മെക്സിക്കോ അതിർത്തി മതിലിന് പണം വേണമെന്ന് വീണ്ടും ട്രംപ്

മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന് യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. മെക്സിക്കോയിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരി കള്ളക്കടത്തും കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളുമെല്ലാം യുഎസിന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ട്രംപ് പണം ആവശ്യപ്പെട്ടത്.
ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ മതിലിനുള്ള പണം ഉൾപ്പെടുത്തി ബിൽ പാസാക്കാൻ വിസമ്മതിക്കുന്നതു മൂലം യുഎസിലെ ട്രഷറി സ്തംഭിച്ചിരിക്കയാണ്. ഇത് ട്രംപിനെതിരെ ജനരോഷം ഉയർത്തുന്നു. എന്നാൽ, കോൺഗ്രസുമായി ചേർന്ന് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുമെന്നാണ് ഇന്നലെ ടിവി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്.അതിർത്തിയിലെ മാനുഷിക, സുരക്ഷാ പ്രതിസന്ധി മറികടക്കാൻ മതിൽ നിർമിക്കാനായി 570 കോടി ഡോളർ വേണമെന്നാണു ട്രംപിന്റെ ആവശ്യം. കോൺക്രീറ്റ് മതിലിനു പകരം ഉരുക്കുവേലിയായാലും മതി.
കോൺഗ്രസിന്റെ അനുമതിയില്ലാതെ തന്നെ മതിലിനു പണം ലഭ്യമാക്കാൻ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് സൂചിപ്പിച്ചിരുന്നു.
കലിഫോർണിയയിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അനധികൃത കുടിയേറ്റക്കാരന്റെ കുത്തേറ്റു മരിച്ച ഫിജിക്കാരനായ ഇന്ത്യൻ വംശജൻ റൊനിൽ റോൺ സിങ്ങിനെ രാജ്യത്തിന്റെ നായകനെന്ന് ട്രംപ് വിശേഷപ്പിച്ചു. സിങ്ങിന്റെ കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിക്കുകയും ചെയ്തു.
ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന 33കാരനായ സിംഗിനെ വെടിവച്ചുകൊന്ന കേസിൽ മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ഗുസ്റ്റാവോ പെരെസിനെ കലിഫോർണിയ പോലീസ് അറസ്റ്റു ചെയ്തു.
സിംഗിനെ അനധികൃത കുടിയേറ്റക്കാരൻ നിഷ്കരുണം വകവരുത്തിയ ദിവസം അമേരിക്കയുടെ ഹൃദയം തകർന്നെന്നു ട്രംപ് പറഞ്ഞു. മതിൽ നിർമാണത്തിനു വേണ്ടിവരുന്ന തുക പെട്ടെന്നു വീണ്ടെടുക്കാമെന്നും ട്രംപ് പറഞ്ഞു. ഓരോ വർഷവും യുഎസിലെത്തുന്ന മയക്കുമരുന്നിന്റെ വില കോടിക്കണക്കിനു ഡോളറാണ്. ഇന്ന് മെക്സിക്കൻ അതിർത്തി സന്ദർശിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കി.
അതേസമയം, പ്രസിഡന്റ് ഭീതി വളർത്തുകയും അതിർത്തിയിലെ കാര്യങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുകയുമാണെന്ന് ഡെമോക്രാറ്റ് നേതാക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha



























