യുഎഇയ്ക്ക് ഇന്ത്യയുടെ ആ നോട്ടീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യ, യുഎഇയ്ക്ക് നോട്ടിസ് നല്‍കി, ഇനിയും കാത്തിരിക്കാനാകില്ലെന്ന് നിർദ്ദേശം

ഇന്ത്യയിൽ നിന്നും പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് തൊഴിലിനായി കടൽ താണ്ടി എത്തിയതുമുതൽ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള ബന്ധം. പ്രത്യേകിച്ച് യുഎഇയുമായുള്ള ബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടർന്നുവരുന്ന പല പ്രശ്നങ്ങളും അതിന് പിന്നാലെ നടക്കുന്ന അന്വേഷണങ്ങളും ഈ ബന്ധത്തെ സാരമായി ബാധിക്കുന്ന വിധത്തിലാണ് പോകുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്...
ഇന്ത്യ ഒട്ടാകെ ഞെട്ടിച്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യ, യുഎഇയ്ക്ക് നോട്ടിസ് നല്‍കിയിരിക്കുകയാണ്. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായാണ് യുഎഇ എംബസിക്ക് വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പെന്‍ഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. യുഎഇയുടെ മറുപടി കേസിന്‍റെ മുന്നോട്ടുപോക്കിലും ഉഭയകക്ഷി ബന്ധത്തിലും ഇത് നിര്‍ണായകമാകും.
സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പറയുന്ന യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും ചാര്‍ജ് ഡെ അഫയേഴ്സ് റാഷിദ് ഖമീസിനും വേണ്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇരുവരും നേരത്തെ തന്നെ ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. 1962 കസ്റ്റംസ് ആക്ട് സെക്‌ഷന്‍ 124 പ്രകാരം നമ്പര്‍ 29/2021 നോട്ടിസ് വിദേശകാര്യമന്ത്രാലയം യുഎഇ എംബസിക്ക് വെള്ളിയാഴ്ച്ചയാണ് കൈമാറിയത്. അല്‍സാബിയുമായും റാഷിദ് ഖമീസുമായും ബന്ധപ്പെട്ടശേഷം മറുപടി നല്‍കാനും ഇതോടൊപ്പം അഭ്യര്‍ഥിച്ചിട്ടുണ്ട്.
കൂടാതെ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ കേസില്‍ ഇത്തരമൊരു നീക്കം ആദ്യമായാണ്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തതായും ഔദ്യോഗിക ചുമതലകള്‍ക്ക് അപ്പുറം സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായതായുമുള്ള കസ്റ്റംസിന്‍റെ കണ്ടെത്തല്‍ യുഎഇയ്ക്ക് കൈമാറിയിട്ടുമുണ്ട്.
അതേസമയം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ ഭീഷണിയില്ലാതിരുന്നിട്ടും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടാതെ കോണ്‍സല്‍ ജനറലിന് സംസ്ഥാന സര്‍ക്കാര്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കി. 2019 നവംബറിനും 2020 മാര്‍ച്ച് നാലിനും ഇടയില്‍ നടന്ന 18 നയതന്ത്ര കള്ളക്കടത്തുകള്‍ക്ക്, ഓരോന്നിനും 1000 യുഎസ് ഡോളര്‍ വീതം അല്‍സാബിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസിന്‍റെ വെളിപ്പെടുത്തൽ. സ്വന്തം പൗരന്മാരെ ഇന്ത്യയിലെ നിയമ നടപടിക്ക് വിട്ടുനല്‍കാന്‍ യുഎഇ തയാറാകുമോയെന്നത് ഇനിയുള്ള കണ്ടെത്തലുകൾക്ക് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha



























