ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡുകളില്‍ 12ലും എല്‍.ഡി.എഫ് വിജയിച്ചു. യു.ഡി.എഫില്‍ നിന്ന് മൂന്ന് സീറ്റുകള്‍ തിരിച്ച് പിടിക്കുകയും ചെയ്തു. യു.ഡി.എഫ് പലയിടത്തും ദുര്‍ബലമാകുന്നു

ചെങ്ങന്നൂരിലെ ചരിത്ര വിജയത്തിന് പിന്നാലെ ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ചരിത്ര വിജയം. വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12 ഉം എല്‍ഡിഎഫ് നേടി. മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. ബി.ജെ.പിക്ക് ഒരു സീറ്റുമില്ല. രണ്ട് വര്‍ഷത്തിനിടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഒന്‍പത് ഉപതെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിനായിരുന്നു നേട്ടം. ആ വിജയ തേരോട്ടം ആവര്‍ത്തിക്കുകയാണ്.
35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡടക്കം മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്താണ് മിന്നുന്ന നേട്ടം എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. 518 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ വിജയകുമാറിനെ സിപിഐ എമ്മിലെ ആര്‍ എസ് രതീഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലനിര്‍ത്തിയ വാര്‍ഡുകളില്‍ ഭൂരിപക്ഷം ഉയര്‍ത്താനും എല്‍ഡിഎഫിനായി. കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ചന്ദ്രികാദേവി വിജയിച്ചു. 242 വോട്ടിനാണ് ജയിച്ചത്.കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് വാര്‍ഡില്‍ സിപിഐ എമ്മിലെ ആര്‍ എസ് ജയലക്ഷ്മി 1581 വോട്ടിന് വിജയിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ മൂന്ന് ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. രണ്ടിടത്ത് യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സിറ്റിങ് സീറ്റുകളായ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേക്കാട് വടക്ക്, ഓന്തേക്കാട്, കുഴിക്കാല കിഴക്ക് , റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡ്, പന്തളം തെക്കേകര പൊങ്ങലടി 12ാം വാര്‍ഡില്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പന്തളം പൊങ്ങലടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിച്ചു. 130 വോട്ടുകള്‍ക്കായിരുന്നു വിജയം. ആകെ പോള്‍ ചെയ്ത 862 വോട്ടില്‍ 400 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. ശാലിനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി (270 വോട്ട്). ബിജെപി സ്ഥാനാര്‍ത്ഥിയായി അനീഷും (94 വോട്ട്) , കെ ആര്‍ സുനിലെന്ന സ്വതന്ത്രനു (98 വോട്ട്) മായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത് . പൊങ്ങലടി വാര്‍ഡ് അംഗം മധുസൂദനന്‍ മാര്‍ച്ചില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്ക് വിജയിച്ചു. മിനി ജോസ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എട്ടാംവാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ വിദേശത്തേയ്ക്ക് പോയപ്പോഴാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഓന്തേകാട് വടക്ക്, ഓന്തേകാട്, കുഴിക്കാല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നാലാം വാര്‍ഡില്‍ (ഓന്തേകാട്) സിപിഐ എമ്മിലെ ഉഷാകുമാരി 165 വോട്ടുകള്‍ക്ക് വിജയിച്ചു. ഒന്‍പതാം വാര്‍ഡില്‍ (കുഴിക്കാല) ശാലിനി അനില്‍ കുമാര്‍ 42 വോട്ടുകള്‍ക്ക് വിജയിച്ചു. ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിലെ ടി കെ എബ്രഹാം വിജയിച്ചു. ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 35 വോട്ടുകള്‍ക്കായിരുന്നു വിജയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡുകളില്‍ വിജയിച്ച പ്രതിനിധികളെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുകയും ഹൈക്കോടതി ഇത് ശരിവക്കുകയും ചെയ്തതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ 10 പേര്‍ മാത്രമാണുള്ളത്. എല്‍ഡിഎഫിന്റെ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്.
ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനിലും യുഡിഎഫ് വിജയിച്ചു.യുഡിഎഫിലെ സണ്ണിചെറിയാന്‍ 119 വോട്ടിന് വിജയിച്ചു. നിലവില്‍ എല്‍ഡിഎഫ് വാര്‍ഡായിരുന്നു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.
എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യുഡിഎഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്. പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി: സിപിഐഎമ്മിലെ എം ആര്‍ ജയരാജ് 1403 വോട്ടിനാണ് വിജയിച്ചത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ഷാജി പാറക്കല്‍ 263 വോട്ടിനാണ് വിജയിച്ചത്. മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യുഡിഎഫിലെ സി എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. 167 വോട്ടിനാണ് വിജയിച്ചത്. സിപിഐ എം അംഗമായിരുന്ന സുലൈമാന്‍ ഹാജി രാജിവെച്ച് യുഡിഎഫിനൊപ്പം ചേര്‍ന്ന് വീണ്ടും മല്‍സരിക്കുകയായിരുന്നു.
മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി . കെ വേലായുധന്‍ 119 വോട്ടിനാണ് വിജയിച്ചത്.കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഐ എമ്മിലെ രമ കൊട്ടാരത്തില്‍ വിജയിച്ചു. 274 വോട്ടിന് വിജയിച്ച് വാര്‍ഡ് നിലനിര്‍ത്തി. കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന് ജയിച്ചു വാര്‍ഡ് നിലനിര്‍ത്തി.
കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിര്‍ത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഐ എമ്മിലെ കെ അനിത ആര്‍എസ്പിയിലെ രത്‌നാമണിയെ 253 വോട്ടിന് പരാജയപ്പെടുത്തി. പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മകിണര്‍ വാര്‍ഡില്‍ സിപിഐ എമ്മിലെ എം സീമ 478 വോട്ടിന് കോണ്‍ഗ്രസിലെ കെ കുട്ടികൃഷ്ണനെ തോല്‍പിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡാണ് യുഡിഎഫ് നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ ജെസി ജയിംസാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രയായ മറിയാമ്മ ബെന്നിയേക്കാള്‍ 288 വോട്ട് കൂടുതല്‍ ലഭിച്ചു
https://www.facebook.com/Malayalivartha