില്‍ രംഗത്തെത്തിയിരിക്കുന്നു...
കുര്‍ബാനയില്‍ വിശ്വാസികള്‍ ഏറ്റുമധികം ആവര്‍ത്തിക്കുന്ന വാക്കുകളിലൊന്ന് ആമ്മേന്‍ ആണ്. ഹീബ്രു ഭാഷയില്‍ നിന്നു വന്ന ഈ വാക്കിന്റെ അര്‍ത്ഥം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ 'അങ്ങനെ തന്നെ' എന്നാണ്. അതായത് തൊട്ടു മുമ്പ് പറഞ്ഞ കാര്യം അംഗീകരിക്കുന്നു എന്ന വിവക്ഷയിലാണ് ആമ്മേന്‍ പറയുന്നത്. പ്രസംഗ വേളയില്‍ അച്ചന്‍ എന്തു വേണ്ടാതീനം പറഞ്ഞാലും ഉള്ളില്‍ ആമ്മേന്‍ പറഞ്ഞ് നിശബ്ദനായിരിക്കാനാണ് നസ്രാണിയുടെ നിയോഗം. ഈ നിസ്സഹായതയുടെ തടവില്‍ കഴിയുന്ന നെടുംകുന്നത്തെ വിശ്വാസികളുടെ നടുവിലേക്കാണ് മെയ് 27 ഞായറാഴ്ച്ച ചങ്ങനാശേരി അതിരൂപതാ അസ്ഥാനത്തുനിന്ന് ഫാ. ജോസഫ് മുണ്ടകത്തില്‍ വന്നിറങ്ങിയത്.
തുടക്കം വചനപ്രഘോഷണമായിരുന്നു. ക്രമേണ അതൊരു പിരിവ് പ്രസംഗമായി മാറി. സാധാരണ വിശ്വാസികളടെ തലച്ചോറു കഴുകിയെടുക്കുന്ന കഥകളും കെട്ടുകഥകളും ബലിപീഠത്തില്‍ നിന്ന് ഒഴുകിയെത്തി. ഉദ്ദേശം സിമ്പിളാണ് പാറേല്‍ ഇടവകയില്‍ കോടികള്‍ വാരിയെറിഞ്ഞ് നടത്തുന്ന പള്ളി പണിക്ക് സംഭാവന വേണം. പണവും പൊന്നും തടിയുമൊക്കെ സ്വീകരിക്കും. 'നമ്മള്‍ പ്രതിസന്ധികളില്‍ പെടുമ്പോള്‍ ചൊല്ലുന്നത് എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയാണ്. ആ മാതാവിനു വേണ്ടി ആലയം പണിയാന്‍ സഹകരിക്കണം. നാളെ വീടുകളില്‍ പിരിവിനു വരുമ്പോള്‍ ഉദാരമായി നല്‍കണം. പുതിയ പള്ളി എല്ലാവരുടെയും കൂടിയാണ്' ഇങ്ങനെ പോയി
പ്രസംഗം .
ഇതേ മാതാവിന്റെ വണക്കമാസം ചങ്ങനാശേരി പിതാക്കന്മാര്‍ നിര്‍ത്തിക്കളഞ്ഞതെന്തേ എന്നും പള്ളിയുടെ സ്വത്തില്‍ വിശ്വാസിക്ക് അവകാശമില്ലെന്നാണല്ലോ അലഞ്ചേരി പിതാവ് പറഞ്ഞതെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ തികട്ടി വന്നവര്‍ അമ്മേന്‍ കുട്ടി അത് വിഴുങ്ങി.
ബസ് സ്റ്റാന്‍ഡിലെ പുസ്തക കച്ചവടക്കാര്‍ വിളിച്ചു പറയുന്നതിന്റെ അള്‍ത്താര പതിപ്പായ ആ പ്രസംഗം
ഒരു സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ തുടക്കം മാത്രമായിരുന്നു. ആഡംബര പള്ളിമേട പണിയാന്‍ പിരിവു കൊടുത്ത് നടുവൊടിഞ്ഞിരിക്കുന്ന, സ്‌കള്‍ തുറക്കുന്നതു പ്രമാണിച്ചുള്ള ചെലവുകളോര്‍ത്ത് ആശങ്കയില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ ആലോചിക്കാന്‍ ഇട നല്‍കാത്ത ഓപ്പറേഷന്‍.
മറ്റ് ഇടവകകളിലൊക്കെ പിരിവു നടത്തിയ നേരത്ത് നെടുംകുന്നംകാരെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിര്‍ത്തിയത് ഇവിടെ പണിത പള്ളിമേടയുടെ പിരിവ് തീരാന്‍ വേണ്ടിയായിരുന്നു. പക്ഷെ പുതിയ പള്ളിക്കായി മാതാവ് ധൃതികൂട്ടിയപ്പോള്‍ വികാരിയച്ചന് അടങ്ങിയിരിക്കാനായില്ല. പത്തു കല്‍പ്പനകള്‍ രണ്ടായി സംഗ്രഹിച്ചിരിക്കുന്നതുപോലെ പന്ത്രണ്ടു മാസത്തെ പിരിവ് ഏഴു മാസംകൊണ്ട് സംഗ്രഹിച്ച് ചങ്ങനാശേരിയിലെ അച്ചന്‍മാരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.
