'ഓരോ പ്രവാസികളുടേയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മകളുടെ വിവാഹം. മകളെ മാന്യമായി വിവാഹം ചെയ്തയക്കുകയും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ജീവിക്കുകയും ചെയ്യണം എന്ന കണക്ക് കൂട്ടലിലായിരുന്നു ഇദ്ദേഹം. ഇന്നലെ മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ വിയോഗം മനസ്സിനെ വല്ലാതെ നോവിച്ചു...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

പ്രവാസികളുടെ മരണം നോവായി മാറുകയാണ്. സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ മടങ്ങുമ്പോൾ പ്രവാസലോകത്തിന്റെ കണ്ണുകൾ നിറയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അത്തരത്തി വേദന നിറഞ്ഞ ഒരു സംഭവം പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ വിയോഗം മനസ്സിനെ വല്ലാതെ നോവിച്ചു. കഴിഞ്ഞ 27 വർഷമായി യു എ ഇ യിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. പ്രവാസ ലോകത്തിന്റെ ചൂടും തണുപ്പും സഹിച്ച് കുടുംബത്തെ നല്ല നിലയിൽ പോറ്റി. ആയിടക്കാണ് മകളുടെ വിവാഹക്കാര്യവും ശരിയായത്. ഓരോ പ്രവാസികളുടേയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മകളുടെ വിവാഹം. മകളെ മാന്യമായി വിവാഹം ചെയ്തയക്കുകയും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ജീവിക്കുകയും ചെയ്യണം എന്ന കണക്ക് കൂട്ടലിലായിരുന്നു ഇദ്ദേഹം.
മകളുടെ വിവാഹവും ലക്ഷ്യമാക്കി നീണ്ട പ്രവാസം അവസാനിപ്പിച്ച് ഈ വരുന്ന 24 ന് നാട്ടിലേക്ക് പോകാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി സ്വപ്‌നങ്ങൾ കണ്ടിരിക്കുകയായിരുന്നു. ഈ സഹോദരനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മരണം മാടി വിളിക്കുമ്പോൾ കൂടെപ്പോവുകയല്ലാതെ മറ്റെന്ത് ചെയ്യാൻ കഴിയും നമുക്ക്. ഒരു കുടുംബത്തിൻറെ അത്താണിയായിരുന്നു വിട പറഞ്ഞു പോയത്.
അവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Ashraf Thamarasery.
https://www.facebook.com/Malayalivartha