ചെങ്ങന്നൂര്‍ വിജയത്തില്‍ എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കാന്‍ സര്‍ക്കാര്‍; ഒറ്റപ്പെട്ട വിജയത്തില്‍ അഹങ്കരിക്കേണ്ടെന്നും ദുരഭിമാന കൊലയിലും കസ്റ്റഡിമരണത്തിലും ജനം ഭീതിയില്‍ കഴിയുകയാണെന്ന് പ്രതിപക്ഷം. നിയമസഭയുടെ ആദ്യ ദിനം തന്നെ പ്രക്ഷുബ്ധമായി

കെവിന്റെ ദുരഭിമാന കൊലപാതകവും ശ്രീജിത്തിന്റെ കസ്റ്റഡിമരണവും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ വിട്ടു. രാവിലെ സഭതുടങ്ങിയപ്പോഴേ പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കിയിരുന്നു. ചെങ്ങന്നൂരിലെ വിജയത്തില്‍ എല്ലാ ആരോപണങ്ങള്‍ക്കും തടയിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ചെങ്ങന്നൂരിലെ വിജയം ഒറ്റപ്പെട്ടതാണെന്നും കഴിഞ്ഞ പത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ എട്ടിലും യു.ഡി.എഫാണ് ജയിച്ചതെന്നും അതിനാല്‍ അഹങ്കരിക്കേണ്ടെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നും പൊലീസിന് ആദ്യഘട്ടത്തില്‍ വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. പ്രതിസ്ഥാനത്ത് പൊലീസുകാരായതിനാലും പ്രതികള്‍ക്ക് ഭരണകക്ഷിയുമായി അടുത്തബന്ധം ഉള്ളതിനാലും കെവിന്‍വധം സിബിഐക്ക് വിടണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. അതിനിടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വാക്ക് ഔട്ട് നടത്തി. നടുത്തളത്തിലിരുന്ന് മുദ്രാവാക്യംവിളിച്ച യു.ഡി.എഫ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്തതിനെ തുടര്‍ന്ന് സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു.
കെവിന്റെ ദുരഭിമാന കൊലപാതകത്തില്‍ ജനങ്ങളെയും നിയമസഭയെയും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് തല്ലിക്കൊല്ലുന്ന കേസുകളില്‍ പൊലീസ് തന്നെ അന്വേഷിക്കുമെന്ന് പറയുന്നതെന്ന് എന്ത് ന്യായം? ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെ വീഴ്ചകളുടെ പരമ്പരതന്നെ ഉണ്ടാകുന്നു. ഇത് മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും ദുര്‍ബലതയും കഴിവുകേടുമാണ്. ജനംഭീതിയിലാണ് ജീവിക്കുന്നത്. വീട്ടില്‍ കിടന്നുറങ്ങിയാലും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലും യുവാക്കള്‍ കൊല്ലപ്പെടുന്നത് സംസ്ഥാനത്ത് പതിവാകുന്നു. ഇത് ഉത്തരവാദികള്‍ പൊലീസാണ്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ നീനു എന്ന പെണ്‍കുട്ടിയുടെ പരാതി സ്വീകരിക്കാതിരുന്നത്. അന്ന് ആ പരാതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
അതേസമയം പ്രതിപക്ഷവും ചിലമാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും ചെങ്ങന്നൂരിലെ വിജയം അതാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha