റമദാൻ ദിനങ്ങളിൽ പകലിന്റെ ദൈർഘ്യം കൂടും; ഏറ്റവും ദൈർഘ്യമേറിയ വ്രത സമയം സൗദിയിലെ വടക്കൻ പ്രദേശങ്ങളിൽ

റമദാൻ ദിനങ്ങൾ ആരംഭിക്കാനിരിക്കെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പകലിന്റെ ദൈർഘ്യം കൂടുതലായിരിക്കുമെന്നു ഗോള ശാസ്ത്ര വിഭാഗം അറിയിച്ചു. ഇതോടെ രാജ്യത്ത് ഏറ്റവും ദൈർഘ്യമേറിയ വ്രത സമയം സൗദിയിലെ വടക്കൻ പ്രദേശങ്ങളിലായിരിക്കും.
കണക്കുകളുടെയും നിരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ പതിനഞ്ചു മണിക്കൂറിൽ കൂടുതൽ പകൽ സമയത്തിന് ദൈർഘ്യമുണ്ടാകും. സൗദിയുടെ വടക്കൻ പ്രദേശങ്ങളായ തബൂക്ക്, ഹാഇൽ, തുറൈഫ്, അറാർ ഭാഗങ്ങളിലായിരിക്കും റമദാൻ വ്രതത്തിന്റെ പകലുകൾക്ക് ഏറ്റവും ദൈർഘ്യം ഉണ്ടാവുക.
റമദാൻ തുടക്ക ദിവസങ്ങളിൽ 15 മണിക്കൂർ 24 മിനിറ്റും അവസാനമാവുമ്പോഴേക്കും 15 മണിക്കൂർ 50 മിനിറ്റും വരെ ദീർഘിച്ചതാവും ഈ പ്രദേശങ്ങളിലെ വ്രത സമയം. അബഹ, ജിസാൻ, നജ്‌റാൻ, അൽ ബഹ പ്രദേശങ്ങളിലായിരിക്കും ഏറ്റവും കുറവ് പകൽ സമയം. റമദാൻ ആരംഭത്തിൽ 14 മണിക്കൂർ 17 മിനിറ്റും അവസാനമാവുമ്പോൾ 14 മണിക്കൂർ 32 മിനിറ്റുമായിരിക്കും ഇവിടങ്ങളിൽ സമയ ദൈർഘ്യം.
റിയാദിൽ കൂടിയ സമയം 15 മണിക്കൂർ 11 മിനിറ്റും കുറഞ്ഞ സമയം 14 മണിക്കൂർ 49 മിനിറ്റും, ദമ്മാമിൽ കൂടിയ സമയം 15 മണിക്കൂർ 21 മിനിറ്റും കുറഞ്ഞ സമയം 14 മണിക്കൂർ 57 മിനിറ്റ്, ജിദ്ദയിൽ കൂടിയ സമയം 14 മണിക്കൂർ 53 മിനിറ്റും കുറഞ്ഞ സമയം 14 മണിക്കൂർ 33 മിനിറ്റ് എന്നിങ്ങനെയുമായിരിക്കും.
മക്കയിൽ കുറഞ്ഞ സമയം 14 മണിക്കൂർ 35 മിനിറ്റ്, കൂടിയ സമയം 14 മണിക്കൂർ 54 മിനിറ്റ്, മദീനയിൽ ഇത് യഥാക്രമം 14 മണിക്കൂർ 48 മിനിറ്റും15 മണിക്കൂർ 3 മിനിറ്റ് എന്നിങ്ങനെയായിരിക്കും ഉണ്ടായിരിക്കുക എന്ന് ഗോള ശാസ്ത്ര വിഭാഗം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
https://www.facebook.com/Malayalivartha

























