വിമാനം ഏഴു മണിക്കൂര്‍ വൈകിയിട്ടും ഒരു യാത്രക്കാരി മാത്രം തിരികെ പോകാതെ കാത്തുനിന്നു, ആ യാത്രക്കാരിക്കായി വിമാനം പറന്നു! കാരണം എന്തെന്നോ..?

വിമാനം നാല് അഞ്ചും മണിക്കൂറുകള്‍ വൈകുക എന്നത് വിമാനയാത്രികര്‍ പലപ്പോഴും നേരിടുന്നൊരു പ്രശ്‌നമാണ്. വൈകുന്തോറും യാത്രികര്‍ തങ്ങളുടെ യാത്ര ചിലപ്പോള്‍ മറ്റ് വിമാനങ്ങളില്‍ നടത്താറുണ്ട്. യു.എസില്‍ സംഭവിച്ച ഒരു വിമാനം വൈകലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. യു.എസിലെ ഈ വിമാനം വൈകിയത് ഏഴ് മണിക്കൂറാണ്. കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് കരുതി യാത്രക്കാരെല്ലാവരും മറ്റു ഫ്ലൈറ്റുകളില്‍ ടിക്കറ്റ് മാറ്റം നടത്തി യാത്ര ചെയ്തു.
ഒരേയൊരു യാത്രക്കാരി മാത്രം വൈകിയ ആ വിമാനം കാത്തിരുന്നു. െൈവകിയെത്തിയ വിമാനം ആ യാത്രക്കാരിയേയും കൊണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്ക് പറക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തിലെ യാത്രക്കാരി വിമാനം പറത്തിയ പൈലറ്റിന്റെ അമ്മയാണെങ്കിലോ ?അതാണ് കൗതുകകരമായത്. ജൂലൈ രണ്ടിന് പിഎസ്എ എയര്‍ലൈന്‍സ് ക്യാപ്റ്റനായ റയാന്‍ മക്കോര്‍മിക്കാണ് ഈ അനുഭവം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
'കഴിഞ്ഞ ദിവസം ഏഴുമണിക്കൂര്‍ ഫ്ലൈറ്റ് വൈകിയതോടെ എല്ലാ യാത്രക്കാരും അതിനേക്കാള്‍ മുമ്പുള്ള ഫ്ലൈറ്റ് നോക്കി ടിക്കറ്റ് രണ്ടാമത് ബുക്ക് ചെയ്തു. ഒരാളൊഴികെ : എന്റെ അമ്മ. എനിക്ക് ലഭിച്ചത് അമ്പരിപ്പിക്കുന്ന ഒരു അവസരമാണ്. എന്റെ അമ്മയുടെ പ്രൈവറ്റ് പൈലറ്റാവുക.' - റയാന്‍ കുറിച്ചു. 'മകനാണ് ക്യാപ്റ്റനെന്നറിഞ്ഞപ്പോള്‍ വേറെ ഫ്ലൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തോന്നിയില്ല. കാത്തിരുന്നു.' - മേരി പറയുന്നു.
അമ്മ മേരിക്കൊപ്പം കോക്പിറ്റിലിരിക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം റയാന്‍ പങ്കുവെച്ചിട്ടുണ്ട്. റയാന്‍ ക്യാപ്റ്റനായ ഫ്ലൈറ്റ് ചില സാങ്കേതിക കാരണങ്ങളാലാണ് ഏഴുമണിക്കൂര്‍ വൈകിയത്. റയാന്റെ അമ്മയും പൈലറ്റായിരുന്നു.
https://www.facebook.com/Malayalivartha