മൂന്ന് വർഷത്തെ കാലാവധി ബാക്കി നിൽക്കെ ലോക ബാങ്ക് പ്രസിഡന്റ് രാജിവച്ചു; ജിം യോങ് കിംന്റെ അപ്രതീക്ഷിത രാജിയുടെ പിന്നിൽ ട്രംപുമായുളള അഭിപ്രായഭിന്നത ?

ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞു. മൂന്ന് വർഷത്തെ കാലാവധി ബാക്കിയിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ രാജി. അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു ജിം യോങ് കിമ്മിന്റെ രാജി എന്നാണ് വിവരം.
ലോക ബാങ്കിന്‍റെ പ്രസിഡന്‍റായി സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു രാജിക്ക് ശേഷമുള്ള ജിം യോങ് കിംന്‍റെ പ്രസ്താവന. അതേ സമയം അപ്രതീക്ഷിത രാജിയെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ലോക ബാങ്കോ ജിം യോങ്ങോ പുറത്ത് വിട്ടിട്ടില്ല.
അതേസമയം മുൻപ് കാലാവസ്ഥ വ്യതിയാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള അഭിപ്രായഭിന്നത വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി ഒന്നോടെ താന്‍ രാജി വയ്ക്കുമെന്ന് കാണിച്ച് ലോകബാങ്ക് ജീവനക്കാര്‍ക്ക് ജിം യോങ് കിം ഇമെയില്‍ സന്ദേശം നല്‍കിയിരുന്നു.
വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരഭവുമായി സഹകരിക്കുന്നതിന് ജിം യോങ് സ്ഥാനമൊഴിയുന്നു എന്നാണ് ലോക ബാങ്കിന്‍റെ ഔദ്യോഗിക വിശദീകരണം. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ക്രിസ്റ്റീന ജോർജിയോവയ്ക്കാകും പകരം ചുമതല. ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് ജിം യോങ് കിമ്മിന്റെ പ്രസിഡന്റ് പദവിയുടെ കാലാവധി രണ്ടുതവണ നീട്ടി നല്‍കിയിരുന്നു.
ഒബാമയുടെ നേതൃത്വത്തില്‍ ഹരിത ഊര്‍ജ്ജം പദ്ധതികള്‍ക്ക് കൂടൂതല്‍ ഊന്നല്‍ നല്‍കി ലോകബാങ്കിനെ മുന്നോട്ടുനയിക്കുകയായിരുന്നു ജിം യോങ് കിം. ട്രംപ് അധികാരമേറ്റത്തോടെ, വ്യവസായ മുന്നേറ്റം ലക്ഷ്യമിട്ട് കല്‍ക്കരി ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ കല്‍ക്കരിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള ട്രംപിന്റെ നടപടിയില്‍ ജിം യോങ് കിം അതൃപ്തനായിരുന്നു. കഴിഞ്ഞ മാസം കാലാവസ്ഥ വൃതിയാനം തടയുന്നതിന് 20000 കോടി ഡോളര്‍ ചെലവിടുമെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിലവിലുളള നിക്ഷേപം ഇരട്ടിയാക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് കാലാവസ്ഥ വ്യതിയാനത്തില്‍ ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജിം യോങ് കിമ്മിന്റെ രാജിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























