യു.എസ്. നാവികസേനയുമായി ചേര്‍ന്ന് പോരാടുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് പ്രഖ്യാപനവുമായി ബഹ്‌റൈന്‍

ഐ.എസ്.ഭീകരര്‍ക്കുനേരേ യു.എസ്. നാവികസേനയുമായി ചേര്‍ന്ന് പോരാടുന്ന ഖത്തര്‍സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ബഹ്‌റൈനിന്റെ അന്ത്യശാസന. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്. നേവല്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ബഹ്‌റൈന്‍ ഇതുസംബന്ധിച്ച നിര്‍േദശം നല്‍കിയതായാണ് വിവരം.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി. രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം തുടരുന്നതിനിടെയാണ് ബഹ്‌റൈന്‍ സ്വരം കടുപ്പിക്കുന്നത്. ഐ.എസ്.ഭീകരര്‍ക്കുനേരേ യു.എസ്.സേന നടത്തുന്ന പോരാട്ടത്തില്‍ 2014 മുതലാണ് ഖത്തര്‍ ഭാഗമാവുന്നത്. വിരലിലെണ്ണാവുന്ന ഖത്തര്‍സൈനികരേ ഈ സഖ്യസേനയില്‍ ഉള്ളൂവെന്ന് സൂചനയുണ്ട്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. അതേസമയം യു.എസ് പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ ഖത്തറുമായി സൈനികസഹകരണം തുടരുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഖത്തറിന് 1200 കോടി ഡോളറിന്റെ എഫ്15 വിമാനങ്ങള്‍ കൈമാറുന്ന കരാറില്‍ പെന്‍റഗണ്‍ ഒപ്പിട്ടിരുന്നു.
https://www.facebook.com/Malayalivartha


























