യു.എ.ഇയിലും ഹയർ സെക്കൻഡറി പരീക്ഷാഫലം മിന്നിച്ചു; 599 വിദ്യാർത്ഥികളിൽ 577 പേർക്കും മികച്ച വിജയം

യു.എ.ഇയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 96.3 ശതമാനം വിജയം നേടിയതായി റിപ്പോർട്ടുകൾ. പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേരും വിജയിച്ചു. ഇതിൽ 32 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. അതേസമയം പരീക്ഷയ്ക്കായി അപേക്ഷിച്ച 601 വിദ്യാർഥികളിൽ രണ്ടുപേർ പരീക്ഷക്ക് ഹാജരായിരുന്നില്ല.
എട്ട് സ്കൂളുകളിലായാണ് യു.എ.ഇയിൽ പരീക്ഷ നടന്നത്. ഇതിൽ മൂന്ന് സ്കൂളുകളിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. മോഡൽ സ്കൂൾ അബുദാബി, ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ എന്നിവർക്കാണ് വിജയകിരീടം.
മോഡൽ സ്കൂൾ അബുദാബിയിൽ 130 പേരും ഇന്ത്യൻ സ്കൂൾ ഫുജൈറയിൽ 40 പേരും നിംസ് ഷാർജയിൽ 63 പേരുമാണ് വിജയിച്ചത്. നിംസ് ഷാർജയിൽ പരീക്ഷക്ക് അപേക്ഷിച്ച 64 പേരിൽ ഒരാൾ ഒരു പരീക്ഷക്കും ഹാജരായിരുന്നില്ല.
ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ റാസൽഖൈമയിൽ പരീക്ഷയെഴുതിയ 83 പേരിൽ 80 പേർ വിജയിച്ചു. ഒരാൾ പരീക്ഷക്ക് ഹാജരായിരുന്നില്ല. അതേസമയം, സ്കൂളിൽ റെഗുലറായി പഠിച്ച് പരീക്ഷക്കിരുന്ന 80 വിദ്യാർഥികളിൽ 78 പേർ ജയിച്ചെന്ന് പ്രിൻസിപ്പൽ ബീന റാണി അറിയിച്ചു. ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈനിൽ 60 പേരിൽ 55 പേർ തുടർ പഠനത്തിന് യോഗ്യത നേടി. ഗൾഫ് മോഡൽ സ്കൂൾ ദുബൈയിൽ 99 വിദ്യാർഥികളിൽ 87 പേർ വിജയിച്ചു.
യു.എ.ഇയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 32 പേരിൽ 18 പേരും മോഡൽ സ്കൂൾ അബുദാബി വിദ്യാർഥികളാണ്. നിംസ് ദുബൈയിൽ ആറ് പേർക്കും നിംസ് ഷാർജയിൽ അഞ്ച് പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ന്യൂ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ റാസൽഖൈമ, ഗൾഫ് മോഡൽ സ്കൂൾ ദുബൈ, ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഒന്ന് വീതവും സമ്പൂർണ എ പ്ലസുണ്ട്.
https://www.facebook.com/Malayalivartha

























