മിന്നുന്ന തുടക്കം ഇടിമിന്നലായി... മംഗളത്തെ വേട്ടയാടി ഭരണകൂട ഭീകരതയും

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഐക്യബോധമുണ്ടായിരുന്നു. ഹണി ട്രാപ് സംഭവത്തോടെ അത് തകര്‍ന്നു. മംഗളത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു കീഴടക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഹണി ട്രാപ്പില്‍ ഇനിയുണ്ടായിരുന്ന വെടിമരുന്നൊക്കെ നിര്‍വീര്യമാക്കുകയായിരുന്നു സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം.
ഏഷ്യാനെറ്റിന്റെ എഫ് ഐ ആര്‍ പ്രോഗ്രാമില്‍ പോലും ,കൊടുംകുറ്റവാളികളെ അറസ്റ്റുചെയ്തു എന്ന മട്ടിലുള്ള റിപ്പോര്‍ട്ട്. കൈരളിയും,റിപോര്‍ട്ടറുമൊക്കെ ആഘോഷിക്കുന്നു. ഇതില്‍ ചാനല്‍ ചെയ്ത കൊടും പാതകം പോലെ തന്നെ അപലപനനീയമാണ് സര്‍ക്കാരിന്റെ ഈ ചാനല്‍ വേട്ട. ചാനല്‍ ശത്രുക്കളും ഭരണക്കാരും ഒരുമിക്കുന്നു. നാളെ ആര്‍ക്കും സംഭിവിക്കാം ഇത്തരം അബദ്ധങ്ങള്‍. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു കുടുക്കി കളഞ്ഞു.
മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, കെ. ജയചന്ദ്രന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മാധ്യമപ്രവര്‍ത്തകരാണ്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ മംഗളം ചാനലിലെ ഒമ്പതു പേരാണ് ഇന്നലെ രാവിലെ എത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നടന്ന 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ചോദ്യംചെയ്യലിനു വിധേയമാക്കിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
മംഗളത്തിന്റെ തന്നെ ബ്രേക്കിങ്ങ് വാക്കുകളില്‍ മിന്നുന്ന തുടക്കം പിന്നീട് ഇടിമിന്നലായി മാറുന്ന കാഴ്ച. ഇത്തരം അപചയ മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നു സരിതയുടെ കാലത്തും,തെറ്റയിലിന്റെ കാലത്തും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പോന്നത്. ഇപ്പോള്‍ മംഗളത്തിന് നേര്‍ക്ക് കല്ലെറിയുന്നവര്‍ പലരും വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് നടത്തുന്നത്.
സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന നിലയില്‍ അധാര്‍മ്മികമായ മംഗളത്തിന്റെ നടപടിക്കെതിരെയായിരുന്നു പൊതു വികാരം. മംഗളം കുറ്റം ഏറ്റു പറയുക കൂടി ചെയ്തതോടെ ആ വികാരം അതിശക്തമായി മാറി. മംഗളത്തിന്റെ വീഴ്ചയെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിന്നീട് വലിയ ആഘോഷം ആക്കി.
പൊതുവെ മാധ്യമ പ്രവര്‍ത്തകര്‍ എന്തു തെമ്മാടിത്തരം കാണിച്ചാലും മൗനം പാലിക്കുന്ന സഹപ്രവര്‍ത്തരെല്ലാവരും ഒരിമിച്ചു ചേര്‍ന്ന് മംഗളത്തെ എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്ന കാഴ്ച, കൗതുകം ഉണര്‍ത്തുന്നത് തന്നെ. സഹപ്രവര്‍ത്തകരുടെ പോലും പിന്തുണ ഇല്ലാതെ മംഗളം ലേഖകരും മാനേജ്‌മെന്റും അലയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
അവസരം മുതലെടുത്ത് പൊലീസ് പത്രമോഫീസില്‍ കയറി റെയ്ഡ് നടത്തുകയും നിയമവിരുദ്ധമായി കേസ് രജിസ്റ്റര്‍ ചെയ്തു സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നു എന്നു തെളിയിക്കാന്‍ പൊലീസിന്റെ കയ്യില്‍ യാതൊരു പ്രാഥമിക തെളിവുകളും ഇല്ല എന്നതാണ്. ചാനലിന്റെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഒരു സ്റ്റിങ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തു. എന്നു മാത്രമല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ ലേഖികയെ വിധവയായ പരാതിക്കാരിയായി മാറ്റി. ഈ അധാര്‍മ്മികതയുടെ പേരില്‍ പ്രേക്ഷകരോട് ക്ഷമ പറുകയും അത്തരം മണ്ടത്തരം കാട്ടാതിരിക്കുകയും മാത്രമാണ്. അതിന്റെ പേരില്‍ കേസ് എടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതരെയുള്ള കടന്നു കയറ്റവുമാണ്. അല്ലെങ്കില്‍ സ്റ്റിങ് ഓപ്പറേഷന്‍ എന്നത് ഒരു ക്രിമിനല്‍ കുറ്റമായി നിയമത്തില്‍ പറയണമായിരുന്നു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും പോലും കുറ്റകരമായ നിശബ്ദത പുലര്‍ത്തുന്നത്. അധാര്‍മ്മികമായ ഒരു പ്രവര്‍ത്തിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഒരു മാധ്യമത്തിനെതിരെ നിയമവിരുദ്ധമായ പ്രവര്‍ത്തി നടത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കേണ്ടതും. വാര്‍ത്ത വായിക്കുന്നവര്‍ക്കെതിരെയൊക്കെ കേസ് എടുക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാണ് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സാധ്യമാകുന്നത്? വാര്‍ത്ത വായിക്കാന്‍ ഇരിക്കുമ്പോള്‍ പ്രോംപ്റ്ററില്‍ തെളിയുന്നതുവരെ ഏതു വാര്‍ത്തയാണ് വായിക്കുന്നത് എന്നു പോലും അവതാരകര്‍ക്ക് അറിയില്ല.
ഇന്ന് മംഗളത്തിന്റെ വീഴ്ച ആഘോഷിക്കുന്നവരില്‍ ഒരു വലിയ വിഭാഗത്തിന് ഭരണകൂട പിന്തുണയുണ്ടാകാം.സര്‍ക്കാരിന്റെ അകത്തളങ്ങളില്‍ ഭരണം നിയന്ത്രിക്കുന്നവരാകാം. ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങിയെ പറ്റൂ.എങ്കിലും ഇത് ഒരു ഭരണകൂട ഭീകരത തന്നെയായി മാറുന്നു.
https://www.facebook.com/Malayalivartha