നിപ്പയുടെ മറവില്‍ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതിനാല്‍ ആരോഗ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ വീഡിയോയിലൂടെ നല്‍കണമെന്ന് ഡോ. എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു

നിപ്പ വൈറസ് ബാധയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജപ്രചരണങ്ങള്‍ നടത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷഉപനേതാവ് ഡോ. എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. നിപ്പ വൈറസ് ബാധ സംബന്ധിച്ച് അദ്ദേഹം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‍മേല്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു. കോഴിക്കോട് ഡി.എം.ഒയുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ നിപ്പ വൈറസ് കോഴികളിലൂടെ പകരുമെന്നും അതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കോഴികളെ അടക്കം ഭക്ഷിക്കരുതെന്നും പറയുന്നു. ഇത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചു. ഒരു സുഹൃത്ത് വാട്‌സാപ്പിലൂടെ തനിക്കിത് ഫോര്‍വേഡ് ചെയ്തു. ഞാന്‍ വിളിച്ച് കാര്യം ചോദിച്ചപ്പോള്‍ കോഴിവില കൂടുതലാണെന്നും അത് കുറയ്ക്കാന്‍ ചെയ്തതാണെന്നും പറഞ്ഞു.
വവ്വാലുകളാണ് നിപ്പ പ്രചരിപ്പിക്കുന്നതെന്ന് അന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് കോഴികളിലൂടെ പകരുമെന്ന പ്രചരണം നടന്നത്. വ്യാജ ലെറ്റര്‍ പാടിലെ ഒപ്പ് ബംഗാളിലെ ഏതോ മജിസ്‌ട്രേറ്റിന്റേതായിരുന്നെന്നും ഡോ.എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശില്‍ നിപ്പ പടര്‍ത്തിയത് ഈന്തപ്പഴമാണെന്നും അതിനാല്‍ കേരളത്തില്‍ ആരും ഈന്തപ്പഴം കഴിക്കരുതെന്നും പ്രചരണം നടന്നു. റമസാന്‍ കാലത്ത് ധാരാളം പേര്‍ ഈന്തപ്പഴം കഴിക്കും അത് കണ്ടാണ് ഇത്തരത്തില്‍ വ്യാജപ്രചരണം നടത്തിയത്. സാധാരണ മൂന്ന് സാഹചര്യങ്ങളിലാണ് വവ്വാലുകള്‍ നിപ്പ വൈറസ് പുറത്തേക്ക് വിടുന്നതെന്നും ഡോക്ടര്‍കൂടിയായ എം.എല്‍.എ ചൂണ്ടിക്കാട്ടി. പ്രജനന സമയത്തും വാസസ്ഥലം ഉള്‍പ്പെടെ മാറേണ്ടി വരുമ്പോഴുണ്ടാകുന്ന പിരിമുറുക്കം ഉള്ളപ്പോഴും ഇണ ചേരുമ്പോഴും ആണത്.
വൈറസ് കണ്ടുപിടിക്കുന്നതില്‍ കോഴിക്കോട്ടെ സ്വകാര്യആശുപത്രികളുടെ സേവനം വലുതാണെന്നും ഡോ.എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മര്‍ ഉള്‍പ്പെടെ ചെയ്ത സേവനങ്ങളെ മറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മരിച്ച സാബിത്തിനെ അന്തരിച്ച നഴ്‌സ് ലിനി ഒരുദിവസം മുഴുവന്‍ നന്നായി പരിചരിച്ചു. അങ്ങനെയാണ് അവര്‍ക്ക് രോഗം പിടിപെട്ട്, തന്റെ മക്കളെ പോലും കാണാനാകാതെ മരിച്ചത്. സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരുപാട് അനാവശ്യഭീതി പരത്തുന്നുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ബസില്‍ കയറിയപ്പോള്‍ ബാക്കിയുള്ള യാത്രക്കാര്‍ ഇറങ്ങിപ്പോയി. 33 ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി. അതിനാല്‍ ആരോഗ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും വീഡിയോയിലൂടെ ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും തിരുവനന്തപുരത്തും കോഴിക്കോട്ടും വൈറോളജി ലാബുകള്‍ ആരംഭിക്കണെന്നും
ഡോ.എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
വൈറസ് ബാധിച്ചതോടെ കോഴിക്കോട്ടെ പൊലീസുകാരെല്ലാം മാസ്‌ക്ക് ധരിച്ചത് അനാവശ്യ ഭീതി ഉണ്ടാക്കിയെന്നും ഡോ.എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി. വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, പ്രദീപ്കുമാര്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
https://www.facebook.com/Malayalivartha