വിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു, പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന പതിവ് രീതി വിട്ട് പൈലറ്റും കൂട്ടാളിയും സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി

പോര്‍വിമാനത്തിന്റെ മേല്‍ക്കൂര (കനോപി)മുപ്പതിനായിരം അടി ഉയരത്തില്‍ വെച്ച് തകര്‍ന്നാല്‍ എന്തു സംഭവിക്കും? പൈലറ്റും കൂടെയുള്ളവരും എങ്ങനെ രക്ഷപ്പെടും? അത്തരമൊരു ദുരന്തത്തെ ഇസ്രയേല്‍ വ്യോമസേന പൈലറ്റ് നേരിടേണ്ടിവന്നു. അമേരിക്കന്‍ നിര്‍മിത എഫ്-15 യുദ്ധവിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നത് 30,000 അടി മുകളില്‍ പറക്കുമ്പോഴായിരുന്നു. എന്നാല്‍ പൈലറ്റും കൂട്ടാളിയും തന്ത്രപരമായി തന്നെ വിമാനം ലാന്‍ഡ് ചെയ്തു രക്ഷപ്പെട്ടു.
അത്യാധുനിക സംവിധാനങ്ങളുള്ള എഫ്-15 വിമാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നത് പരിശീലന പറക്കലിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ്. ദുരന്തം സംഭവിച്ച ഉടനെ വിമാനം നിയന്ത്രണത്തില്‍ കൊണ്ടുവന്ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് സാധിച്ചു. വിമാനത്തിന്റെ പൈലറ്റ്, നാവിഗേറ്റര്‍ എന്നിവരെ ഇസ്രയേല്‍ പ്രതിരോധ സേന അധികൃതര്‍ പ്രശംസിക്കുകയും ചെയ്തു. അപൂര്‍വ സംഭവമാണിതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദവ്യത്യാസം, 30000 അടി ഉയരത്തിലെ മൈനസ് 45 ഡിഗ്രിയിലുള്ള തണുപ്പ് എന്നിവയെ അതിജീവിച്ചാണ് അവര്‍ സുരക്ഷിത ലാന്‍ഡിംഗ് നടത്തിയത്.
മേല്‍ക്കൂര തകര്‍ന്നതോടെ സംഭവം അടുത്തുള്ള കണ്‍ട്രോള്‍ ടവറില്‍ അറിയിച്ചു. വിമാനത്തിന് അപകടം സംഭവിച്ച കാര്യം ഏറെ ഭീതിയോടെയാണ് പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നത്. ഇതിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് പൈലറ്റും കണ്‍ട്രോള്‍ റൂമുമായുള്ള സംസാരത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. എന്നാല്‍ മേല്‍ക്കൂര തകരാനുള്ള കാരണമെന്തെന്ന് അറിവായിട്ടില്ല.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ അപൂര്‍വ്വമാണ്. 2004-ലാണ് സമാനമായ സംഭവമുണ്ടായത്. അന്ന് സ്‌കൈ ഹോക്ക് ജെറ്റിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇങ്ങനെ വരുമ്പോള്‍ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഇസ്രയേല്‍ വ്യോമസേന വക്താവ് പറഞ്ഞു.
ഇസ്രയേലിന്റെ എഫ്-15 പോര്‍വിമാനങ്ങള്‍ അറിയപ്പെടുന്നത് ബാസ്, ഫാല്‍ക്കണ്‍ എന്നീ പേരുകളിലാണ്. 1970-ലാണ് ഈ പോര്‍വിമാനം ആദ്യമായി അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്നു വാങ്ങിയ വിമാനം ഇസ്രയേല്‍ പരിഷ്‌കരിച്ചാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്രയും ടെക്‌നോളജിയും ഫീച്ചറുകളുമുളള പോര്‍വിമാനത്തിന്റെ മേല്‍ക്കൂര തകരാണുള്ള കാരണം അറിയില്ലെന്നാണ് ഇസ്രയേല്‍ വ്യോമസേന വക്താവ് പറഞ്ഞത്.
പോര്‍വിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തിയത് രണ്ടു പേരാണ്. ഇസ്രയേലി നഗരത്തിലെ ടെല്‍ നോഫ് വ്യോമതാവളത്തില്‍ നിന്നാണ് എഫ് 15 ടേക്ക് ഓഫ് ചെയ്തത്. ഒരു പൈലറ്റും കൂടെയുള്ളത് നാവിഗേറ്ററുമായിരുന്നു. മേല്‍ക്കൂര തകര്‍ന്നതോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള വഴിയാണ് ഇരുവരും തേടിയത്.
30,000 അടി മുകളില്‍ പറക്കുമ്പോള്‍ പോര്‍വിമാനങ്ങളിലെ പൈലറ്റുമാര്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പൈലറ്റിന്റെയോ നാവിഗേറ്ററിന്റെയോ പേരു വിവരങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha



























