കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണത്തിൽ വൻ വർധന; അവസാനത്തോടെ രാജ്യത്ത് എത്തിയത് 6,52,000 ആളുകൾ, ആകെ പുറത്തേക്ക് പോയവരുടെ 60 ശതമാനവും സ്വദേശികളും, കണക്കുകൾ ഇങ്ങനെ....
കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയിരിക്കുകയാണ്. 6,52,000 ആളുകളാണ് ഡിസംബർ അവസാനത്തോടെ തന്നെ രാജ്യത്ത് എത്തിയത്. സ്വദേശികളും വിദേശികളുമായി 19,00,000 ആളുകൾ പുറത്തേക്ക് പോകുകയും ചെയ്തതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ജി.സി.സി രാജ്യങ്ങളിൽനിന്നുമാണ്.
കൂടാതെ 2,93,125 ആളുകളാണ് സന്ദർശകരായി എത്തിയത്. 1,06,042 ആളുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. യമൻ 41,923, പാകിസ്താൻ 19,326, ഈജിപ്ത് 18,173 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ. ഹോട്ടലുകളുടെ വരുമാനം ( 3-4 സ്റ്റാർ) 102 ദശലക്ഷം റിയാൽ ആണ്. 12 ലക്ഷം ആളുകൾ ഹോട്ടലുകളിൽ അതിഥികളായെത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ 1,80,000 ആളുകളാണ് സുൽത്താനേറ്റ് സന്ദർശിച്ചത്. മുൻവർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 384 ശതമാനം വർധനയാണ് കാണുവാൻ സാധിക്കുന്നത്. 2020 ഡിസംബറിൽ 37,000 ആളുകൾ മാത്രമാണ് സന്ദർശകരായി എത്തിയിരുന്നത്. 2021 ഡിസംബറിൽ 75,839 ആളുകളാണ് ജി.സി.സി രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്നത്. ഇതു മൊത്തം സന്ദർശകരുടെ 42 ശതമാനം വരും. 3,36,000 ആളുകളാണ് ഇവിടെനിന്ന് പുറത്തേക്ക് പോയത്.
ഇതിൽ ആകെ പുറത്തേക്ക് പോയവരുടെ 60 ശതമാനവും സ്വദേശികളായിരുന്നു. നക്ഷത്ര ഹോട്ടലുകളുടെ വരുമാനത്തിൽ (3-5 സ്റ്റാർ) കഴിഞ്ഞവർഷം ഡിസംബറിൽ 149.2 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഏഴു ദശലക്ഷം റിയാലായിരുന്നു 2020 ഡിസംബറിലുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷമിത് 17.6 ദശലക്ഷം റിയാലായി ഉയരുകയും ചെയ്തിരുന്നു. ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ 61.4 ശതമാനത്തിന്റെ വളർച്ചയാണ് വന്നിട്ടുള്ളത്. 2020ൽ 84,500 ആളുകളാണ് അതിഥികളായെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 1,36,000 ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























