ശബരിമലയ്ക്ക് 50 കിലോമീറ്റര്‍ മുമ്പ് ചെറുവള്ളിയില്‍ വിമാനത്താവളം വരുന്നത് കാത്തിരിക്കുകയാണ് ഭക്തരും നാട്ടുകാരും; കോടതിയിലുള്ള കേസും മറ്റ് നൂലാമാലകളും പദ്ധതിക്ക് തുരങ്കം വയ്ക്കുമോ എന്ന ആശങ്കയുമുണ്ട്

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഒരു ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം ലൂയിസ് ബര്‍ഗര്‍ എന്ന കണ്‍സള്‍ട്ടിംഗ് കമ്പനി നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പദ്ധതിയുടെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും, പരിസ്ഥിതി ആഘാത പഠനവും നടത്തി, പദ്ധതിക്കാവശ്യമായ അംഗീകാരം, അനുമതി എന്നിവ ഒമ്പത് മാസത്തിനകം ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് പ്രസ്തുത സ്ഥാപനം കെ.എസ്.ഐ.ഡി.സിയുമായി ധാരണാ പത്രം ഒപ്പുവച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളം നിര്‍മിക്കാന്‍ ഫെബ്രുവരിയിലാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
എരുമേലിക്കു സമീപം ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ലൂയിസ് ബര്‍ഗര്‍ കമ്പനിക്ക് നാലു കോടിരൂപ നല്‍കിയാണ് പഠനം നടത്തുന്നതെന്നാണ് സൂചന. കമ്പനിയെ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ടെന്‍ഡറിലൂടെയാണ് തെരഞ്ഞെടുത്തത്. വ്യവസായ വികസന കോര്‍പറേഷന്‍ ആദ്യം പഠനം നടത്തിയിരുന്നു. തുടര്‍ന്നാണ് പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ തേടിയത്.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ് വിമാനത്താവളം നിര്‍മിക്കാനുപയോഗിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്ന് ഇവര്‍ വാങ്ങിയ എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചെറുവള്ളിയില്‍ വിമാനത്താവളം നിര്‍മിക്കാമെന്ന റവന്യൂ അഡീ. ചീഫ് െസക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ജൂലൈ19നാണ് മന്ത്രിസഭ അംഗീകരിച്ചത്. ആറന്‍മുളയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതികളുമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ അനുമതി റദ്ദാക്കി.
ചെറുവള്ളി എസ്‌റ്റേറ്റില്‍നിന്ന് ശബരിമലയ്ക്ക് 48 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. കൊച്ചിയിലേക്കു 113 കിലോമീറ്റര്‍. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവാസികള്‍ക്കും വിമാനത്താവളം ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തല്‍. രണ്ടു ജില്ലകളിലായി 2.27 ലക്ഷം പ്രവാസികളുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
https://www.facebook.com/Malayalivartha