പ്രവാസികളെ കൈവിട്ട് സൗദി അറേബ്യ; ഒട്ടുമിക്ക മേഖലകളിലും സ്വദേശിവത്കരണം കടുപ്പിച്ച സൗദി അറേബ്യയിൽ ഇപ്പോഴിതാ 30 തൊഴിൽ മേഖലകളിൽകൂടി സ്വദേശിവത്കരണം നടപ്പാക്കാൻ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, ഭൂരിഭാഗം തൊഴിൽമേഖലകളും ജോലികളും സ്വദേശിവത്കരിക്കലാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ വീണ്ടും ഉണരുമ്പോൾ സ്വദേശിവത്കരണം കടുപ്പിക്കുകയാണ് പലരും. പ്രത്യേകിച്ച് സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ എന്നീ രാഷ്ട്രങ്ങൾ. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗദി അറേബ്യയിൽ പ്രവാസികൾക്ക് കനത്ത ആഘാതം നൽകുണ്ണ വാർത്തകളാണ് പുറത്ത് വരുന്നത്.
ഒട്ടുമിക്ക മേഖലകളിലും സ്വദേശിവത്കരണം കടുപ്പിച്ച സൗദി അറേബ്യയിൽ ഇപ്പോഴിതാ 30 തൊഴിൽ മേഖലകളിൽകൂടി സ്വദേശിവത്കരണം നടപ്പാക്കാൻ മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം തയ്യാറായിരിക്കുകയാണ്.
ഈ വർഷം നടപ്പാകുമെന്ന് മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജിഹി വ്യക്തമാക്കുകയുണ്ടായി. റിയാദിൽ സർക്കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത പതിവ് വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഭൂരിഭാഗം തൊഴിൽമേഖലകളും ജോലികളും സ്വദേശിവത്കരിക്കലാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ 2021ൽ 32 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയത്. സ്വദേശി യുവാക്കളും യുവതികളുമായ 17,000 എൻജിനീയർമാർക്കും 3000 ദന്തഡോക്ടർമാർക്കും 6000 ഫാർമസിസ്റ്റുകൾക്കും തൊഴിലവസരം ഒരുക്കിയിട്ടുണ്ട്. അക്കൗണ്ടിങ് മേഖലയിൽ 16,000 പേർക്കും ജോലി ലഭ്യമാക്കിയിരിക്കുകയാണ്. തൊഴിൽ വിപണിയിലെ സ്വദേശികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. ഇതോടെ തൊഴിൽവിപണി കാര്യക്ഷമതയുടെ കാര്യത്തിൽ ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ ഒന്നാവാനാണ് സൗദിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അങ്ങനെ ബൃഹദ് പദ്ധതികളിലൂടെ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിൽ 1,32,000ത്തിലധികം യുവതി-യുവാക്കളെ മാനവവിഭവശേഷി നിധിയായ 'ഹദഫ്' പിന്തുണക്കുകയാണ്. 2021ൽ നാലു ലക്ഷം യുവതി-യുവാക്കൾ തൊഴിൽ വിപണിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയും പേർ തൊഴിൽ വിപണിയിലെത്തുന്നത്. സ്ത്രീകളുടെ പങ്കാളിത്തം തൊഴിൽ മേഖലയൽ 32 ശതമാനമായി ഉയർന്നിട്ടുമുണ്ട്. വേതന സംരക്ഷണ സംവിധാനത്തിന്റെ വ്യാപ്തി 80 ശതമാനമായി വിപുലീകരിക്കപ്പെട്ടു. ഓരോ മാസാവസാനവും തൊഴിലാളിക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് വേതന സംരക്ഷണ സംവിധാനം ഉറപ്പാക്കുന്നു.
അതോടൊപ്പം അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഏഴു ദശലക്ഷം തൊഴിൽ കരാറുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ രേഖപ്പെടുത്തിയിരിക്കുകയാണ്. മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഡിജിറ്റൽ ആയെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വിപണിതന്ത്രത്തിൽ 25 പരിഷ്കരണ സംരംഭങ്ങൾ ആരംഭിച്ചു. നിക്ഷേപകരെ ആകർഷിക്കുക ലക്ഷ്യമിട്ട് നിലവിലെ തൊഴിൽവ്യവസ്ഥ പഠനവിധേയമാക്കുന്നതായിരിക്കും. സ്വദേശികൾക്ക് ജോലികൾ സൃഷ്ടിക്കുന്നതിനും നല്ലൊരു തൊഴിൽ അന്തരീക്ഷമുണ്ടാക്കാനുമാണ് മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രിവ്യക്തമാക്കി. ഇതോടുകൂടി നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
https://www.facebook.com/Malayalivartha


























