യുഎഇയില്‍ തൊഴിലാളികള്‍ക്കു വ്യാഴാഴ്ച മുതല്‍ ഉച്ചവിശ്രമം, നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴ

യുഎഇയില്‍ തൊഴിലാളികള്‍ക്കു നാളെ മുതല്‍ ഉച്ചവിശ്രമം ആരംഭിക്കും. കൊടും വെയിലില്‍ തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 15 വരെ തുടരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്നുവരെയാണു വിശ്രമം അനുവദിച്ചിട്ടുള്ളത്.
നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തും. ഒരു തൊഴിലാളിയെ നട്ടുച്ചയ്ക്ക് തൊഴിലെടുപ്പിച്ചാല്‍ 5000 ദിര്‍ഹമാണ് ആദ്യഘട്ടത്തില്‍ പിഴ. അരലക്ഷം ദിര്‍ഹം വരെ ഈ കേസില്‍ കമ്പനികള്‍ക്ക് പിഴ ചുമത്തും. ഇതിനുപുറമെ കമ്പനികളെ മന്ത്രാലയത്തിന്റെ താഴ്ന്ന പട്ടികയിലേക്കു തരംതാഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയുള്ള കമ്പനികള്‍ക്കു മന്ത്രാലയവുമായുള്ള ഇടപാടുകള്‍ മറ്റു കമ്പനികളെപ്പോലെ ലളിതമായിരിക്കില്ല.
എത്ര തൊഴിലാളികളെ ഉച്ചവിശ്രമം നല്‍കാതെ പണിയെടുപ്പിച്ചു, എത്രതവണ നിയമം ലംഘിച്ചു എന്നെല്ലാം വിലയിരുത്തിയാണു നടപടി സ്വീകരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൂടിനു കടുപ്പം കൂടിയതിനാല്‍ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണം എന്നാണു സ്വദേശിവല്‍ക്കരണ, മാനവ വിഭവശേഷി വകുപ്പ് മന്ത്രി സഖര്‍ ഗബ്ബാഷ് നിര്‍ദേശിച്ചത്. രാവിലെയോ വൈകുന്നേരമോ ആയി ദിവസത്തില്‍ എട്ടു മണിക്കൂറാണു ജോലി. പല കമ്പനികളും ഉച്ചവിശ്രമം നിയമം പ്രാബല്യത്തില്‍ ആകുന്നതിനു മുന്‍പു തന്നെ ജോലിസമയം തൊഴിലാളികള്‍ക്കു പ്രയാസകരമല്ലാത്തവിധം ക്രമീകരിച്ചിരുന്നു. റമസാനില്‍, ചൂടിന് കാഠിന്യം കൂടുന്നതിനു മുന്‍പുതന്നെ പണിസ്ഥലം വിടാന്‍ കഴിയുന്ന വിധത്തിലാണ് സമയക്രമീകരണം. എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലിയെടുപ്പിച്ചാല്‍ തൊഴില്‍ നിയമപ്രകാരമുള്ള അധികവേതനം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ ഇളവ് ഗതാഗതം സുഗമമാക്കാനുള്ള ജോലികള്‍ക്കും വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ക്കും നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. മലിനജല നീക്കം അടിയന്തരമായി വരുന്ന സാഹചര്യങ്ങളിലും തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനു കമ്പനികള്‍ക്കു വിലക്കില്ല.
ഉച്ചസമയത്തെ ജോലിയില്‍ ശ്രദ്ധിക്കേണ്ടത് ജോലിസ്ഥലങ്ങളില്‍ തണുത്ത കുടിവെള്ളം ഉറപ്പാക്കണം. ആരോഗ്യ മന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം ഉച്ചവിശ്രമ നിയമത്തില്‍ ഇളവ് നല്‍കപ്പെട്ടവരെയും പണിയെടുപ്പിക്കേണ്ടത്. നിര്‍ജലീകരണം തടയാന്‍ ആവശ്യമായ സംവിധാനങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടായിരിക്കണം. എല്ലാ സുരക്ഷാ സംവിധാനവും തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കണം. അറബിക്കിലും അതിനുപുറമെ തൊഴിലാളികള്‍ക്കു മനസ്സിലാകുന്ന ഭാഷയിലും മൂന്നുമാസത്തെ തൊഴില്‍ സമയം പ്രദര്‍ശിപ്പിക്കുകയും വേണം.
https://www.facebook.com/Malayalivartha


