മുണ്ടകത്തിലച്ചന്റെ പ്രസംഗത്തിനു പിന്നാലെ വൈകുന്നേരമായപ്പോള്‍ എസ്റ്റിമേറ്റ് തുക ഒഴികെ പുതിയ പള്ളിയുടെ എല്ലാ വിവരങ്ങളുമടങ്ങിയ ബ്രോഷര്‍ വീടുകളിലെത്തിച്ചു. ഒപ്പം പ്രാര്‍ത്ഥനയും. വിശ്വാസികള്‍ അതു മുഴുവന്‍ വായിച്ചിട്ടുണ്ടാവില്ല. നേരം പുലര്‍ന്നു തുടങ്ങുമ്പോഴേക്കും ചങ്ങനാശേരിയില്‍ നിന്നും അച്ചന്‍മാരും വൈദിക വിദ്യര്‍ഥികളും അടങ്ങുന്ന വലിയൊരു സംഘം വന്നിറങ്ങി. ഒറ്റ ദിവസം കൊണ്ട് ഒരു നാട് മുഴുവന്‍ അരിച്ചുപെറുക്കാന്‍. അവര്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു കര്‍ത്താവേ പരമാവധി ഊറ്റിയെടുക്കാന്‍ സഹായിക്കേണമേ എന്നായിരിക്കാം.
ഇടവകക്കാരില്‍ ചിലര്‍ പിരിവു സംഘത്തെ നേരില്‍ കണ്ട് സംസാരിച്ചു. മറ്റ് അതിരൂപതകളോട് മത്സരിക്കാന്‍ നടത്തുന്ന ആഡംബര മാമാങ്കത്തില്‍ ഇന്നാട്ടുകാരെ ബലിയാടുകളാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ആരു കേള്‍ക്കാന്‍? വെള്ളക്കുപ്പായമിട്ട വിശുദ്ധ കൊള്ളക്കാര്‍ വീടുവീടാന്തരം കയറിയിറങ്ങി. നിര്‍ബന്ധിത പിരിവല്ല, താല്‍പര്യമുണ്ടെങ്കില്‍ തന്നാല്‍ മതി എന്ന് പ്രത്യേകം പറഞ്ഞു. അങ്ങനെയെങ്കില്‍ ഇങ്ങോട്ടു വന്നതെന്തിന് എന്ന ചോദ്യം വിഴുങ്ങി, ഉള്ളില്‍ അമ്മേന്‍ പറഞ്ഞ് വിശ്വാസികള്‍ പണം കൊടുത്തു.
മാതാവ് എന്തു വിചാരിക്കും എന്നു ഭയന്ന് വീട്ടമ്മമാര്‍ നുള്ളിപ്പെറുക്കിയ കാശു കൈമാറി. ഉള്ളില്‍ പ്രതിഷേധം നുര പൊന്തിയ ആണുങ്ങള്‍ കടുംബവഴക്ക് ഭയന്ന് അമ്മേന്‍ പറഞ്ഞു. മാതാവിനോട് ഭയം കലരാത്ത ഭക്തിമാത്രമുള്ളവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച പ്രതിഷേധ സന്ദേശം ഉള്‍ക്കൊണ്ടവരും ഒരു വിധത്തില്‍ ഒഴിഞ്ഞുമാറി. വൈകുന്നേരത്തോടെ ഒരു നാടു മുഴുവന്‍ അരിച്ചുപെറുക്കി അവര്‍ ചങ്ങനാശേരിക്ക് മടങ്ങി. കാശു കൊടുത്തവരും കൊടുക്കാത്തവരും കൂടിയിടത്തെല്ലാം അച്ചന്‍മാര്‍ ചെയ്തത് നെറികേടാണെന്ന് പതം പറഞ്ഞു.
ഇതുവരെ സംഭാവനയായി കിട്ടിയ തടികള്‍ എവിടെയൊക്കെ കിടപ്പുണ്ടെന്ന് കൃത്യമായ ധാരണയില്ലെന്ന് പിരിവ് സംഘാംഗങ്ങളില്‍ ചിലര്‍ തന്നെ പറയുന്നു.എല്ലാം നല്ലതിനു വേണ്ടിയല്ലേ? നല്ലൊരു വീട് സ്വപ്നമായവര്‍ക്കും നല്ലൊരു പള്ളി സ്വന്തമാകുകയല്ലേ? ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും വകയില്ലെങ്കിലും പള്ളിയുടെ ബ്രോഷറില്‍ പറയുന്നതുപോലെ
അമ്മയുടെ സാന്നിധിയില്‍ സ്വച്ഛമായി പ്രാര്‍ത്ഥിക്കുന്നതിനും ധ്യാനിക്കുന്നതിനും ഭക്തി പ്രകടിപ്പിക്കുന്നതിനുമുള്ള അസൗകര്യങ്ങള്‍ മാറിക്കിട്ടുമല്ലോ. പള്ളി പണി വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള പ്രാര്‍ത്ഥന നമുക്ക് മുടങ്ങാതെ ചൊല്ലാം. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും. അമ്മേന്‍...
https://www.facebook.com/Malayalivartha