മുന്‍മന്ത്രി തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും പാര്‍ക്കിംഗ് ഏര്യയും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമ ഉത്തരവിട്ടു

ആലപ്പുഴയില്‍ നിന്ന് തൃശൂരിലേക്ക് ട്രാന്‍സ്ഫറായി പോകുന്നതിന് മുമ്പ് കളക്ടര്‍ ടി.വി അനുപമ, മുന്‍ മന്ത്രി തോമസ് ചാണ്ടിക്കിട്ട് നൈസായിട്ടൊരു പണി കൊടുത്തു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി നിര്‍മിച്ച അപ്രോച്ച് റോഡും പാര്‍ക്കിംഗ് ഏര്യയും അടക്കും മുക്കാല്‍ ഏക്കര്‍ ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കളക്ടര്‍ ടി.വി അനുപമ ഉത്തരവിട്ടു. മുന്‍ കളക്ടര്‍ എന്‍. പത്മകുമാറിന്റെ ഒത്താശയോടെ, നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം ലംഘിച്ചാണ് റിസോര്‍ട്ടിലേക്ക് റോഡും പാര്‍ക്കിംഗ് ഏര്യയും നിര്‍മിച്ചത്. എം.പി ഫണ്ടും ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന്റെ ഫണ്ടും ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്.
തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ, സുബ്രഹ്മണ്യം എന്നിവരുടെ പേരിലുള്ള മുക്കാലേക്കര്‍ ഭൂമിയാണ് നികത്തിയത്. നിരവധി തെളിവെടുപ്പുകള്‍ക്കും നിയമനടപടികള്‍ക്കും ശേഷമാണ് 21 പേജുള്ള അന്തിമ ഉത്തരവ് കളക്ടര്‍ പുറപ്പെടുവിച്ചത്. കരുവേലി പാടശേഖരത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ മറവിലാണ് നിലംനികത്തിയതെന്ന് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുന്‍ കലക്ടര്‍ എന്‍.പത്മകുമാറിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. റോഡ് നിര്‍മാണം അനധികൃതമെന്നു കണ്ടെത്തിയ അന്നത്തെ ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് അന്നത്തെ ജില്ലാ കലക്ടറായ എന്‍.പത്മകുമാര്‍ മറികടന്നു നടപടി സാധൂകരിച്ചു നല്‍കിയെന്ന പരാതിയിലാണ് അന്വേഷണം.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിനെതിരെ ജനതാദള്‍ നേതാവായ സുബാഷ് എം. തീക്കാടനാണ് ഇത് സംബന്ധിച്ചാണ് പരാതി നല്‍കിയത്. നിലം നികത്തിയാണ് വഴിയും പാര്‍ക്കിങ് ഏരിയായും നിര്‍മിച്ചതെന്നു വാര്‍ഡ് കൗണ്‍സിലര്‍ ജയപ്രസാദ് അന്നത്തെ ജില്ലാ കലക്ടര്‍ പി.വേണുഗോപാലിനു പരാതി നല്‍കിയിരുന്നു. ് അന്വേഷണം നടത്തിയ ആര്‍ഡിഒ നിര്‍മാണം നിയമ വിരുദ്ധമെന്നും സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും ഉത്തരവ് നല്‍കിയിരുന്നു. കളക്ടറായിരുന്ന എന്‍.പത്മകുമാര്‍ ആര്‍ഡിഒ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നിവരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍ പ്രകാരം പുതിയ റിപ്പോര്‍ട്ട് തയാറാക്കുകയും നിലം നികത്തി റോഡും പാര്‍ക്കിങ് ഏരിയായും നിര്‍മിച്ച നടപടി സാധൂകരിക്കുകയുമായിരുന്നു.
കായല്‍ നികത്തി വലിയകുളം- സീറോജെട്ടി റോഡ് നിര്‍മിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കസേര തെറിക്കുകയായിരുന്നു. ദന്തഗോപുരത്തിലിരിക്കാതെ മന്ത്രി താഴേക്കിറങ്ങിവന്ന് നിയമത്തെ നേരിടണമെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നായിരുന്നു രാജി. പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് തോമസ് ചാണ്ടി പരാതി പിന്‍വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha