നിയന്ത്രണങ്ങൾക്കിടയിലും പ്രവാസികൾക്ക് ആശ്വാസമായി കുവൈറ്റ്; രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കായുള്ള ഗ്രേസ് പിരീഡ് നീട്ടി നല്‍കി, ഗ്രേസ് പിരീഡ് നീട്ടിയിരിക്കുന്നത് ഒരു മാസക്കാലത്തേക്ക്... പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി അധികൃതർ

കൊറോണ വ്യാപനത്തെ തുടർന്ന് മറ്റു ഗൾഫ് രാഷ്ട്രങ്ങളെക്കാൾ കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയത് കുവൈറ്റാണ്. ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് നേരിട്ട് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം ദുരിതത്തിലായ പ്രവാസികൾ അനവധിയാണ്. ഇപ്പോഴിതാ കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട് ചെയ്ത സാഹചര്യത്തിലും പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ.
രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കായുള്ള ഗ്രേസ് പിരീഡ് നീട്ടി നല്‍കിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസക്കാലത്തേക്കാണ് രാജ്യം ഇത്തരത്തിൽ ഗ്രേസ് പിരീഡ് നീട്ടിയിരിക്കുന്നത്. താമസാനുമതിക്കായുള്ള പ്രവാസികളുടെ സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ആഭ്യന്തരമന്ത്രി തമര്‍ അല്‍ അലി ഗ്രേസ് പിരീഡ് മെയ് പകുതി വരെ നീട്ടണമെന്ന നിര്‍ദേശം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഗ്രേസ് പിരീഡ് നീട്ടിയ കാലയളവില്‍ അനധികൃത താമസക്കാര്‍ അവരുടെ നില പുനഃക്രമീകരിക്കാന്‍ അപേക്ഷിക്കണമെന്ന് അധികൃതര്‍ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തു. ഇത് പാലിക്കാത്തവര്‍ക്ക് താമസാനുമതി നിഷേധിക്കുക, രാജ്യത്ത് നിന്ന് നാടുകടത്തുക, തിരികെ പ്രവേശിക്കുന്നത് വിലക്കുക ഉള്‍പ്പെടെ പിഴ അടയ്ക്കാനും ബാധ്യസ്ഥരാകുന്നതാണ്.
അനധികൃത താമസക്കാര്‍ക്ക് അവരുടെ നില നിയമവിധേയമാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനും ഈ ഗ്രേസ് പിരീഡ് അവസാനിച്ചു കഴിഞ്ഞാല്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്ന അനുബന്ധ പിഴകള്‍ ഒഴിവാക്കാനുമാണ് ഏറ്റവും പുതിയ വിപുലീകരണം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാൽ കുവൈറ്റില്‍ അനധികൃതമായി താമസിക്കുന്നവരുടെ കൃത്യമായ വിവരം ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് ഒരു ലക്ഷത്തോളം വിസ നിയമലംഘകരുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ അനധികൃത താമസക്കാരുടെ ഗ്രേസ് പിരീഡ് കുവൈറ്റ് നീട്ടിയിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി ഗ്രേസ് പിരീഡ് ആരംഭിച്ചത്. ഇത് മെയ് മാസം അവസാനിക്കേണ്ടതായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈറ്റ് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ അടുത്ത മാസങ്ങളില്‍ ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha