സൗദിയുടെ ദേശീയോത്സവത്തിന് ഇന്ന് കൊടിയേറും

സൗദി ദേശീയ പൈതൃകോത്സവത്തിന് റിയാദിലെ ജനാദിരിയയില്‍ ബുധനാഴ്ച കൊടിയേറും. ഇനിയുള്ള 17 ദിനങ്ങള്‍ പൈതൃകവും സംസ്‌കാരവും ഇഴചേരുന്ന ഉത്സവത്തിന്റെതാണ്. അതിന് സാക്ഷികളാവാന്‍ രാജ്യത്തിന്റെ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും സ്വദേശികളും വിദേശികളും ജനാദിരിയയിലെ മേളപ്പറമ്പിലേക്ക് ഒഴുകിയെത്തും. രാജ്യത്തിന്റെ 13 പ്രവിശ്യകളുടെയും സാംസ്‌കാരിക വൈവിധ്യവും പരമ്പരാഗത കലകളും വിഭവങ്ങളുമൊക്കെ കൂടിച്ചേരുന്ന അപൂര്‍വ സംഗമ വേദിയായി ഇന്നു മുതല്‍ ജനാദിരിയ മാറും. സൈനിക വിഭാഗമായ 'നാഷണല്‍ ഗാര്‍ഡ്' ഒരുക്കുന്ന മേളയില്‍ മഹത്തായ പൈതൃക സമ്പത്തുള്ള രാജ്യത്തിന്റെ സുന്ദര കാഴ്ചകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. അവിടെയെത്തുന്നവര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ നിറക്കൂട്ടുകള്‍ നല്‍കുന്ന പവലിയനുകള്‍ ഉയര്‍ന്നു കഴിഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നതോടെ 30ാമത് ദേശീയ മേളക്ക് ഔദ്യോഗിക തുടക്കമാവും.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി അരങ്ങേറുന്ന ഒട്ടകയോട്ട മത്സരമാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സൗദിയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും മുന്തിയ ഒട്ടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. മേളയുടെ അതിഥിയായി വിവിധ രാജ്യങ്ങളെയാണ് ക്ഷണിക്കാറുള്ളത്. ജര്‍മനിക്കാണ് ഇത്തവണ നറുക്കു വീണിരിക്കുന്നത്. മേളപ്പറമ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അതിഥി രാജ്യത്തിന്റെ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഉദ്ഘാടന ചടങ്ങിനുള്ള അന്തിമ വട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കും.
രാവിലെ ഒമ്പതു മുതല്‍ 12വരെയും വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയുമാണ് പ്രദര്‍ശന സമയം. മുഴുവന്‍ പ്രവിശ്യകളുടെയും പവലിയനുകള്‍ക്ക് പുറമെ സൗദി സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെയുമൊക്കെ സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്. കലാ, സാംസ്‌കാരിക വൈവിധ്യത്തിന് പുറമെ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മറ്റും അതത് വകുപ്പുകളുടെ സ്റ്റാളുകളില്‍ നിന്ന് ലഭ്യമാവും. ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തുന്ന ഉത്സവത്തിന് ഫെബ്രുവരി 20ന് കൊടിയിറങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha