വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു; യുഎഇയിൽനിന്ന് സൗദി വഴി റോഡ് മാർഗം ഖത്തറിലെത്തി ലോക കപ്പ് കാണാനൊരുങ്ങി പ്രവാസികൾ, നിലവിൽ യുഎഇയിൽനിന്ന് ഖത്തറിലേക്ക് വൺവേയ്ക്ക് 400 ദിർഹമുണ്ടായിരുന്നത് ലോകകപ്പ് നടക്കുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെ 3400 മുതൽ 5000 ദിർഹം വരെയായി

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികളൊക്കെ കഴിഞ്ഞ് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. ലോകം മുഴുവനും ഏറെ ആകാംഷയോടെ കാത്തിരുന്ന എക്സ്പോ 10 ലക്ഷത്തിലധികം കാഴ്ചക്കാരെ പിന്നിട്ടുകൊണ്ട് മുന്നേറുമ്പോൾ ഗൾഫ് ഏറെ അമ്പരപ്പോടെ കാത്തിരുന്ന ഫിഫ വേൾഡ് കപ്പ് അടുത്തെത്തിയിരിക്കുകയാണ്. ഇതിനായി എന്ത് കഷ്ടപ്പെടും സഹിച്ച് ഖത്തറിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുകയാണ് പ്രവാസികൾ. ഇതിനുപിന്നാലെ യുഇഇയുടെ ഇരട്ടത്താപ്പ് വന്നിരിക്കുന്നത്.
എന്നാലിതാ യുഎഇയിൽനിന്ന് സൗദി വഴി റോഡ് മാർഗം ഖത്തറിലെത്തി ലോക കപ്പ് കാണാനൊരുങ്ങിയിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. വേൾഡ് കപ്പിനു മുന്നോടിയായി യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് ബദൽ വഴികൾ തേടാൻ പ്രവാസികൾ ഒരുങ്ങിയിരിക്കുന്നത്. നിലവിൽ യുഎഇയിൽനിന്ന് ഖത്തറിലേക്ക് വൺവേയ്ക്ക് 400 ദിർഹമുണ്ടായിരുന്നത് ലോകകപ്പ് നടക്കുന്ന നവംബർ 21 മുതൽ ഡിസംബർ 18 വരെ 3400 മുതൽ 5000 ദിർഹം വരെയായി. ലോകകപ്പ് അടുക്കുന്തോറും നിരക്ക് ഇനിയും കൂടിയേക്കുമെന്നാണ് സൂചന. ഇതാണ് മറ്റു വഴികൾ തേടാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ അനുസരിച്ച് അബുദാബിയിൽനിന്ന് 588 കി.മീയും ദുബായിൽനിന്ന് 695 കി.മീയും പിന്നിട്ടാൽ ഏഴര മണിക്കൂർകൊണ്ട് തന്നെ സൗദി വഴി ഖത്തറിലെത്താവുന്നതാണ്. വാരാന്ത്യ അവധികളിലും മറ്റും ഇഷ്ട ടീമുകളുടെ കളി ഇങ്ങനെ കാണാനുള്ള ഒരുക്കത്തിലാണ് ആരാധകർ ഏവരും. സ്വന്തമായി വാഹനമില്ലാത്തവർ ചേർന്ന് റെന്റ് എ കാർ എടുത്തു പോകാനും ആലോചിക്കുന്നുണ്ട്. യുഎഇയുമായി നേരിട്ട് അതിർത്തി പങ്കിടാത്ത ഖത്തറിലേക്ക് സൗദിയിലെ സൽവ പോർട് വഴി റോഡ് മാർഗം ദോഹയിലെത്താവുന്നതാണ്. ഖത്തർ, സൗദി ട്രാൻസിറ്റ്/വിസിറ്റ്/ടൂറിസ്റ്റ് വീസകൾ എടുക്കേണ്ടിവരുമെന്ന് മാത്രം.
ഇതുകൂടാതെ സ്വദേശികൾക്കു വീസ വേണ്ട. ജിസിസി താമസവീസയുള്ള വിദേശികൾക്ക് വീസ എടുക്കേണ്ടിവരും. നിലവിൽ അതിർത്തി കടക്കാൻ 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് വേണമെങ്കിലും നവംബറോടെ കോവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണത്തിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. യുഎഇ–സൗദി അതിർത്തിയായ ഗുവൈഫാത്തിൽ വാരാന്ത്യങ്ങളിൽ തിരക്കുണ്ടാകുമെങ്കിലും 2 മണിക്കൂർ നേരത്തെ പുറപ്പെട്ടാൽ പ്രയാസമുണ്ടാകില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഗുവൈഫാത്തിൽനിന്ന് സൗദിയിലേക്കു കടന്ന് 120 കി.മീ പിന്നിട്ടാൽ സൽവ ബോർഡർ കടന്ന് ഖത്തറിലെത്താൻ സാധിക്കും. നിലവിൽ യുഎഇ–ഖത്തർ സെക്ടറിൽ പരിമിത സർവീസ് മാത്രമാണുള്ളത്. ഇതും നിരക്കു വർധനയ്ക്കു കാരണമായി മാറിയിട്ടുണ്ട്.
അതേസമയം ലോകകപ്പിനോടനുബന്ധിച്ച് വിവിധ രാജ്യക്കാർ യുഎഇയിൽ താമസിച്ച് ലോക കപ്പ് കാണാൻ ഖത്തറിലേക്കു പോകുന്ന പ്രവണതയും കൂടുന്നതാണ്. എക്സ്പോ ഉൾപ്പെടെയുള്ള കാഴ്ചകൾ, കുറഞ്ഞ താമസ ചെലവ്, വൈവിധ്യമാർന്ന ഭക്ഷണം തുടങ്ങിയവയാണ് യുഎഇക്ക് ഗുണകരമാകുക. യുഎഇയിൽനിന്ന് വിമാനത്തിൽ ഒരു മണിക്കൂർ യാത്ര ചെയ്താൽ ഖത്തറിലെത്താൻ സാധിക്കും. യാത്രക്കാരുടെ വർധന കണക്കിലെടുത്ത് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകണമെങ്കിൽ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha


























