തീവ്രവാദ ബന്ധം: 47 പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി

തീവ്രവാദ ബന്ധത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്ത 47 പേരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കി. ഇവരില്‍ ഭൂരിഭാഗവും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ്. രാജ്യത്തെ 12 പ്രവിശ്യകളിലായി ശിക്ഷക്ക് വിധേയരായവരില്‍ 45 പേരും സൗദി പൗരന്മാരാണ്. ഈജിപ്ത്, ഛാഡ് പൗരന്മാരാണ് മറ്റു രണ്ടുപേര്‍. കിഴക്കന്‍ പ്രവിശ്യയിലെ പുരോഹിതനായ നമിര്‍ അന്നമിര്‍ അടക്കമുള്ള 47 പേരുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. മതവിരുദ്ധ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുകയും ഭീകരവാദസംഘടനകളില്‍ ചേരുകയും രാജ്യത്തിനെതിരെ പലതരത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. പ്രത്യേകകോടതി വിധിച്ച വധശിക്ഷ നേരത്തേ സുപ്രീംകോടതി ശരിവെച്ചിരുന്നു.
2003 മേയില്‍ റിയാദിലെ സെവില്‌ളെ റസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സില്‍ നടന്ന ബോംബ് സ്‌ഫോടനം, 2004 മേയില്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ അറബ് പെട്രോളിയം ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍, പെട്രോളിം സെന്റര്‍, റസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സ് എന്നിവിടങ്ങളില്‍ നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനുമിടയാക്കിയ സായുധാക്രമണം, ഖമീസ് മുശൈത്, അല്‍ഖര്‍ജ് നേവല്‍ എയര്‍ബേസുകള്‍, അറാര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്തത്, 2004 ഡിസംബറില്‍ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ നടന്ന ആക്രമണം, 2006ല്‍ അബ്‌ഖൈഖില്‍ നടന്ന ആക്രമണശ്രമം, അരാംകോ കമ്പനിയില്‍ നടന്ന സ്‌ഫോടനശ്രമം തുടങ്ങി നിരവധി ഭീകരവൃത്തികളില്‍ ഇവര്‍ പങ്കാളികളാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സൗദിയുടെ അയല്‍ദേശങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇവര്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തി. മതത്തെക്കുറിച്ച പിഴച്ച ഖവാരിജി ആശയഗതികള്‍ വെച്ചു പുലര്‍ത്തി, ഖുര്‍ആനിനും സുന്നത്തിനും പൂര്‍വിക പണ്ഡിത സരണിക്കും വിരുദ്ധമായ ചിന്താഗതികള്‍ തെറ്റായ മാര്‍ഗത്തിലൂടെ പ്രചരിപ്പിക്കുകയും അതിനു വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു, തീവ്രവാദസംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തുകയും അവരുടെ വിധ്വംസകപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹാഇല്‍, വടക്കന്‍ അതിര്‍ത്തിപ്രവിശ്യ, അസീര്‍, അല്‍ജൗഫ്, നജ്‌റാന്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളിലാണ് ശിക്ഷ നടപ്പാക്കിയത്.
കുറ്റവാളികള്‍ രാജ്യത്തികനകത്തെ സുരക്ഷാ, സൈനിക കേന്ദ്രങ്ങള്‍ ആക്രമണലക്ഷ്യമാക്കിയതായും സമ്പദ്ഘടനയെ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.സൗദി ഭരണകൂടത്തിനെതിരെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച ഷിയ പുരോഹിതന്‍ ഷേയ്ക്ക് നിമ്ര് അല്‍ നിമ്ര്, അല്‍ഖ്വയ്ദ നേതാവ് ഫാരിസ് അല്‍ സഹറാനി എന്നിവരടക്കമുള്ളവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഒക്ടോബറിലാണ് ഷിയ പുരോഹിതന്‍ നിമ്ര്! അല്‍ നിമ്ര് ന്റെ വധശിക്ഷ സൗദി ശരിവെച്ചത്. അതേസമയം നിമ്രയുടെ വധശിക്ഷയ്ക്ക് സൗദി കനത്ത വിലനല്‍കേണ്ടിവരുമെന്ന് സൗദിയുടെ മുഖ്യ ശത്രുക്കളിലൊരാളായ ഇറാന്‍ പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ അല്‍ ഖ്വയ്ദ സൗദിയില്‍ നടത്തിയ ആക്രമണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ചിത്രങ്ങളും സൗദി ടെലിവിഷന്‍ പ്രസ്താവനയ്‌ക്കൊപ്പം പുറത്തുവിട്ടിരുന്നു.2015ല്‍ സൗദിയില്‍ മാത്രം 150ലധികം പേരുടെ വധശിക്ഷ നടന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാണല്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേ ദിവസമാണ് 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha