ലോകം നടുങ്ങിയ സുനാമി സംഗീത വിഡിയോയിലെ ദുരന്തനായകന്‍ കേഴുന്നു, 'നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും..?'

ഇന്തൊനീഷ്യയില്‍ രണ്ടുദിവസം മുന്‍പ് ആഞ്ഞടിച്ച സുനാമിത്തിരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഒരു സംഗീതവേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കിയിരുന്നു. ഇന്തൊനീഷ്യയിലെ പ്രശസ്ത പോപ് സംഘമായ സെവന്റീന്‍, ജാവ ദ്വീപിലെ ടാന്‍ജങ് ലെസങ് ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് സുനാമിത്തിര ഇരച്ചെത്തിയത്.
ബാന്‍ഡിലെ ഗായകനായ റിഫിയാന്‍ ഫജര്‍സിയാഗ് മാത്രമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ടീമംഗങ്ങളെയും പരിപാടി കാണാനെത്തിയ ഭാര്യയെയും അദ്ദേഹത്തിന് ദുരന്തത്തില്‍ നഷ്ടമായി. റിഫിയാന്റെ പാട്ടുകേള്‍ക്കാനും അദ്ദേഹത്തെ പ്രോല്‍സാഹിപ്പിക്കാനും എത്തിയതായിരുന്നു ഭാര്യ ഡെയ്‌ലന്‍ സഹാറ. പരിപാടി നടക്കുമ്പോള്‍ സ്‌റ്റേജിനു പുറകില്‍ ഉണ്ടായിരുന്ന സഹാറയും, സ്റ്റേജ് തകര്‍ത്തെറിഞ്ഞ് മുന്നോട്ടെത്തിയ സുനാമിയില്‍ ഒലിച്ചുപോയി. ദുരന്തമുഖത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ കൂട്ടത്തില്‍ തന്റെ പ്രിയ ഭാര്യയുടെ മൃതദേഹവും ഫജര്‍സിയാഗ് തിരിച്ചറിഞ്ഞു.
'നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും..' നിറഞ്ഞ കണ്ണുകളോടെ ഫജര്‍സിയാഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു ഇന്തൊനീഷ്യയെ നടുക്കിയ ദുരന്തം. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമായത്.
ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്.
https://www.facebook.com/Malayalivartha



























