പ്രവാസികളെ പുറത്താക്കാൻ സൗദി അറേബ്യ; സൗദിയിൽ ഐ.ടി, ടെലി കമ്മ്യൂണിക്കേഷൻ ജോലികൾ സൗദിവൽക്കരിക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ, പദ്ധതി നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് സുചന

കൊറോണ വ്യാപനത്തിന് പിന്നാലെ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. പലരും ശമ്പളം ലഭിക്കാതെ കഴിച്ചുകൂട്ടിയത് മാസങ്ങളോളം. നാളെ ഈ ദുരിതമൊക്കെയും മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ജീവിതം തള്ളിനീക്കുന്നത്. എന്നാൽ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നായിരുന്നു.....
സ്വാദേശിവത്കരണത്തിന്റെ പേരിൽ ഇനി പ്രവാസികൾ നേരിടാൻ ഇരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്. യുഎഇ ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രങ്ങളും ഇതിനായുള്ള നടപടികൾ തുടങ്ങിയതായി പരസ്യപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഒമാനിൽ ജോലി വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിരവധി സ്വദേശികൾ തെരുവിൽ ഇറങ്ങി. ഇതിനുപിന്നാലെ നിരവധി പ്രവാസികളെ തൽസ്ഥാനത്ത് നിന്ന് പിരിച്ചുവിടാൻ അധികൃതർ നിര്ബന്ധിതരായി. സൗദി ഓരോ മേഖലകളായി സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ സൗദിയിൽ ഐ.ടി, ടെലി കമ്മ്യൂണിക്കേഷൻ ജോലികൾ സൗദിവൽക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ.
ഈ മേഖലയിൽ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവത്കരണം ബാധകമാകുക. 25 ശതമാനമാണ് ഇപ്പോൾ നടപ്പാക്കുന്ന സൗദിവത്കരണം. പദ്ധതി നടപ്പിലാകുന്നതോടെ തന്നെ ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. സ്വകാര്യ മേഖലയിൽ ഐ.ടി-ടെലി കമ്മ്യൂണിക്കേഷൻസ് ജോലികളിലെ സൗദിവൽക്കരണം ജൂൺ 27 മുതൽ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ മാനവവിഭവ ശേഷി സാമൂഹിക വികസനമന്ത്രി എന്‍ജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് ഇന്ന് മുതൽ ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവൽക്കരണ നടപടികൾക്ക് തുടക്കം കുറിച്ച്. അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുളള സ്ഥാപനങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നത് തന്നെ. ഓരോ വിഭാഗം ജോലികളിലും 25 ശതമാനം സൗദിവൽക്കരിക്കും. ഇതിലൂടെ സ്വദേശികൾക്ക് 9,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഐ.ടി ആന്‍ഡ് കമ്മ്യൂണിക്കേഷൻസ് മേഖലയിലെ വിവിധ എഞ്ചിനീയറിംഗ് ജോലികൾ, ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ്, പ്രോഗ്രാമിംഗ് ആന്റ് അനാലിസിസ് ജോലികൾ, ടെക്‌നിക്കൽ സപ്പോർട്ട് ജോലികൾ, ടെലികോം മേഖലയിലെ ടെക്‌നിക്കൽ ജോലികൾ എന്നീ തസ്തികകളിലാണ് ഇപ്പോൾ 25 ശതമാനം സ്വദേശിവൽക്കരിക്കുക.
അതോടൊപ്പം തന്നെ ഇത്തരം ജോലികളിലെ 60 ശതമാനവും വൻകിട കമ്പനികളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേക പ്രൊഫഷനലുകൾക്ക് ഏഴായിരം റിയാലും, ടെക്‌നീഷ്യൻമാർക്ക് 5,000 റിയാലുമാണ് അടിസ്ഥാന വേതനം നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ മലയാളികളുൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സുചന.
https://www.facebook.com/Malayalivartha



























