ഒമാനിന്റെ വിവിധയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്; ജനങ്ങൾക്കും വാഹന യാത്രികര്‍ക്കും ജാഗ്രതാനിർദ്ദേശം

ഒമാനിന്റെ വിവിധയിടങ്ങളില്‍ ഞായറാഴ്ച്ച ശക്തമായ പൊടിക്കാറ്റ് അടിച്ചതായി റിപ്പോർട്ടുകൾ. മസ്കത്ത്, ബുറൈമി തെക്ക്, വടക്ക് ബാത്തിന ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അടിച്ചത്. മണിക്കൂറില്‍ 20-25 നോട്ട് വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ചൂടുവായുവിന്റെ അകമ്പടിയോടെയായിരുന്നു കാറ്റ് വീശിയത്. പൊതുവെ ഉയര്‍ന്ന താപനിലയാണ് മസ്കത്ത് അടക്കം സ്ഥലങ്ങളില്‍ ഞായറാഴ്ച അനുഭവപ്പെട്ടത്. വിവിധ റോഡുകളില്‍ ദൂരക്കാഴ്ച പ്രയാസമായതിനാല്‍ വാഹനങ്ങള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്. പൊടിക്കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശക്തമായ പൊടിക്കാറ്റില്‍ ദൂരക്കാഴ്ച പ്രയാസമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി രാവിലെ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ തെക്കന്‍ കാറ്റിന്റെ ഫലമായി മസ്കത്ത്, ബുറൈമി, വടക്കന്‍ ശര്‍ഖിയ, ബാത്തിന ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്.
പൊടിക്കാറ്റുണ്ടാകുന്ന സമയത്ത് പരമാവധി കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പുറത്തേക്കിറങ്ങുന്നവര്‍ പൊടിക്കാറ്റിലെ മണലില്‍നിന്നുള്ള സംരക്ഷണാര്‍ഥം വായും മൂക്കും നനഞ്ഞ തുണി കൊണ്ട് മറക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























