ഒരു ഡോസ് പോരാ....പ്രവാസികളെ കുടുക്കി ഗൾഫ് രാഷ്ട്രം; കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സൂചന, പ്രവാസികൾക്ക് മുന്നറിയിപ്പ്

കൊവിഡ് വാക്സിന്റെ ഒരു ഡോസ് മാത്രം എടുത്ത പ്രവാസികളെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഓഗസ്റ്റ് ഒന്ന് മുതലാണ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനമതി നല്‍കിയിരിക്കുന്നത്.
ഫൈസര്‍, ഓക്സ്ഫോഡ് ആസ്‍ട്രസെനിക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍. ഇവയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ച പ്രവാസികള്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. അതേസമയം സ്വദേശികള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികള്‍ വാക്സിന്റെ രണ്ട് ഡോസും സ്വീകരിക്കാതെ രാജ്യം വിട്ടാല്‍ അവര്‍ക്കും രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത ശേഷമേ രാജ്യത്ത് തിരികെ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, കുവൈത്തിൽ മാളുകളിലും ഭക്ഷണ ശാലകളിലും മറ്റും പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്കു പരിമിതപ്പെടുത്തിയ നടപടി ഫലം ചെയ്തതായി വിലയിരുത്തൽ. നിയന്ത്രണം കർശനമായി നടപ്പാക്കാൻ ആരംഭിച്ചതോടെ വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രവേശന നിയന്ത്രണം സംബന്ധിച്ച് ഉത്തരവ് വന്നത് മുതൽ പ്രതിദിനം 2000 മതൽ 5000 വരെ ആളുകൾ പുതുതായി രജിസ്റ്റർ ചെയ്യുന്നതായാണ് വിവരം.
ദിവസം 40,000ത്തിലേറെ ആളുകൾക്കാണ് വാക്സിൻ നൽകുന്നത് . മിഷ്രിഫ് എക്സിബിഷൻ സെന്ററിലെ പ്രധാന കേന്ദ്രത്തിൽ മാത്രം 25,000ത്തിലധികം പേർ ഒരു ദിവസം എത്തുന്നുണ്ട് . നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഒരു വിഭാഗം ആളുകൾ കുത്തിവെപ്പിന് തയാറായിരുന്നില്ല . ഒരു വിഭാഗം സ്വദേശികൾ വാക്സിനേഷനെതിരെ പരസ്യമായ നിലപാടെടുത്തതും അധികൃതർക്ക് തലവേദനയായി.
നിയമം മൂലം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സമ്മർദ്ദ നടപടികളിലൂടെ പരമാവധി പേരെ കുത്തിവെപ്പ് എടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാളുകൾ പോലുള്ള ഇടങ്ങളിൽ പ്രവേശനം, വാക്സിനേഷൻ എടുത്തവർക്ക് മാത്രമാക്കിയത് . സാമൂഹിക പ്രതിരോധ ശേഷി സാധ്യമാകാൻ ബഹുഭൂരിഭാഗം ആളുകൾ വാക്സിൻ എടുക്കേണ്ടതുണ്ട്. മൂന്നോ നാലോ മാസത്തിനകം ഇത് സാധ്യമാക്കാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha



























